Monday, December 26, 2011

എന്നുമെന്‍റെ സ്വപ്നങ്ങള്‍ക്ക് ഊര്‍ജ്ജമൂട്ടുന്ന പ്രിയസുഹൃത്തിന്

                          പാതിയുറക്കത്തില്‍ കണ്ട, ന്നും മനസിലാകാതെ പോയ പ്രിയമുള്ള സ്വപ്നം.. ത്ര ചിന്തിച്ചാലും പിടിതരാത്ത പ്രഹേളിക.. ത്ര എഴുതിയാലും പൂര്‍ണമാകാത്ത, തീര്‍ന്നു പോകാത്ത ആശയം... തൊക്കെയാണ്‌ എനിക്കീ സുഹൃത്ത്... ഈ പോസ്റ്റ്‌ അവനായി..

26/4/2011ദയ     : ന്‍റെ ഓരോ പ്രഭാതവും മിഴി തുറക്കുന്നത് നിന്‍റെ സന്ദേശം പ്രതീക്ഷിച്ചു കൊണ്ടാണ്. 
ന്‍റെ ഓരോ രാവുകളും കനക്കുന്നത് നിന്‍റെ ഓര്‍മ്മകളില്‍, നിന്‍റെ സ്വപ്നങ്ങളില്‍ ദൈവമെന്നെയും ചേര്‍ക്കേണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടാണ്..
29/4/2011 
ഗസല്‍ : ഞാനിന്നു നിന്നെ രണ്ടു വട്ടം വിളിച്ചിരുന്നു.

ദയ     : അറിയാത്ത നമ്പരില്‍ നിന്നുള്ള കാള്‍ ആയതു കൊണ്ടാടുക്കാഞ്ഞേ..
 ന്തിനായിരുന്നു വിളിച്ചത്? എവിടെയായിരുന്നു ഇത്രയും നാള്‍? 
 ന്നെ ഈ വിധം അവഗണിക്കാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു?  


ദയ     :പറയൂ.. ഇനിയും പറയാതെ പോകരുത്... തമ്മിലറിയാതെ പോകരുത്.

ഗസല്‍ :ഉം ... കേള്‍ക്കുന്നുണ്ട്.

ദയ     : എന്ത് കൊണ്ടിവളെ കണ്ടില്ലെന്നു നടിക്കുന്നു? നിനക്കറിവുള്ളതല്ലേ, നീ കൂടെയില്ലെങ്കില്‍ ഞാന്‍ തളര്‍ന്നു പോകുമെന്ന്? ന്‍റെ സൌഹൃദം ഇനിയൊരിക്കലും ആവശ്യമില്ലെന്നാണോ?

ഗസല്‍ : ഞാന്‍ എന്ന ഭാവവും
             ബോധവും  
             ബലഹീനതയും 
             ഉള്ളവര്‍ക്കാണ് സൌഹൃദങ്ങളുടെ ആവശ്യം.

ദയ     :എനിക്ക് മനസിലാകാത്ത കാര്യങ്ങള്‍ പറഞ്ഞു ന്‍റെ നാവടപ്പിക്കുന്നത് നിന്‍റെ ശീലമാണല്ലോ.. ല്ലായ്പ്പോഴും അവസാന തീരുമാനം നിന്‍റെതാണല്ലോ.. ഇപ്പോഴും അത് തന്നെ നടക്കട്ടെ. കടലോളം സ്നേഹത്തിനു പകരമായി നീ ഏറെ കരുതല്‍ തന്നൂ.. തീണ്ടാപാടകലെ നിര്‍ത്തി... ഇപ്പോഴിതാ നിക്ക് മനസിലാകാത്ത ചിലതെല്ലാം പറഞ്ഞു എങ്ങോ പോകുന്നു..


ഗസല്‍ : ഞാന്‍ വലിയവനായത് കൊണ്ടല്ല തീണ്ടാപാടകലെ നിര്‍ത്തിയത്.
             കലങ്ങള്‍ ഗുണമേ ചെയ്തിട്ടുള്ളൂ.
             രിക്കല്‍ നിനക്കതു മനസിലാകും.. 
             ഗൃഹസ്ഥാശ്രമം കഴിഞ്ഞു നി പടിയിറങ്ങട്ടെ..


ദയ     : നല്ലത് മാത്രം വരട്ടെ.. പരീക്ഷണ വഴികളില്‍ കാലിടറാതിരിക്കട്ടെ..
             നിന്‍റെ ധ്യാനത്തില്‍ ചിറകറ്റ മാലാഖയുടെ നിലവിളിയുയരുമ്പോള്‍ കരളു പിടയാതിരിക്കട്ടെ. നീ നിക്ക് കടം തന്ന കിനാക്കളൊക്കെയും എന്‍റെ ഹൃദയത്തില്‍ ബറടങ്ങട്ടെ..


ഗസല്‍ : മാടി വിളിക്കുന്നതൊക്കെരുപ്പച്ചകളാണ്.രീചികകള്‍..ആട്ടിയകറ്റുന്നവ പര്‍വതങ്ങളും സമുദ്രവും. 


ദയ     : മരീചികയാകാന്‍ ഞാനില്ല.. നിന്‍റെ വിജയം, ന്തോഷം...ത് മാത്രമേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ..


ഗസല്‍ : എന്‍റെ സന്തോഷം നിന്‍റെ നല്ല ജീവിതമാണ്.. നിന്‍റെക്ഷരങ്ങളില്‍ മഷിയുങ്ങിയ മണം മാറാത്ത പുസ്തകങ്ങള്‍ കാണുന്നതാണ്, ഞാനിരിക്കുന്ന വേദിയില്‍ വച്ച് നീ ന്ഗീകരിക്കപ്പെടുംപോഴാണ്‌ ന്‍റെ വിജയം.. നിനക്ക് കഴിയുമോ?

ദയ     :ഞാന്‍  എഴുതി തുടങ്ങിയത് നീ കടം തന്ന സ്വപ്നങ്ങളില്‍ നിന്നും ഷി മുക്കിയല്ലേ...

ഗസല്‍ :അക്ഷരങ്ങളില്‍ പ്രതിഫലിക്കുക
            ക്ഷരങ്ങളില്‍ നിന്നും രേതസ്സൂറ്റി 
            ക്ഷരങ്ങളെ പ്രസവിക്കുക..
            ക്ഷരങ്ങളുടെ അസുഖം മൂര്‍ച്ചിച്ചു 
            ക്ഷരങ്ങളില്‍ അവസാനിക്കുക..

ദയ     : രക്ഷകന്‍റെ വരവിനായി കാക്കുന്ന പിശാചു പിടിച്ച ഭൂ പ്രദേശം പോലെ ഞാന്‍.. , ഉള്ളില്‍ മുളപൊട്ടുന്ന ഇത്തിരി വെട്ടം നിന്‍റെ നല്ലവാക്കുകളില്‍ നിന്നും കൊളുത്തിയതാണ്.. നീ കൂടെയുണ്ട് എന്ന തോന്നലില്‍ നിന്നുമുണ്ടായതാണ്...


ഗസല്‍ : ഞാന്‍ നിനക്ക് രക്ഷകനല്ല.. നിന്‍റെ അക്ഷരങ്ങളുടെ പ്രവാചകന്‍..ഴി കാട്ടാനേ ആകൂ, ങ്ങനെ ആകാവൂ.


ദയ     :നിന്‍റെ കാലടികളെ പിന്പറ്റാനെങ്കിലും അനുവദിക്കൂ..


ഗസല്‍ : പ്രവാചകന് കാലുകളില്ല. നടന്നോളൂ..നേര്‍വഴിയല്ലെങ്കില്‍ര്‍മ്മിപ്പിക്കാം. ഇനി വീണ്ടും യാത്ര.       


ദയ     :നടക്കാം നിന്‍റെ അദ്രിശ്യമാം വിരല്‍ തുമ്പ് പിടിച്ചു..പക്ഷെ....ല്ലപ്പോഴും ഒരു വാക്ക്, കൂടെ ണ്ടെന്ന  ര്‍മ്മപെടുത്തല്‍ ... ന്‍റെ അവല്‍ പൊതിക്ക് പകരമായ്ത്രയെങ്കിലും...

ഗസല്‍ : ല്ലപ്പോഴും മാത്രം, നിനക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല എന്ന് തോന്നുമ്പോള്‍ മാത്രം രിക,
             മറുപടിയുണ്ടാകും... യാത്ര.  

Friday, December 23, 2011

നീയെന്ന വാക്കും ഞാനെന്ന മൗനവും

എന്റെ പ്രണയം പ്രളയം പോലെയായിരുന്നു ,
ദൈവം നിന്റെ ഹൃദയത്തിലെക്കെന്നെ പെയ്യിക്കും  വരെ..നിന്റെ ദാഹം തീര്‍ക്കാന്‍ ഞാന്‍ നിനക്കുള്ളിലെങ്ങോ
നഷ്ടമായിരിക്കുന്നു ,

ഞാന്‍ നിന്റെ ഊഷ്ണ ഹൃദയമായിരിക്കുന്നു...
നീ ഇന്നും നീയായി തുടരുന്നു , മരുഭൂവായി...

ഒരു കവിതയാണ് ഞാനെന്നു നുണ പറഞ്ഞിരുന്നു നിന്നോട്..
ഒരു പാട്ടിന്റെയീണം വെറുതെ മൂളി , അത് സാരമില്ലെന്നു
നീയും നുണ പറഞ്ഞു...

നിന്റെ കടലാഴങ്ങളില്‍ തുഴ കുഴഞ്ഞും
നിന്റെ ആകാശങ്ങളില്‍ ചിറകൊടിഞ്ഞും
ഞാനെന്നേയോരീണം കരുതി വച്ചു ,
ഈ കെട്ട കാലത്തിനു ശവപൂജ ചെയ്യാന്‍...


Thursday, December 22, 2011

ജ്ഞാന സ്നാനം

'പ്രിയനേ,
പ്രണയത്തിന്റെ അപ്പോസ്തലാ..'
പണ്ടെന്നോ പാതിയില്‍ മറന്ന വരികളാണിത്.
ഭ്രമണ പദം നഷ്ടമായ ധൂമകേതുവിന്റെ തേങ്ങലിത്.
ഏതോ പുരാതന ദേവാലയത്തിന്റെ സ്നാന ഘട്ടത്തില്‍-
പാപങ്ങളെല്ലാം കഴുകിക്കളഞ്ഞു,
നിന്‍റെ കയ്യൊപ്പിനായി കാക്കുന്ന പ്രണയത്തിന്റെ
അവകാശ പത്രമിത്.

നീ എന്‍റെ ഹൃദയത്തില്‍ വളര്‍ത്തിയ വെള്ളരി പ്രാവുകളെ
ഞാന്‍ മുപ്പതു വെള്ളി കാശിനു വിറ്റു,
പാതിരാക്കോഴി കൂവുമ്പോഴും, പ്രണയത്തിന്റെ പരസ്യപ്പലകയിലിരുന്നു-
ഞാന്‍ നിന്നെ തള്ളിപ്പറയുകയായിരുന്നു.

നിന്‍റെ ഉത്തമ ഗീതങ്ങള്‍ ഇന്നെന്റെ പ്രാര്‍ഥനാ ഗാനങ്ങള്‍.
നിന്‍റെ ലക്ഷ്മണ രേഖകള്‍ ഇന്നെന്റെ അരക്ഷിതത്വതിന്റെ
അറവുശാലകള്‍.
നിന്‍റെ ഇനിയും നിലയ്ക്കാത്ത പ്രണയം ഇന്നെന്റെ
പ്രാണന്റെ പാട്ടാണ്..

എന്‍റെ നുണകള്‍ നിന്‍റെ ഹൃദയത്തില്‍ തറഞ്ഞ-
കുന്ത മുനകളില്‍ നിന്നും പാനം ചെയ്തു..
നീ കാട്ടി തന്ന ഹൃദയത്തിന്റെ മറുപാതിയിലും-
ഞാനുമ്മ വച്ചു.
പ്രണയ പാപത്തിന്റെ മുള്‍ക്കിരീടമണിഞ്ഞു  കൊണ്ടു
നീ കുരിശില്‍ തറയ്ക്കപെടുമ്പോള്‍,
മൂന്നാം നാളിലെ ഉയിര്‍പ്പിനെക്കുറിച്ചും,
മഹാ പ്രളയത്തിനു മുന്‍പുള്ള നിന്‍റെ ഭരണത്തെ കുറിച്ചും-
മുന്നറിയിപ്പ് തന്ന വഴിത്താരയെ പാടെ മറന്നു കൊണ്ടു,
ഞാന്‍, വെള്ളത്തില്‍ വിതച്ചതിന്റെ
വിളവു നോക്കാന്‍ പോയിരുന്നു.

പ്രിയനേ,
പ്രണയത്തിന്റെ അപ്പോസ്തലാ..
എന്‍റെ പാപങ്ങളെ കുരിശു മരണം കൊണ്ടു
കഴുകികളഞ്ഞവനെ...
പ്രളയം വന്നൂ..
ഞാനിതാ കഴുത്തറ്റം മുങ്ങീ..
നിന്‍റെ രാജ്യം വരിക..
നീ എന്നെ ഭരിക്ക...

പ്രളയം കഴിയുമ്പോള്‍,
ദൈവ സന്നിധിയില്‍
പുണ്യ ഭൂമിയില്‍
രണ്ടു അസ്ഥികൂടങ്ങള്‍ ചെന്നടിയും..
അവന്‍ നമുക്ക് പുതു ജീവന്‍ തരും,
മാംസവും രക്തവും തരും..
പിന്നെ പുതിയൊരു ഭൂമിയും...

Tuesday, November 15, 2011

മൂന്നാം പക്കം

അവളുടെ പ്രാണന്‍ കടലെടുത്തിരുന്നു

ആത്മഹത്യക്കും അതിനു മുന്‍പൊരു-
അവിഹിതത്തിനും സാധ്യതയെന്ന്
കര പിറുപിറുത്തു.
ആരോ കൊന്നതെന്ന് കാറ്റ് ചൂളം വിളിച്ചു.
കടല്‍ പാമ്പുകള്‍ പങ്കിട്ട കാഴ്ചയും കേഴ്വിയും
തിരഞ്ഞു ഹതാശനായ വെള്ള കൊട്ട് പറഞ്ഞു,
ഈ ശവ ശിഷ്ടത്തിനു കണ്ണും കാതുമില്ല.
പച്ച മാസ്ക് അതേറ്റു ചൊല്ലി,
ഇതൊരു പെണ്ണിന്‍റെതു , അല്ല അമ്മയുടെത്.
പോസ്റ്റു മോര്‍ട്ടം മേശമേല്‍ കിടന്ന,
സ്രാവ് പാതിയും തിന്ന ഗര്‍ഭപാത്രത്തില്‍
അഴുകിയ കുഞ്ഞിക്കാലു മണത്തു കൊണ്ടു,
കത്തി ചിരിച്ചു, ഗര്‍ഭം ഉണ്ട്.

രക്തമുറഞ്ഞു നീലിച്ച,
വിഷവാക്കുകളുരഞ്ഞു മുറിപ്പെട്ട
ഹൃദയത്തിനതേ പ്രണയത്തിന്റെ ആകൃതി.
രക്തമുറഞ്ഞു നീലിച്ച,
വിഷവാക്കുകളുരഞ്ഞു മുറിപ്പെട്ട
ഹൃദയത്തിനതേ പ്രണയത്തിന്റെ ആകൃതി.
നെടുകെ പിളര്‍ന്നപ്പോള്‍ കറുത്ത ചെമ്പരത്തി.

കത്തികളും കൂടവും കത്രികയും
ഉള്ളിലെ മരണമൊഴി കൃത്യമായി രേഖപ്പെടുത്തി.

"ഞാനവനെ സ്നേഹിച്ചു, അവനെന്നെയും.
ആരോരുമറിയാതെ ഒരു തുള്ളി രേതസ്സില്‍
അവനെന്നെ ബന്ധിച്ചു.
എന്നില്‍ കടലിരമ്പും വരെ,
ബീജ സങ്കലനത്തിന്റെ രഹസ്യ മൊഴികള്‍ക്കു
കാതോര്‍ത്ത് ഞാനുറക്കം കളഞ്ഞു.

കടല്‍പ്പാലം വിജനമാകും വരെ
ചക്രവാളത്തിലെ വാക മരങ്ങളില്‍
പകല്‍ ചേക്കേറും വരെ
മകനെ, ഉദരത്തില്‍ നീ ഉറക്കം നടിക്കുക.
കടല്‍പ്പാലം വിജനമാകും വരെ
ചക്രവാളത്തിലെ വാക മരങ്ങളില്‍
പകല്‍ ചേക്കേറും വരെ
മകനെ, ഉദരത്തില്‍ നീ ഉറക്കം നടിക്കുക.
രണ്ടു ഹൃദയങ്ങളും നിലക്കവേ നീ
എന്നോട് പൊറുക്കുക.

നീതിപാലകരെ, ന്യായാധിപരെ
നിയമത്തിന്റെ കാവല്‍ മാലാഖമാരെ..
എന്‍റെ മരണത്തിനു പ്രണയത്തെ പഴിക്കുക.
അവയെ ഹൃദയങ്ങളില്‍ നിന്നും നാട് കടത്തുക.
അതിര്‍ത്തി കടക്കാതെ ശേഷിക്കുന്നവയെ
മരണം വരെ തൂക്കിലേറ്റുക...
ശേഷം എന്റെയും മകന്റെയും ശേഷക്രിയ ചെയ്യുക."

Wednesday, August 3, 2011

ശിഥില ചിന്തകള്‍

3
കുടയെടുക്കാന്‍ മറന്ന വേനല്‍ സന്ധ്യ ,
ഋതു തെറ്റി വന്ന മഴയോട് കലഹിച്ചു 
രാത്രിയിലേക്ക്‌ മടങ്ങുമ്പോള്‍
ഒരു കുടക്കീഴിലും ഒതുങ്ങാതെ നിന്റെ 
പ്രണയം എന്നോട് നനഞ്ഞു ഒട്ടുന്നു....

Saturday, July 30, 2011

ശിഥില ചിന്തകള്‍

2മാലാഖയാണ് നീ..
നിന്റെ വെള്ളി ചിറകുകള്‍ക്ക് ഒരു വസന്തത്തിന്റെ സുഗന്ധമാണ്..
നിന്റെ പ്രണയത്തിനു ഒരു മഴക്കാലത്തിന്റെ ആര്‍ദ്രതയാണ്‌...
നിന്റെ പാട്ടുകള്‍ക്ക് ഒരിളം തെന്നലിന്റെ താളമാണ്..
നിന്റെ മിഴികള്‍ക്ക് ഒരു സാഗരത്തിന്റെ ശാന്തതയാണ്..

ഒരു കൊടുങ്കാറ്റിന്റെ ധൃതിയോടെ  ഞാന്‍ വരികയാണ് നിന്നിലേക്ക്‌...

Sunday, July 17, 2011

ശിഥില ചിന്തകള്‍1
എന്റെ കണ്ണ് നിറയാതെ കാത്തു...
എന്റെ കാലിടറാതെ നോറ്റു നീ കൂടെ നടന്നു തുടങ്ങിയപ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നില്ല, എന്റെ ഉള്ളില്‍ പെയ്തിറങ്ങുന്ന പുതു മഴ
പ്രണയത്തിന്റെതാണെന്നു...
ഞാന്‍ പുതച്ചുറങ്ങുന്ന നിലാവ് നിന്റെ മാത്രം വാല്‍ത്സല്ല്യമാണെന്നു...
ഇഷ്ട്ടമാണെന്നു ഒരു വാക്ക് പോലും കൈമാറാതെ തന്നെ എത്ര സമ്രുദ്ധമായിരുന്നു
നമ്മുടെ പ്രണയ കാലം..
നമുക്കിടയില്‍ കളിവാക്കുടഞ്ഞു വീണത്‌ എപ്പോഴാണ്...?
അരികിലിരിക്കുമ്പോള്‍ നിന്റെ മിഴികള്‍ എന്നിലുറക്കാതെ അലഞ്ഞു
നടന്നത് എന്തിനായിരുന്നു...?
നിന്റെ പിന്‍വിളിയുടെ വേഗമാണ് ഈ തീവണ്ടിക്കു...
ഞാന്‍ വരികയാണ് നിന്റെ പ്രിയപ്പെട്ട നഗരത്തിലേക്ക്...
ഇത് നമ്മുടെ പ്രണയത്തിന്റെ പുനര്‍ജ്ജന്മം...

Tuesday, July 5, 2011

പ്രണയ ധ്യാനം
 ദൈവമേ, 
ധ്യാനത്തിന്‍റെ ചിറകുകള്‍ക്കുള്ളിലെ എന്‍റെ നിദ്രയ്ക്കു ഭംഗം വന്നിരിക്കുന്നു.
നിന്നിലേക്കൊഴുകിയിരുന്ന എന്‍റെ നദി ഗതി മാറി പോകുന്നു.
മണ്ണില്‍ പല വഴി പടര്‍ന്ന എന്‍റെ വല്ലരികള്‍ മുറിഞ്ഞു പോയിരിക്കുന്നു.
ഒരൊറ്റ വൃക്ഷത്തിലേക്കു ഞാന്‍ കാരണമറിയാതെ ചുറ്റി പടരുന്നു.
തിരയടങ്ങി ഞാനേതോ ഹൃദയത്തില്‍ കടലായി നിറയുന്നു.
കണ്ണീരു കൊണ്ട് ഞാനാരുടെയോ പാദങ്ങള്‍ കഴുകുന്നു.
എന്‍റെ നിശ്വാസങ്ങള്‍ ആരുടെയോ പ്രിയപ്പെട്ട ഗസലാകുന്നു.
ചുണ്ടിന്‍റെ കോണുകളില്‍ ആരോ ചുംബനം കൊണ്ട് ചിരി വരയ്ക്കുന്നു.
കല്ലും മുള്ളും വഴി മാറിയ പാതയിലേക്ക് മഞ്ഞു പെയ്തിറങ്ങുന്നു.
ആരോ എന്‍റെ പ്രഭാതങ്ങളെ പനിനീര് കുടഞ്ഞുണര്‍ത്തുന്നു.
എന്തിനു ഞാനെന്ന ചോദ്യത്തിന് മേല്‍ ഒരു ഹൃദയം മുറിപ്പെടുന്നു.
ഇരുട്ടിന്‍റെ കോട്ടകള്‍ തകര്‍ത്തൊരു സൂര്യന്‍ എന്‍റെ ഹൃദയത്തില്‍ ഉദിക്കുന്നു.
വെളിച്ചത്തിലാകെ ഭ്രമിച്ച എന്‍റെ മിഴികളെയാരോ ചുംബിച്ചടയ്ക്കുന്നു.
അനേകം ഹൃദയ തടവറകളുടെ ഒറ്റ വാതിലാരോ തകര്‍ത്തെന്‍റെ - 
ചിറകുകളെ സ്വതന്ത്രമാക്കുന്നു...

ദൈവമേ, കാത്തിരിക്കാന്‍ ക്ഷമയുള്ളവനെ...
എന്‍റെയവസാന സങ്കേതം ഞാന്‍ കണ്ടെത്തിയിരിക്കുന്നു..
നിന്റെയിഷ്ടം കൊണ്ട് എന്നെ നീയവനോട് ചേര്‍ത്തു വയ്ക്കുക..
ലോകാവസാനം വരേയ്ക്കും...

Sunday, June 19, 2011

ഇന്നലെ ഞാന്‍

രുധിരം മണക്കുന്ന ആതുര മുറിയിലേക്കൊരു
ബന്ധു സന്ദര്‍ശനം.
കലഹങ്ങളില്‍ മുറിഞ്ഞ സൌഹൃദങ്ങളിലെക്കൊരു
സ്നേഹ സന്ദേശം.
പരസ്യപ്പലകയിലേക്കും ദാഹശമനിയിലേക്കുമുള്ള
പ്രണയ വിളികള്‍.
വീട്ടിലേക്കുള്ള വഴി മറന്നു നഗരധമനികളിലൂടെ
അലസ ഗമനം.
പുഴ വറ്റിയ പ്രണയ വഴികളിലേക്കൊരു
കാടു കയറ്റം.

അക്ഷര ക്ഷാമത്താല്‍ കുനിഞ്ഞ ശിരസിലേക്കുയരുന്ന
ഗുരു വചനം.
പാപ വെയിലില്‍ കരുവാളിച്ച ഹൃദയത്തിനു ധ്യാനത്താലൊരു 
പച്ച മഞ്ഞള്‍ ലേപനം.
പുസ്തകങ്ങളോട് പിണങ്ങി കാറ്റ് വിഴുങ്ങുന്ന 
മെഴുകുതിരി വെട്ടം.
രാവുറങ്ങേണ്ട ദേവ സങ്കേതത്തില്‍ മഴയോട് കലരുന്ന
ഓര്‍മ്മ ഗന്ധം.

ഉറങ്ങാന്‍ മറന്നു പോയ മിഴികളിലേക്കു നിന്റെ വാത്സല്ല്യ 
സന്ദേശം, ഇനിയുറങ്ങൂ..
നീ എന്റെ ദിനാന്ത്യ കുറിപ്പ് പുസ്തകം
ആരുമൊരിക്കലും കണ്ടെടുക്കാതിരിക്കട്ടെ,
നിന്നെ എന്നില്‍ നിന്നും..

Friday, June 10, 2011

നഗരമേ, നാട്യമേ..

ഒറ്റ നോക്കിലറിയാം,
നഗരത്തിലാദ്യമാണിവര്‍.
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ കണ്ടു,
അവരിലൊരുവള്‍ കൌതുക കാഴ്ചകളില്‍ മിഴി നട്ട്,
കുത്തിയൊലിക്കുന്ന കറുത്ത മഴവെള്ളക്കെട്ടില്‍
പുടവ നനയാതെ കാത്ത് എന്‍റെ മുന്നില്‍ നടക്കുന്നു.

വൈകിട്ട് പെയ്ത മഴയുടെ ആലസ്യത്തില്‍ 
പകല്‍ കൂടണയാന്‍ തിടുക്കം കാട്ടീട്ടും,
എനിക്ക് പോകേണ്ട വണ്ടി വന്നിട്ടും,
അവര്‍ നാലാളും എന്തോ തിരഞ്ഞെന്ന പോലെ നടപ്പാണ്.
ഓരോ ബസിനും മുന്നില്‍ ചെന്ന്
കൂട്ടത്തില്‍ മുതിര്‍ന്ന പെണ്‍കുട്ടി, സ്ഥല നാമ 
സൂചികയില്‍ പോകേണ്ടയിടം തിരയുന്നുണ്ട്.

ഉള്‍ഗ്രാമങ്ങളിലൊന്നിലെ സര്‍ക്കാര്‍ 
പള്ളിക്കൂടത്തില്‍, പാഠപുസ്തകത്തില്‍ നിന്നും 
മറവിയിലാണ്ട അക്ഷരങ്ങളെ തിരയുന്ന 
ഒരു പെന്‍കിടാവിന്‍റെ പരിഭ്രമം 
അവളുടെ മുഖത്തു വായിക്കാം.

ഉത്കണ്ടയോടെ പിന്നില്‍ നടക്കുന്ന 
ചുരുണ്ട മുടിയുള്ള കൃശഗാത്രന്‍ അച്ഛനാകാം,
പിന്നിലെക്കൊതുങ്ങി നില്‍ക്കുന്ന എല്ലിച്ച 
രൂപം അമ്മയുടെത് തന്നെ,
അവരോടു ചേര്‍ന്ന് തുപ്പലൊലിപ്പിച്ചു
നില്‍ക്കുന്ന ചെക്കന്‍ അവളുടെയനുജനാകാം..

കൌമാരം വസന്തം വിരിയിച്ച അവളുടെ 
പെണ്‍ ദേഹത്ത് യാത്രികരുടെ കണ്ണിഴയുന്നത്
ഞാനസ്വസതതയോടെ നോക്കി നിന്നു.
ചുവന്ന കണ്ണുകളും കുടവയറുമുള്ള
കഴുകന്മാര്‍ അവര്‍ക്കരികിലേക്കു പോകുന്നുണ്ട്,
എങ്ങോട്ടാ പോകുന്നേയെന്ന ചോദ്യവുമായി.

എനിക്ക് പോകേണ്ട വണ്ടി ഇളകി തുടങ്ങിയിരിക്കുന്നു.
പിന്‍ തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യം 
പോരാതെ ഞാന്‍ വണ്ടിയില്‍ കയറിയിരുന്നു.
പെണ്ണുടല്‍ വ്യാപാരത്തിന് പേര് കേട്ട 
എന്‍റെ നഗരമേ, നാട്യമേ വിശപ്പടക്കാന്‍
വിറ്റു തിന്നരുതിവളെ..

Friday, June 3, 2011

ബാല്യകാല പ്രാര്‍ത്ഥന

കാറ്റും കോളും ഒന്നിച്ചു വന്നു 
കുട പിടിച്ചു വാങ്ങിയിട്ടെന്നെ
മഴയിലേക്ക്‌ തള്ളുമ്പോള്‍,

രാത്രി വന്നെന്‍റെ വിളക്കുകള്‍ 
ഊതി കെടുത്തുമ്പോള്‍,

മുറ്റത്തെ കണ്ണുപൊത്തിക്കളിയിലേക്ക്
അയലത്തെ വീട്ടിലെ പട്ടി 
കെട്ടഴിഞ്ഞു വരുമ്പോള്‍,

ഉമ്മച്ചി തന്ന ബ്ലേഡിന്‍റെ തുണ്ട് 
വിരലുകള്‍ക്കിടയില്‍ തിരുകി
നൊസ്സന്‍ പൊറിന്ചൂന്‍റെ
പലവ്യന്ജനക്കടയില്‍ പഞ്ചാര 
വാങ്ങാന്‍ പോകുമ്പോള്‍,

പഠിക്കാതെ മാറ്റി വച്ച 
ചില ഉത്തരങ്ങളുടെ ചോദ്യം 
ചൂരലും പിടിച്ചു 
മുന്നില്‍ നില്‍ക്കുമ്പോള്‍,

ചുവന്ന അടിവരകള്‍ 
ധാരാളമുള്ള മഞ്ഞക്കടലാസിലെ 
കറുത്ത അക്കങ്ങള്‍ക്ക് താഴെ 
രക്ഷകര്‍ത്താവിന്‍റെ ഒപ്പിടത്തില്‍ 
എന്‍റെ പേന വിറച്ചു ചലിക്കുമ്പോള്‍,

ഗുരുവേ, ഞാന്‍ പൊരുളറിയാതെ
ചിലതൊക്കെ ഉരുവിട്ടിരുന്നു,
ഓത്തു പള്ളിയിലെ കലമ്പല്‍ 
സ്മരണകളില്‍ നിന്നും 
ഞാന്‍ കേട്ടെടുത്ത വരികള്‍....

Friday, May 27, 2011

കലണ്ടര്‍
സെപ്റ്റംബര്‍ 14,
ജനനമെന്ന പറുദീസാ നഷ്ടത്തില്‍ 
കരഞ്ഞു കരഞ്ഞു അമ്മയുടെ 
നെഞ്ചോട്‌ ചേര്‍ന്ന് തളര്‍ന്നുറങ്ങിയ 
ദിവസം.

ജൂണ്‍ 1,
അക്ഷരപ്പലകയില്‍ ചൂണ്ടു വിരലറ്റം 
വാക്കിന്റെ മൂര്‍ച്ചയില്‍ നീറിയ ദിവസം.

ജൂണ്‍ 19, ജൂലായ്‌ 22,
ദൈവം എനിക്കായി സ്വര്‍ഗത്തില്‍ 
നിന്നും ചിറകില്ലാത്ത ഓരോ 
മാലാഖ കുഞ്ഞുങ്ങളെ ഒപ്പം 
കളിക്കാന്‍ തന്ന ദിനങ്ങള്‍.

ഡിസംബര്‍ 27,
ജന്മ ദിനമെന്നു പറഞ്ഞു 
കളിക്കൂട്ടുകാരന്‍ മധുരം നീട്ടിയതന്നു.

ജനുവരി 26,
വേദനിച്ചും വേദനിപ്പിച്ചും 
ആദ്യത്തെ ചുവന്ന നദി 
എന്നെ പരിഭ്രമിപ്പിച്ച ദിവസം.

ജനുവരി 28,
അച്ചടി മഷിയില്‍ മുങ്ങി നിവര്‍ന്ന 
എന്റെ അക്ഷരങ്ങളെ നാലാള് 
കണ്ട നാള്‍..

എല്ലാം എനിക്ക് മധുരം 
മാത്രം നല്‍കിയ ദിവസങ്ങള്‍.

വര്‍ഷങ്ങള്‍ക്കിപ്പുറം കാലം 
നടത്തിയ കള്ളക്കളികള്‍ കാണണ്ടേ?

സെപ്റ്റംബര്‍ 14,
മിന്നലേറ്റു കരിഞ്ഞ നാല് 
തെങ്ങുകള്‍ക് നടുവില്‍ 
വീട് നിന്ന് കത്തിയത് ,
പിറന്നാള്‍ പായസത്തില്‍ 
കയ്പ്പ് കലര്‍ന്നതന്നു..  

ജൂണ്‍ 1,
പരീക്ഷാ ഫലങ്ങള്‍ ചുവന്ന മഷി കൊണ്ട് 
ചിലന്തി വലകളില്‍ പരാജയം എന്നെഴുതി 
തന്നു തുടങ്ങിയത്..

ജൂണ്‍ 19,
ചിറകില്ലാതെ പറന്നവള്‍
താഴെ വീണു നാവറ്റു പോയത്..

ജൂലായ്‌ 22,
കരിഞ്ഞ കഴുക്കോലുകളില്‍
അവസാനത്തേതും വീതം 
വാങ്ങി അവള്‍ പടിയിറങ്ങിയത്...

ഡിസംബര്‍ 27,
പിറന്നാള്‍ സമ്മാനങ്ങളോന്നുമിനി
അയക്കേണ്ടതില്ലെന്നു പറഞ്ഞു അവന്‍ 
വിവാഹ ക്ഷണക്കത്ത് നീട്ടിയത്..

ജനുവരി 26,
ചുവന്ന നദി കുടിച്ചു വറ്റിച്ചു കൊണ്ട്
ഉള്ളിലൊരു ജീവന്‍ തുടിച്ചപ്പോള്‍ 
മുറ്റത്തെ മാവില്‍ തൂങ്ങാന്‍ 
താലിയൊഴിഞ്ഞ കഴുത്തുമായി 
ഇല്ലാത്ത മന്ത്രകോടി തിരഞ്ഞത്...

ജനുവരി 28,
എഴുത്ത് തുടരേണ്ടതില്ലെന്ന് 
സ്നേഹാക്ഷരങ്ങളിലെഴുതി 
പ്രിയ കഥാകൃത്ത്‌ എന്റെ 
കഥകളൊക്കെയും തിരികെയയച്ചത്..

നാവില്‍ കയ്പ്പ് മാത്രം 
നിറച്ച നരച്ച ദിവസങ്ങള്‍...

കാലം കള്ളക്കളി നടത്തട്ടെ..
കയ്പ്പും മധുരവും കൂട്ടി കുഴച്ചു 
വിശപ്പടക്കാന്‍ എനിക്കറിയാം...     

Friday, May 20, 2011

കാവല്‍ക്കാരി

കരിയില കാല്‍ച്ചുവട്ടില്‍ പെട്ടാലും 
ഒച്ച കേള്‍ക്കാത്ത പൂച്ച ടത്തം.
പകല്‍ മുഴുവന്‍ ഊന്നുവടി കുത്തി 
നടന്നിട്ട്, രാത്രിയില്‍ പടവുകള്‍ കയറി
ഓരോ മുറിയ്ക്ക് പുറത്തും കാതോര്‍ത്ത് 
നില്‍ക്കുന്ന കൌശലം.
എന്നിട്ടും കണ്ടത് പലതും, 
കേള്‍ക്കുന്നതിലേറെയും വിട്ടു കളയുന്നു.

ഇനിയും തിളക്കം നശിക്കാത്ത 
ഉറക്കം മറന്ന വെള്ളി ണ്ണുകള്‍.
അന്തേവാസികളില്‍, ചിരിക്കാത്തവരുമായി 
മാത്രം ങ്ങാത്തം.
എങ്കിലും നിറചിരിയും നക്ഷത്ര കണ്ണുകളുമുള്ള 
എന്‍റെ കൂട്ടുകാരെ കൌതുകത്തോടെ
നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ഭക്ഷണ മുറിയില്‍ നിന്നും എച്ചില്‍ 
പാത്രത്തിലേക്കൊഴുകുന്ന
അരുചിയുടെ ധൂര്‍ത്തിനെ 
തടയുന്ന രൊറ്റ മുരള്‍ച്ച.
അലക്ക് കല്ലിനടുത്തു വെള്ളം 
മിതവ്യയം ചെയ്യാന്‍ ശീലിപ്പിക്കുന്ന 
നാളേക്കുള്ള രുതല്‍.

എല്ലാരുമുറങ്ങിയെന്നുറപ്പു വരുത്തീട്ടും 
കിടക്കയില്‍ ഉറങ്ങാതെ തിരിഞ്ഞും 
മറിഞ്ഞും നേരം പുലര്‍ത്തുന്ന വേപഥു
മാതൃത്വത്തിന്‍റെയോ? പാറാവിന്‍റെയോ?

ഇവിടെ ഒരു വീട്,
ഒരുപാട് പേരുടെ രണ്ടാം വീട്.
( ചിലര്‍ക്കെങ്കിലും ടത്താവളം മാത്രം)

പിന്നെ രമ്മ,
ഒരുപാട് പേര്‍ക്കിവര്‍ രണ്ടാമതൊരമ്മ.
( ചിലര്‍ക്കെങ്കിലും സൌര്യം കെടുത്തുന്ന വെറും പാറാവുകാരി)

Saturday, May 14, 2011

എങ്കിലും എന്‍റെ സുഹൃത്തേ
നിന്‍റെ അവഗണനകള്‍ക്കെല്ലാം മീതെ 
നിന്നെ ഞാന്‍ സ്നേഹിച്ചത്,
കൈ വേദനിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ 
പിടി വിട്ടു ഞാന്‍ ഒപ്പം നടന്നത്,
സ്നേഹത്തെ കുറിച്ച് ഒരക്ഷരവും മിണ്ടരുതെന്ന് 
റഞ്ഞപ്പോള്‍,മറ്റൊന്നും 
റയാനാകാതെ പകച്ചത്‌,
ന്‍റെ ശബ്ദം നിനക്ക് അസഹനീയമെന്നു 
റഞ്ഞതില്‍ പിന്നെ ഞാന്‍ മിണ്ടാതിരുന്നത്,
ണ്ണീരു കാണുന്നത് വെറുപ്പാണെന്നു 
റഞ്ഞതില്‍ പിന്നെ കരയാതിരുന്നതു,
നീ പറയുന്ന കളിവാക്കുകളെല്ലാം, എന്നെ 
കുത്തി നോവിച്ചിട്ടും ഞാന്‍ ചിരിച്ചത്,
ന്‍റെ സ്വപ്നങ്ങളിലെ രാജകുമാരിക്ക് 
ഞ്ഞു പോലാര്‍ദ്രമാം മുഖമാണെന്ന് 
നീ പറഞ്ഞപ്പോള്‍, അവളെ തിരഞ്ഞു 
ചിലന്തി താവളങ്ങള്‍ കയറിയിറങ്ങിയത്‌,
നിനക്ക് വിയര്‍ത്തപ്പോള്‍ തണലാകാനും,
നീ മഴയില്‍ നനഞ്ഞപ്പോള്‍ കുടയാകാനും,
നിനക്ക് വേദനിച്ചപ്പോള്‍ ആ മുറിവാകാനും,
നീ ചിരിച്ചപ്പോള്‍ നിന്‍റെ ഗൂഡാഹ്ലാദമാകാനും-
കൊതിച്ചത് ഇതിനായിരുന്നോ..?
ങ്കിലും എന്‍റെ സുഹൃത്തേ ..
നീ പറഞ്ഞില്ലേ ഞാനൊരു യക്ഷിയാണെന്ന്..

Friday, May 6, 2011

സോണാഗച്ചി


അടുത്തയഞ്ചാണ്ട് 
തെരുവ് വാഴേണ്ടവന്‍
വാഗ്ദാനം ചെയ്ത 
ഒരു മുറിയും കിടക്കയും 
കിനാവ്‌ കണ്ടവള്‍,
ചൂണ്ടു വിരലില്‍ മഷി-
പുരട്ടാന്‍ പോയ 
അതേ ദിവസമാണ് 
അവളുടെ ആറു-
വയസുകാരിയായ മകളില്‍ 
അവളുടെ പതിവുകാരന്‍ 
രതിയുടെ പുതു തലങ്ങള്‍ തേടി 
മൃതി കൊണ്ടവളുടെ
ഒരിക്കലും പിറക്കാത്ത 
നിര്‍ നിദ്ര രാവുകളെയും ,
ഉദരത്തിലുയിര്‍ കൊണ്ട് 
ദിവസങ്ങള്‍ക്കകം തീണ്ടാരി 
തുണിയിലേക്കൊഴുകി ഒടുങ്ങേണ്ട
അവളുടെ എണ്ണമറ്റ കുഞ്ഞുങ്ങളെയും 
അനുഗ്രഹിച്ചത്..

തെരുവിലെത്തിയ പിന്നെ 
അന്നാദ്യമായവള്‍
കാമത്തിന്‍റെ കനം ചുമക്കാതെ
മാതൃത്വത്തിന്‍റെ നോവ്‌ പേറാതെ
പെണ്ണറവു ശാലയിലെ വരാന്തയില്‍ 
തന്‍റെ കട്ടിലില്‍ 
സ്വസ്ഥമായുറങ്ങി. 
  

Friday, April 29, 2011

നമ്പൂതിരിയട്ട

ആദ്യം കണ്ടത് അമ്മയാണ്,
അടുക്കള മുറ്റത്ത്‌.
ചെരുവിരലോളം നീളമുമുണ്ട്.
കാലെണ്ണാന്‍ പോയി കണ്ണ് കഴച്ചു.
കാഴ്ചയില്ലെങ്കിലും അതിനു 
കണ്ണുകളുണ്ട്.
എപ്പോഴുമനങ്ങുന്ന രണ്ടു 
കൊമ്പുകളുമുണ്ട്.
മുറ്റത്ത്‌ കിടന്ന ചെരുപ്പെടുത്ത്‌
അമ്മയതിനെ ഞെരിച്ചു കൊന്നു.

നിരുപദ്രവകാരിയായ,
ഒന്ന് തൊട്ടാല്‍ പേടിച്ചു ചുരുളുന്ന 
ഭൂമിയുടെ അവകാശിയെ 
നിര്‍ദ്ദയം കൊന്നതിനു 
അന്ന് മുഴുവന്‍ അമ്മയോട് 
കലഹിച്ചു.

പിന്നെ കണ്ടതു  പെങ്ങന്മാരുടെ,
പഠന മുറിയില്‍..
മഴ പെയ്തു കുതിര്‍ന്ന 
ഓടിന്‍റെ തണുപ്പ് പറ്റിയുറങ്ങി
വീണതാകാം.
ധന ശാസ്ത്ര പുസ്തകത്തില്‍ 
വീണു ചുരുണ്ട പാവത്താനെ 
അമ്മ മുറ്റത്തേക്കിട്ടു 
ചെരുപ്പിട്ട കാലു കൊണ്ട് 
ചവുട്ടിയരച്ചു.

അന്നും അമ്മയോട് പിണങ്ങിയിരുന്നു 
വിശക്കും വരെ.

അന്ന് മുതല്‍,
ചോറും കറിയും വയ്ക്കുന്നത് പോലെ
മുറ്റമടിക്കുന്നത്‌ പോലെ 
കണ്ണീര്‍ പരമ്പരയ്ക്ക് മുന്നിലിരുന്നു 
ഉറക്കം തൂങ്ങുന്നത് പോലെ 
മക്കളുടെ ഭാവിയോര്‍ത്ത് വേപഥു പൂണ്ട്‌
രാവുകളെ പകലാക്കുന്നത് പോലെ
അമ്മയുടെ ദിന ചര്യയായി 
അട്ടയെ കൊല്ലല്‍.

ഇറയത്തും ഇടനാഴിയിലും 
പഠന മുറിയിലും 
ലക്കും ലഗാനുമില്ലാതെ 
എത്രയോ കുരുടന്മാര്‍
എണ്ണമറ്റ കാലുകളുമായി 
വന്നു, അമ്മയുടെ 
ചെരുപ്പിനടിയില്‍ അമര്‍ന്നിരിക്കുന്നു.

ആര്‍ക്കും സ്വീകാര്യനല്ലാത്ത 
പാവത്താന്മാരുടെ 
കൂട്ടകൊല എന്നെ 
അസ്വസ്ഥയാക്കി കൊണ്ടിരുന്നു.
അട്ടകളെ കുറിച്ച് കവിതയെഴുതാനിരുന്ന 
രാത്രിയിലാണ് ആദ്യമായി 
എന്‍റെ മുറിയിലേക്കതു വന്നത്.

ഇളം പച്ച നിറമുള്ള എന്‍റെ 
ചുമരിലിരുന്നു കാഴ്ചയില്ലാത്ത 
കണ്ണ് തുറിച്ചെന്നെ പേടിപ്പിക്കുന്നു.
ഞാന്‍ അമ്മയെ വിളിച്ചു.
കൊതുകിനെ കൊല്ലുന്ന
യന്ത്രക്കോല് കൊണ്ടമ്മ
അതിനെയും കൊന്നു..
അന്നമ്മയോട്‌ പിണങ്ങിയില്ല

എന്‍റെ സ്വപ്നങ്ങളുടെ
ഇളം പച്ച ഭിത്തിയില്‍ ,
എന്‍റെ കിടക്കയില്‍,
പുസ്ത്തകങ്ങളില്‍
തലങ്ങും വിലങ്ങും ഇഴഞ്ഞു 
നടക്കുന്ന അട്ടകള്‍ 
എന്‍റെ ഉറക്കം കെടുത്തി.

ചേതനയറ്റു ചുരുണ്ട് കിടക്കുന്ന 
അട്ടകളില്‍, ഭക്ഷണം തേടുന്ന 
ഉറുമ്പുകളെ പോലെ 
എന്‍റെ ഹൃദയം 
കണ്ണ് തുറന്നു 
കൊമ്പുകള്‍ അനക്കി 
ആറു കാലുകളില്‍ പരതി
നടന്നു തുടങ്ങി. 

Friday, April 22, 2011

യൂസുഫേ, സ്വപ്നങ്ങളുടെ കൂട്ടുകാരാ...
യൂസുഫേ*,
സ്വപ്നങ്ങളുടെ കൂട്ടുകാരാ..
കഴിയുമെങ്കില്‍ സ്വര്‍ഗ്ഗ വാസത്തിനു അവധി 
കൊടുത്തു നീ ഭൂമിയിലേക്ക്‌ വരിക.
എന്‍റെ പക്കല്‍ നൂറു നൂറു സ്വപ്‌നങ്ങള്‍ ഉണ്ട്.
മറ്റാരോടും പങ്കു വയ്ക്കാനാഗ്രഹിക്കാത്തവ.

ബാല്യത്തില്‍ നിന്‍റെ സ്വപ്നത്തിന്‍റെ നേരറിഞ്ഞു
നിന്നെ കിണറ്റില്‍ തള്ളിയ സോദരന്മാരുടെ
സ്വാര്‍ത്ഥതയല്ല എനിക്ക് ചുറ്റും..
എന്‍റെ സ്വപ്നങ്ങളെ വട്ടുകളെന്നു
പരിഹസിക്കുന്ന സ്നേഹശൂന്യമായ 
ഊഷ്ണ ഹൃദയങ്ങളാണ്...

ദൈവത്തിനേറെ പ്രിയമുള്ളവനെ, യൂസുഫേ.. 
എന്നരികില്‍ വരിക..
ഞാനെന്‍റെ സ്വപ്നങ്ങളെ കുറിച്ച് പറയട്ടെ..?
നക്ഷത്രങ്ങളെയാണ്‌ സ്ഥിരമായ്‌ കാണാറ്..
പക്ഷെ നിന്നെ വണങ്ങിയിരുന്നത് പോലെയല്ല
എന്നോടവ കുസൃതി കാട്ടുകയാണ്..
വെള്ളി ചിറകുകളുള്ള വര്‍ണ നക്ഷത്രങ്ങളെ 
സ്വപ്നങ്ങളിലോ സ്വര്‍ഗത്തിലോ നീ കണ്ടിട്ടുണ്ടോ?
എന്നിക്ക് ചുറ്റുമവ നൃത്തം ചെയ്യുകയാണ്
യൂസുഫേ, പറയൂ എന്താണീ സ്വപ്നത്തിന്‍റെ പൊരുള്‍?

നക്ഷത്രങ്ങള്‍ മങ്ങി തെളിയുന്ന ദിവസങ്ങളില്‍ 
എന്‍റെ സ്വപ്നങ്ങളില്‍ വസന്തമാണ്.
കാലില്ലാത്ത ഉറുമ്പുകള്‍ പുഴുക്കളെ 
പോലെ വന്നെന്‍റെ വസന്തത്തെയാകെ
മൂടുന്നതിന്‍റെ അര്‍ത്ഥമെന്ത്?

സുതാര്യമായ ചിറകുകളുള്ള ശലഭങ്ങള്‍ 
ഉറുമ്പുകള്‍ക്ക് മേല്‍ തപസ്സു ചെയ്യുന്നതും 
എന്‍റെ പൂന്തോട്ടത്തിലെ വിളക്കുകാലില്‍ 
ചാരിയിരുന്നു ഒരു മാലാഖ ഉറങ്ങുന്നതും
കണ്ടു എന്‍റെ ഉറക്കം ഞെട്ടുന്നു..
യൂസുഫേ, വരിക എന്‍റെ സ്വപ്‌നങ്ങള്‍ 
എടുത്തു കൊള്‍ക..

അക്ഷരങ്ങള്‍ എനിക്ക് ചിറകാകുന്നതും
അക്കങ്ങള്‍ എനിക്ക് വേരാകുന്നതും
പറക്കാനകാതെ തളിര്‍ക്കാനാകാതെ
ഞാന്‍ പകച്ചു നില്‍ക്കുന്നതും മറ്റൊരു സ്വപ്നം..

എന്‍റെ പിതാവിന്‍റെ കണ്ണുനീര്‍ തുള്ളി
പ്രളയമായി എന്‍റെ ഹൃദയത്തെ മുക്കി കളയുന്നു..
ഇനിയുമെനിക്ക് മനസിലാകാത്ത എത്രയോ സ്വപ്‌നങ്ങള്‍..

യൂസുഫേ, ദൈവത്തോടനുവാദം വാങ്ങി 
ഒരിക്കല്‍ കൂടി വരിക ഭൂമിയില്‍..

പക്ഷമൊടിഞ്ഞ എന്‍റെ സ്വപ്നങ്ങളൊക്കെയും 
ഗുരു എന്നില്‍ നിന്നും കുടിയിറക്കും മുന്‍പ്‌ നീ വരിക..
പൊരുള്‍ പറയുക എന്‍റെ സ്വപ്നങ്ങളുടെ..


*യൂസുഫ്: സ്വപ്ന വ്യാഖ്യാനം നടത്താന്‍ കഴിവുണ്ടായിരുന്ന, ഈജിപ്തില്‍ ജീവിച്ചിരുന്നു എന്ന് ബൈബിളിലും ഖുരാനിലും പറയുന്ന, സുന്ദരനായ പ്രവാചകന്‍.

Saturday, April 16, 2011

സ്(മരണ)ക്കല്ല്


നഗരത്തിലേക്കുള്ള പാതയരിക് 
അതിരിടുന്ന ചെമ്മണ്ണു വിരിച്ച മുറ്റം,
എല്ലായ്പ്പോഴും തുറന്നു കിടക്കുന്ന 
ഉയരം കുറഞ്ഞ വാതിലും,
എപ്പോഴുമടഞ്ഞു കിടക്കുന്ന 
ജനാലകളുമുള്ള ചെറിയ വീട്.
അവിടെയാണയാളുടെ രാപ്പകലുകള്‍ 
വിടരുകയും തളിര്‍ക്കയും കൊഴിയുകയും 
ചെയ്യുന്നത്..

കല്ലറയിലേക്കിനിയും മാറ്റിയിട്ടില്ലാത്ത 
സ്മരണക്കല്ലുകളാണയാള്‍ക്ക് കൂട്ടുകാര്‍ 
അരണ്ട വെളിച്ചത്തിലിരുന്നു, താളത്തിലയാള്‍
മരിച്ചവരുടെ പേരുകള്‍ കൊത്തും 
ഉറങ്ങുമ്പോള്‍ ഒഴികെ അയാള്‍ സംസാരിച്ചു 
കൊണ്ടേയിരിക്കും, മരിച്ചവരോട്..
സ്മരണക്കല്ലുകളോട്.. 

വീടിനടുത്തുള്ള പള്ളിയില്‍ മരണ മണി 
മുഴങ്ങുമ്പോള്‍ അയാള്‍ ആഹ്ലാദിച്ചു.
എങ്കിലും, പേരും മറ്റു വിവരങ്ങളും 
കൈമാറാനെത്തുന്ന ബന്ധുക്കളെ 
നിറഞ്ഞ കണ്ണുകളോടെതിരേറ്റു.
കല്ലറയിലേക്ക് മാറ്റപ്പെടുന്ന 
സ്മരണക്കല്ലുകള്‍ അയാള്‍ക്ക്‌ നോവാണ്.
ഓരോ സുഹൃത്തിന്റെയും മരണമാണ്,
അയാള്‍ക്കത്.
എന്നാലും കല്ല്‌ കൊണ്ട് പോകാന്‍ വരുന്ന 
ഉറ്റവരെ അയാള്‍ പുഞ്ചിരിയോടെ യാത്രയാക്കും.
കാശ് വാങ്ങി യേശുവിന്‍റെ ക്രൂശിത രൂപത്തിന് 
മുന്നില്‍ വയ്ക്കും.

പേര് കൊത്താന്‍ ഏല്പിച്ചു നാളേറെയായിട്ടും
ആരുമാന്വേഷിച്ചെത്താത്ത ജോസെഫിന്‍റെ കല്ലായിരുന്നു
അയാളുടെ അടുത്ത ചങ്ങാതി.
ജോസെഫിനോടിണങ്ങിയും പിണങ്ങിയും 
പേര് കൊത്തി കടന്നു പോയ ദിനരാത്രങ്ങള്‍ 
ആയിരുന്നു അയാളേറെ ആസ്വദിച്ചവ.
'എന്‍റെയപ്പന്‍റെ കല്ല്‌ കൊത്തി കഴിഞ്ഞില്യോന്നു'
ചോദിച്ചയാള്‍ വരും വരേയും ആ സൌഹൃദം 
തുടര്‍ന്നു.
അന്നയാള്‍ കല്ല്‌ കൈമാറുമ്പോള്‍ പുഞ്ചിരിച്ചില്ല..
കാശ് വാങ്ങിയില്ല..
പേര് കൊത്താതെ, കൂട്ടുകാരോട് സംസാരിക്കാതെ
ആ രാത്രി മുഴുവന്‍ ഇരുള്‍ വീണ ഉള്‍മുറിയിലയാള്‍
ജോസെഫിനെയോര്‍ത്തു കിടന്നു..

അടുത്ത ആഴ്ച മുതല്‍ എല്ലാ  ഞായറാഴ്ചയും 
ജോസെഫിന്‍റെ കുഴിമാടത്തില്‍ വയലെറ്റു പൂക്കളും
മെഴുകുതിരിയും പ്രത്യക്ഷമായി തുടങ്ങി..
ചെമ്മണ്ണു വിരിച്ച മുറ്റമുള്ള ആ ചെറിയ 
വീട് ഓരോ മരണ മണിയ്ക്കൊപ്പവും
വിറയ്ക്കാന്‍ തുടങ്ങി..

Friday, April 8, 2011

സൂര്യനെ പ്രണയിക്കുന്ന പെണ്‍കുട്ടി
ഇരവിന്‍റെ ദൈര്ഘ്യമറിയാതവള്‍
വിരഹത്താല്‍ ഉരുകിയുരുകി കരഞ്ഞു..

വെളുപ്പിനെയെഴുന്നേറ്റു കണ്ണ് 
തുടച്ചു, കിഴക്കോട്ടു നടന്നു...

കാടും മേടും താണ്ടി കിതപ്പിനിടയിലും 
പുഞ്ചിരിച്ചു കൊണ്ടവള്‍ കുന്നു കയറി...

വെയില് കനത്തു ,തീച്ചുംബനമേറ്റവള്‍
തളര്‍ന്നു വിയര്‍ത്തു...

ഉച്ചയായപ്പോളവള്‍ മുകളിലേക്ക് 
നോക്കി നെടുവീര്‍പ്പിട്ടു..

ചിറകു തരാത്ത ദൈവത്തെ പഴിച്ചവള്‍
കുന്നിന്‍ മുകളില്‍ തളര്‍ന്നിരുന്നു..

വെയില് താണപ്പോള്‍, കിതപ്പറ്റപ്പോള്‍ 
കുന്നിറങ്ങി പടിഞ്ഞാറോട്ട് നടന്നു..

നടന്നുമോടിയും കാല്‍ കുഴഞ്ഞവള്‍
ചക്രവാളം മാത്രം ലകഷ്യമാക്കി..

ചെന്താമര പോല്‍ സൂര്യന്‍ കടലില്‍ താഴുന്നത് 
കണ്ടവള്‍, യാത്ര തുടങ്ങിയേടത്തു തന്നെ തരിച്ചിരുന്നു..

അവള്‍ കരച്ചിലടക്കി ചോദിച്ചു,താരകളേ വാനമേ
കാണുന്നുണ്ടോയെന്റെ അര്‍ക്കനെയെങ്ങാന്‍?

ആകാശത്തിന്‍റെ നിശബ്ദത അവളെ ഭയപ്പെടുത്തി..
പിന്നെ പുലരുവോളം കരച്ചിലായ്..   

Friday, April 1, 2011

പുസ്തകം

മുത്തശ്ശി എല്ലാ ആഴ്ചയും 
മുടങ്ങാതെ കൊടുത്തിരുന്ന അഞ്ചു രൂപാ 
നാണയങ്ങള്‍ എല്ലാം ചേര്‍ത്ത് വച്ച് 
എണ്ണി തിട്ടപ്പെടുത്തി, എണ്‍പത് രൂപയുണ്ട്
നാല് മാസത്തെ കൂട്ടി വയ്പ്പ്.

അമ്മ ദിവസവും വഴി ചിലവിനു 
നല്‍കിയിരുന്നതില്‍ നിന്നും മാറ്റി വച്ച 
ഒറ്റ രൂപാ തുട്ടുകള്‍ അടക്കം ചെയ്ത 
മണ്കുടുക്ക പൊട്ടിച്ചു നോക്കി; നൂറു തികച്ചുണ്ട് 
ഇത് നാല് മാസത്തെ കരുതല്‍.

നാളിതു വരെ നടന്ന വഴികളില്‍ 
നിന്നും പെറുക്കിയെടുത്തു സൂക്ഷിച്ച 
മഞ്ചാടിക്കുരുവെല്ലാം പെങ്ങള്‍ക്ക് കൊടുത്തിട്ട് 
സ്വന്തമാക്കിയ പണപ്പെട്ടിയില്‍ മുപ്പതു രൂപ 
അവളുടെ സ്വകാര്യാഹ്ലാദത്തിന്റെ വില.
ചെരുപ്പ് വാങ്ങാന്‍ അച്ഛന്‍ കൊടുത്ത 
നൂറ്റിയന്പതു കയ്യിലുണ്ട്.
ബാക്കിയറുപതുണ്ടാകും 
ഇതില്‍ നിന്നും തൊണ്ണൂറെടുത്താലും 
പൊട്ടിയ ചെരുപ്പ് തുന്നിക്കാനത്‌ ധാരാളം.
അങ്ങനെ മുന്നൂറു തികഞ്ഞു 
ഇനി പുസ്തക ശാലയിലേക്ക് 

അവളുടെ പ്രാര്‍ഥന;
ദൈവമേ എന്‍റെ പ്രിയ കഥാകാരന്‍റെ
ആദ്യ നോവല്‍ തീര്‍ന്നു പോയിട്ടുണ്ടാകരുതേ.. 

Friday, March 25, 2011

ഏഴു പേരവര്‍ സ്വയം നഷ്ടപെട്ടവര്‍

അയാള്‍ക്കെപ്പോഴും ദേഷ്യമാണ് .
ഒഫീസിലെന്നും വൈകിയെത്തുന്ന അറ്റെന്ററോട്,
ഉച്ച ഭക്ഷണമെത്തിക്കാന്‍ മറക്കുന്ന ഡ്രൈവറോട്, 
രാത്രിയിലുച്ചത്തില്‍ കരയുന്ന തന്‍റെ കുഞ്ഞിനോട്,
ഉണര്‍ന്നിരുന്നുറക്കെ ചുമയ്ക്കുന്ന അച്ഛനോട്,
ഉറക്കത്തിലേതോ കിനാവിനോട് ചിരിക്കുന്ന ഭാര്യയോട്‌.

മറ്റൊരാള്‍ക്ക്‌ ഒക്കെയും രഹസ്യമാണ്.
തന്നെയെപ്പോഴും ഉറ്റു നോക്കാന്‍ രണ്ടു 
സൂക്ഷ്മ ദര്ശിനി കണ്ണുകളുന്ടെന്നും,
മിണ്ടുന്നതും ചെയ്യുന്നതുമൊക്കെ 
ചുമരുകളും മരങ്ങളും മേഘങ്ങളും 
വിളിച്ചു പറഞ്ഞു നടക്കുമെന്നും 
നിനച്ചയാല്‍ ഒരു കള്ളനെ പോലെ ജീവിക്കുന്നു.

വെരോരുവന്റെ അലസതയ്ക്കു 
തണുപ്പാണ്, മരണത്തിന്‍റെ തണുപ്പ്..
അവനിരവ് പകലുകളരിയില്ല,
കാല ദേശ ബോധമില്ല ,
വിശപ്പും ദാഹവും മുഷിപ്പുമറിയില്ല. 
ഒരു കുന്നോളം പോന്ന സ്വപ്‌നങ്ങള്‍ 
പുതച്ചു, അബോധത്തിന്റെ സുഖമുള്ള 
ആലസ്യത്തില്‍ അവനെപ്പോഴുമെന്തോ 
ചിന്തിച്ചു കൊണ്ടിരിക്കും.    

വേറൊരാള്‍ക്ക് എല്ലാവരോടും അസൂയയാണ്.
ഉദ്യോഗ കയറ്റം കിട്ടിയ സഹപ്രവര്ത്തകനോട് ,
പുതിയ കാറ് വാങ്ങിയ അയല്‍കാരനോട്,
വലിയ വീട് വച്ച സ്വന്തം സഹോദരനോട്,
രാത്രിയില്‍ സുഖമായുറങ്ങുന്ന വീടിനോട് പോലും.

മറ്റൊരാള്‍ക്ക് സ്വന്തം ത്രിഷ്ണകളോട് പ്രണയം.
സഹയാത്രിക മുലയൂട്ടുമ്പോഴും, കൂട്ടുകാരിയുടെ-
പുടവയുലയുംപോഴും നോട്ടമിടറുന്നവന്‍..
അനുദിനം വളരുന്ന പെങ്ങളുടെ മാറില്‍ നോക്കിയും,
അടുക്കളയില്‍ നട്ടം തിരിയുന്ന അമ്മയുടെ അരക്കെട്ട് കണ്ടും
നെടുവീര്‍പ്പിട്ടുറങ്ങുന്നിവന്‍,
ശാരിയെ പിന്നിലിരുത്തി സൂര്യനെല്ലിയിലേക്ക് 
ബൈക്കോടിക്കുന്നത് സ്വപ്നം കാണുന്നു.

വേറൊരാള്‍ക്ക് ഞാനെന്ന ഭാവമാണ്.
കണ്ണില്‍ പെടുന്നതിനോടും കാതില്‍ വീഴുന്ന-
തിനോടുമൊക്കെ പുച്ഛമാണ്.

ഇനിയോരാളുടെ മോഹങ്ങള്‍ വാനോളമാണ്.
തന്നിലെത്തുന്ന സൌഭാഗ്യങ്ങളിലോന്നും
സന്തുഷ്ടനാകാതെ,
താണ്ടുന്ന ഉയരങ്ങളിലൊന്നും സംത്രിപ്തനാകാതെ
അയാള്‍ കാത്തിരിക്കുന്നു അയാള്‍ക്കിനിയും
ലഭിക്കാത്ത അന്ഗീകാരങ്ങല്‍ക്കായ്..
  
ഉറക്കം നഷ്ടപ്പെട്ടിവരേഴു പേരും,
ജീവിതത്തില്‍ നിന്നും ഇറങ്ങി നടക്കുകയാണ്,
എങ്ങോട്ടെക്കോ ..

Friday, March 18, 2011

ചൈല്‍ഡ ലൈന്‍


പീടികത്തിണ്ണയില്‍,
കയ്യിലൊരു തുണിക്കെട്ടുമായി 
കറുത്ത് മെലിഞ്ഞൊരു പയ്യന്‍.

അങ്ങിങ്ങ് കീറിയ കുപ്പായത്തിന്‍
കുടുക്കുകളെല്ലാം പൊട്ടിയിട്ടുണ്ട്.
നനവുള്ള വലിയ കണ്ണുകളില്‍ 
കാഴ്ച മറിഞ്ഞു കൃഷ്ണമണി ചലിക്കുന്നുണ്ട്. 
പാതി തുറന്ന വായില്‍ നിന്നിറ്റുന്ന
ഉമിനീര് വീണു കുപ്പായ ചുമലു നനഞ്ഞിട്ടുണ്ട്.
അവന്നരികിലേക്കാരോ  എറിഞ്ഞു കൊടുത്ത 
അപ്പക്കഷണം ഉറുമ്പരിക്കുന്നുണ്ട്. 
ഒട്ടിയ വയറും പതറുന്ന ചുവടുകളും 
അവന്നു വിശക്കുന്നുവെന്നു പറയാതെ പറയുന്നു..
എവിടെയാണിവനെ ആദ്യമായി കണ്ടത്?
കണ്ണും കാതുമടച്ചു തന്നിലേക്ക് നടന്നു തുടങ്ങിയിട്ടും 
ഓര്‍മ്മകളില്‍ ചിലതെല്ലാം ചിതലെടുക്കാതുണ്ട്.

വയലോരത്തൊരു മരത്തണലില്‍ 
അലക്കിയ കുപ്പായവും നിക്കറുമിട്ടു 
ചീകിയൊതുക്കിയിരുന്നെങ്കിലുമനുസരണ-
ക്കേട്‌ കാട്ടി നെറ്റിയില്‍ പാറിയ 
കോലന്‍ മുടിയ്ക്കിടയിലൂടെ കണ്ണ് മിഴിച്ചു 
വയല്‍ വരമ്പത്തെ ചോറ്റു പാത്രത്തിലും 
വയല്‍ ചേറിലെ അമ്മയുടെ കാലുകളിലും 
മാറി മാറി നോക്കിയിരുന്നിവനെ 
കണ്ടിട്ടുണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം..

പിന്നെ, കെട്ടിടം പണിയാനിഷ്ട്ടിക
ചുമക്കുമമ്മയെ നോക്കിയും ,
പൊടിയിളക്കി പായുന്ന വണ്ടികള്‍ 
കണ്ടു കണ്ണൂ മിഴിച്ചും..
വായിലേക്കിട്ട കൈവിരലുകളെടുക്കാന്‍ മറന്നും 
നിറയുന്ന കണ്ണുകളടയ്ക്കാന്‍ മടിച്ചും 
പാതി തുറന്ന ഭക്ഷണ പൊതിയുമായവന്‍
നില്‍ക്കുന്ന ചിത്രവും നോവോടെ തെളിയുന്നു.

ചില വൈകുന്നേരങ്ങളില്‍ 
ഒരു കൈ കൊണ്ടമ്മയെ ചുറ്റിപ്പിടിച്ചു 
ഉച്ചത്തിലെന്നാല്‍ അസ്പഷ്ടമായി 
ചിലതെല്ലാം പറഞ്ഞും ചിരിച്ചും..
നാട്ടിടവഴി കയറിയവന്‍ എങ്ങോ 
പോവതും പലവട്ടം കണ്ടു..

മുഷിഞ്ഞ വേഷവും 
ഒറ്റയ്ക്കുള്ളയീ നില്‍പ്പും 
ഒന്ന് മാത്രം വെളിപ്പെടുത്തുന്നു,
അവന്നമ്മയെ നഷ്ടമായിരിക്കുന്നു.

ഊട്ടാനുമുറക്കാനും 
കുപ്പായമലക്കി കൊടുക്കാനും 
ഇനിയവന്നാരുമില്ല..

ഭിക്ഷ യാചിക്കാന്‍ പോലുമരിയാത്തിവന്‍
പെണ്ണല്ലാത്തത് കൊണ്ട് മാംസ വ്യാപരികളുടെയല്ല 
അവയവ വ്യാപാരികളുടെ കയ്യില്‍ പെട്ട് പോയേക്കാം..
ചൈല്‍ഡ ലൈനിന്‍റെ നമ്പറോര്‍ക്കാന്‍ 
ശ്രമിച്ചു കൊണ്ട് ഞാന്‍ വേഗം നടന്നു.
 

Friday, March 11, 2011

ക്ഷുരകന്‍


ആരും മുഖം നോക്കാതെ 
മങ്ങിയൊരു കണ്ണാടി യുണ്ട്,
നിറം കെട്ടു പോയ ചുമരില്‍.

ആരുടേയും മുടി മുറിയ്ക്കാതെ
മൂര്‍ച്ച പോയ കത്രികയുണ്ട്,
പൊടി പിടിച്ച മേശ മേല്‍.. 

ആരുടേയും മുഖം മിനുക്കാതെ 
കട്ട പിടിച്ചു പോയ കുഴമ്പുണ്ട്,
വക്കു പൊട്ടിയ ചില്ല് ചെപ്പില്‍.

ആരും വന്നിരിയ്ക്കാതായിട്ടും
കാലൊടിഞ്ഞു പോയ കസേരയുണ്ട്,
തറയോടിളകിയ മൂലയില്‍.

ആരുമഴിചെടുത്തലക്കി ഉണക്കാതെ 
ചോര മണം മാറാത്ത തിരശ്ശീലയുണ്ട്,
ചില്ല് ജാലകത്തിനിപ്പുറത്ത്.

ആരാലും സ്നേഹിക്കപെടാത്തൊരു 
ഭ്രാന്തനായ ക്ഷുരകനുണ്ടാകം,
ഈ പീടികയ്ക്കുള്ളിലിരുട്ടിലെവിടെയോ.

ആരെയും വേദനിപ്പിക്കാതെ 
ജീവന്റെ ഞരമ്പുകളില്‍ കോറി വരയ-
ക്കുന്നതില്‍ രസം കണ്ടെത്തും വരെയും,
അയാള്‍ സ്നേഹത്തിന്റെയും 
സൌഹൃതത്തിന്റെയും സമ്പന്നതയിലായിരുന്നു.

ഒരുവന്‍റെ മുഖം മിനുക്കുന്നതിനിടെ 
തന്‍റെ ക്ഷൌര കത്തി കൊണ്ടയാള്‍ 
ജീവന്റെ ഞരമ്പ്‌ മുറിച്ചു,
നോവിക്കാതെ , ആരുമറിയാതെ..

അല്പവും നോവാതെ 
ആരാരുമറിയാതെ,
രക്തം വാര്‍ന്നു തന്‍റെ 
സുഹൃത്ത്‌ മരിക്കുമ്പോള്‍ 
ക്ഷുരകന്‍ ആര്‍ത്തു ചിരിച്ചു..

സിരകളില്‍ ഭ്രാന്തിന്‍റെ 
തിരയിളക്കവും,
കയ്യില്‍ തിളങ്ങുന്ന 
ക്ഷൌരക്കത്തിയുമായി
അയാളീ ഇരുട്ടിലെവിടെയോ ഉണ്ട്..

Friday, March 4, 2011

എന്‍റെ കവിതഅലസതയുടെ കാണാക്കയങ്ങളില്‍ വീണ്
ചിന്തകളുടെ പിന്നാമ്പുറങ്ങളില്‍ ഉഴറി
ശുഷ്ക്കമാം പദ സഞ്ചിയില്‍ 
നിന്നും അക്ഷരങ്ങളെ  പെറുക്കിയെടുത്ത്;
കടല്‍ തീരത്ത് മണ്ണ് കൊണ്ട് 
കോട്ട കെട്ടുന്ന കുഞ്ഞിന്‍റെ
വൈദഗ്ധ്യത്തോടെ , അടുക്കി 
വച്ചും, പിന്നെയും പൊളിച്ചും...

  അല്ല, അങ്ങനെയല്ല..

ചിന്തകളില്‍ നിന്നും ഗര്‍ഭം ധരിച്ച്
കുറഞ്ഞ പദസമ്പത്ത് സിരകലിലൂടൂട്ടി
വളര്‍ച്ചയുടെ ചെറു ചലനങ്ങളെയും 
തൊട്ടറിഞ്ഞുമതില്‍ ആഹ്ലാദിച്ചും 
പേറ്റു നോവരിയാതിരിക്കാന്‍
മാസം തികയാതെ കീറിയെടുത്ത്‌
എന്‍റെ കവിത കുഞ്ഞിനെ 
നിറമുള്ള തൂവലുകള്‍ കൊണ്ട് പൊതിഞ്ഞു 
പ്രിയമുള്ലോര്‍ക്കൊക്കെ കാട്ടി കൊടുത്ത് 
അവരുടെ തിളങ്ങുന്ന മിഴികളില്‍ 
സംതൃപ്തി കണ്ടെത്തി..

 അങ്ങനെയൊന്നുമല്ല..

സ്വപ്നങ്ങളുടെ വര്‍ണ ചിറകുകള്‍ വിടര്‍ത്തി 
പാരതന്ത്ര്യത്തിന്റെ മതില്ക്കെട്ടിന്നു 
പുറത്തേക്കു, സ്വതന്ത്ര ചിന്തകളുടെ 
ആകാശത്തിലെക്കുയര്‍ന്നു..
വിലക്കപ്പെട്ട പ്രണയ സൂനത്തിന്‍
മധുവെല്ലാം നുകര്‍ന്ന്..
നാളെയോരായിരം ചിറകുകള്‍ 
ബന്ധനമില്ലാതെ പറക്കാന്‍ 
ആലില കുമ്പിളില്‍ അക്ഷര മുട്ടകള്‍ 
കൂട്ടി വച്ച്..
ദിനാന്ത്യത്തില്‍ ഒരു മെഴുകുതിരി 
നാളത്തില്‍ പാറിവീണു..  

      ഏയ് , അങ്ങനെയൊന്നുമല്ല.

ചിന്തകളുടെ ചിപ്പിക്കുള്ളില്‍ നിന്നും 
അക്ഷര മുത്തുകളെ കവര്‍ന്നെടുത്തു 
മാലകള്‍ കോര്‍ത്ത്‌, നാലാള് 
കൂടുന്ന കവലയിലെ, പ്രദര്‍ശന 
ശാലയില്‍ തൂക്കിയിട്ടു..
കാണാനെതുന്നവരോട് കുശലം 
പറഞ്ഞും, ചിരിച്ചും..
          
ഇനി സത്യം പറയാം..

പ്രണയത്തിന്‍റെ മൂര്‍ച്ചയില്‍ 
പിറന്ന രണ്ടു വരികള്‍..
നിരാശയുടെ പടുകുഴിയില്‍ 
വഴുതിയ വാക്കുകള്‍..
ആത്മാന്വേഷനതിന്റെ ധ്യാന-
ത്തിലൂറിയ ചില ചിന്തകള്‍..
എല്ലാം ചേര്‍ത്ത് വച്ച്
പ്രതീക്ഷകളുടെ നക്ഷത്രത്തെ 
കൊളുത്തിയ മണ്‍ചിരാതിന്റെ 
വെട്ടത്തില്‍..
ഞാനെന്‍റെ അക്ഷരങ്ങളെ 
കവിതയെന്ന ലേബലൊട്ടിച്ചു 
ഈ വഴിയോരത്ത് 
ഒറ്റയ്ക്ക് നിര്‍ത്തുന്നു.