Friday, February 25, 2011

അരയാലിലകളിലെ മഴ


കടലിനെ പ്രണയിച്ച വിണ്ണിന്റെ 
മേഘ സന്ദേശമാണ് ഞാന്‍ .
വിരഹപ്പെയ്ത്തില്‍ അരയാല്‍ക്കൊമ്പില്‍ 
വീണു ചിതറിയ മഴത്തുള്ളി.


പെയ്യും വരെയും ഉള്ളിലോരോ 
കണികയിലും വിരഹമായിരുന്നു.
കടലിനെ സാന്ത്വനിപ്പിക്കാന്‍ എന്നെ
അയച്ച വിണ്ണിന്റെ പ്രണയമായിരുന്നു.
പ്രപഞ്ച സൃഷ്ടി കാലത്തോളം 
പഴക്കമുള്ള പ്രണയത്തിന്‍ 
മൂകസാക്ഷിയാകാന്‍ വിധിക്കപ്പെട്ട 
ശ്യാമ മേഘങ്ങളിലോന്നെന്റെ കൊട്ടാരം

ആദിയില്‍ , മുഴുവന്‍ സ്നേഹവും
രണ്ടായി പകുത്ത് കടലിനുമാകാശത്തിനും
സമ്മാനിച്ച ദൈവത്തിന്റെ കഥയില്‍ 
കൗതുക കണ്ണുമിഴിച്ചു ബാല്യം
കടന്നു പോയി..

"തീവരാനുരാഗത്തിന്‍ സൂര്യനാല്‍ തപിച്ചു 
മേഘമായുയര്‍ന്നു കടല്‍ വിണ്ണിനെ- 
യാശ്ലേഷിച്ചു ..    

താന്‍ ഉയിര്‍ കൊടുത്ത ജീവ ജാലങ്ങള്‍ക്ക് 
മേല്‍ മേഘം കുടപിടിക്കുന്നത് 
കണ്ടു ദൈവം ചിരിച്ചു..

വിരഹത്തിന്റെ കൊടുങ്കാറ്റിലുലഞ്ഞു 
മാരിയെ പെയ്യിച്ചു ആകാശം കടലിനെ-
യുമ്മ വച്ചു... 
താന്‍ പകുത്ത സ്നേഹം, മഴയായി 
സര്‍വ്വ ചരാചരങ്ങളെയും തഴുകുന്നത് 
നോക്കി നിന്നൂ ദൈവം.."

ദൈവത്തിന്റെ കൌശലങ്ങളുടെ  
രഹസ്യത്തെ കുറിച്ചിട്ട 

ഗ്രന്ഥത്തില്‍ നിന്നും ഉരുവിട്ട് ഹൃദിസ്ഥമാക്കിയ 
വിശുദ്ധാക്ഷരങ്ങളില്‍ മനനം ചെയ്തു 
ആത്മാവില്‍ ലക്ഷ്യത്തെ കുറിച്ചിട്ട യൌവനം..

ദൂതു പോകാന്‍ നിയോഗിക്കപ്പെട്ട നാള്‍,
പെയ്തു പാതി വഴി പിന്നിടുമ്പോള്‍
സാഗരത്തിന്റെ പ്രണയ നീലിമയും 
ആകാശത്തിന്റെ ഇരുണ്ട വിരഹവും 
യുഗങ്ങളായി തുടരുന്ന കര്‍മ്മ-
ബന്ധത്തിന്‍ ബാധ്യതയും മറന്നു.

ഭൂവിലേക്കുറ്റു നോക്കവേ 
കാഴ്ചയിലുടക്കിയ അരയാല്‍ 
തലപ്പില്‍ ഹൃദയം പിടച്ചു.

കാറ്റില്‍ നൃത്തം വയ്ക്കുന്ന 
കുഞ്ഞില കൈകളോട് 
വാത്സല്യം..

വിണ്ണിലേക്ക് പടര്‍ന്നു കയറിയ 
ശിഖരങ്ങളോട് പ്രണയം..

വിറയ്ക്കുന്ന ഹൃദയത്തോടെ 
കുളിരുന്ന ദേഹത്തോടെ 
അരയാലിലകളില്‍ വന്നു
വീണ മുഹൂര്‍ത്തം..

പ്രണയം ഭ്രാന്തമായ് പടര്‍ന്നു;
ഇലകളില്‍ , ചില്ലയില്‍, തായ്തടിയില്‍.

മണ്ണില്‍, മഴ തീര്‍ത്ത നീര്‍ച്ചാലില്‍ 
വീണു പോകാതെ;
മഴ നൃത്തമവസാനിപ്പിച്ച-
ഇലത്തുമ്പിലൂറി കിടന്നു.

പെയ്തു തീര്‍ന്ന മഴ, കടലിനെ 
പുല്‍കാന്‍ വെമ്പി നദിയെ 
കൂട്ട് പിടിചൊഴുകി മറഞ്ഞിരുന്നു.

കാറ്റ് വരുന്നുണ്ട് , ദൈവം 
കോപിച്ചതാകാം..

ലക്‌ഷ്യം മറന്നയെന്നെ കാറ്റുലച്ചു
താഴെയിടുക തന്നെ ചെയ്തു.

മഴ കുടിച്ചുന്മത്തയായ ഭൂമി
അരയാല്‍ വേരുകള്‍ വെളിപ്പെടുത്തിയത് 
കടലിനോടുള്ള പ്രണയം കൊണ്ടോ
ആകാശത്തോടുള്ള കുശുമ്പ് കൊണ്ടോ...?

ചുംബിക്കുമ്പോള്‍ അരയാല്‍ 
വേരിലെ നീട്ടിയ നാവിന്റെ തുമ്പത്ത് 
എന്റെ പ്രണയം മധുരിച്ചിരിക്കണം.
ജീവ രക്തമായ് ഒഴുകുകയാണ് 
അരയാലുടലുള്ളിലാകെ..
സൂര്യ താപം വന്നു 

ശ്യാമ മേഘ കൊട്ടാരത്തിലേക്ക് 
കൂട്ടികൊണ്ട് പോകും വരെയും 
ഞാന്‍ ആവോളം പകരട്ടെ 
അരയാലിനെന്റെ പ്രണയം...

Friday, February 18, 2011

വീണ്ടുകീറിയ കാല്‍പാദങ്ങള്‍

 എനിക്ക് നോവുന്നമ്മേ,
ഇനിയുമെന്‍ ഹൃത്തില്‍ വിണ്ടു കീറിയ 
കാല്‍പാദങ്ങളുമായ് നടക്കാതിരിക്കു..

അമ്മേ, വഴിച്ചിലവിന്നു പിതാവ് 
നല്‍കിയ നാണയ തുട്ടുകലെടുത്തെനിക്ക്
ബലൂണ്‍ വാങ്ങി തന്നത്, എന്‍റെ 
കണ്ണുകളിലെ നക്ഷത്ര തിളക്കം 
കാണാനായിരുന്നില്ലേ..?

വഴിദൂരമത്രയും എന്നെയുമെടുത്ത് 
നടന്നപ്പോള്‍ ആ പാദങ്ങള്‍ 
മുറിഞ്ഞതും, പാദുകങ്ങളില്‍
നിണം പുരണ്ടതും ഞാന്‍ കണ്ടിരുന്നില്ല..

എന്‍റെ കാഴ്ചയില്‍ നിറഞ്ഞത്‌ 
ബലൂണിന്റെ ബഹുവര്‍ണ സാഗരം.

പിന്നെ, പള്ളിക്കൂടതിലേക്കുള്ള വഴിയില്‍ 
ഉദരതിലെന്റെ മാലാഖ കുഞ്ഞു 
പെങ്ങന്മാരേയും ചുമന്നു,
ഒക്കത്തെന്നെയുമേറ്റി,പുസ്തക 
സഞ്ചിയും തോളിലിട്ടു എത്രയോ 
കാതം നടന്നത്, എന്‍റെ 
കാലു നോവാതിരിക്കാനായിരുന്നില്ലേ..?

തോളില്‍ തല ചായ്ച്ചു , അമ്മ
പറയുന്ന കഥകള്‍ക്ക് മൂളിയും 
പാട്ടുകള്‍ക്ക് താളം പിടിച്ചും 
അമ്മയുടെ കിതപ്പും ,വേഗം 
കൂടുന്ന ഹൃദയമിടിപ്പും 
ഞാന്‍ അറിഞ്ഞതേയില്ല.

അപ്പോഴും കാലടികള്‍ 
വല്ലാതെ നൊന്തിട്ടുണ്ടാകുമല്ലേ..?

പ്രാതല്‍ കഴിക്കാതെ ,
മുഖം മിനുക്കാതെ , ധൃതിയില്‍
ഞാന്‍ കോളേജിലെക്കോടുമ്പോള്‍
പുറകെ വന്നുമ്മ തന്നതും 
പ്രാതല്‍ പൊതി കൈയില്‍ തന്നതും
എന്നോട് ഏറെ ഇഷ്ടമുള്ളത് 
കൊണ്ടായിരുന്നില്ലേ...?

മഞ്ഞു പെയ്യുന്ന പ്രഭാതങ്ങളില്‍ 
പാദങ്ങളിലെ വെടിപ്പ് കൂടുമെന്നും 
നടക്കുമ്പോള്‍ വേദനിക്കുമെന്നും;
പുസ്തക സഞ്ചിക്ക് ഭാരം കൂടുതലാണെന്ന് 
പറഞ്ഞു പ്രാതല്‍ തിരികെയേല്പ്പിക്കുമ്പോഴും,
കവിളില്‍ പതിഞ്ഞ മാതൃത്വത്തിന്റെ 
നനവ്‌ തൂവാല കൊണ്ടു തുടയ്ക്കുമ്പോഴും
ഞാനറിഞ്ഞിരുന്നില്ല..

അപ്പോഴൊക്കെയും നൊന്തത്‌ 
വിണ്ടു കീറിയ പാദങ്ങല്‍ക്കോ 
വല്ലാതെ നേരിയ ഹൃദയത്തിനോ..? 

മസാന്ത്യങ്ങളിലെ പതിവ് സന്ദര്‍ശനം 
കഴിഞ്ഞു അമ്മയോടും വളര്‍ന്ന നാടിനോടും 
വിട പറഞ്ഞു ഹോസ്റ്റെലിലേക്ക് മടങ്ങുമ്പോള്‍ 
മറന്നു വച്ച പുസ്തകം തരാനെന്ന പോല്‍ 
എന്‍റെ പിന്നലെയോടി വന്നതും 
പണം അടക്കം ചെയ്ത പുസ്തകം 
ബാഗിനുള്ളിലേക്ക് കിതപ്പോടെ വച്ചതും
എന്നെ കുറിച്ചുള്ള പ്രതീക്ഷകളുടെ 
പ്രതിഫലനമായിരുന്നില്ലേ..?

കൂട്ടുകാരോടൊത്ത് കറങ്ങി നടന്നപ്പോഴും 
കൂടുകാരനൊപ്പം ബീച്ചിലിരുന്നു 
ഐസ്ക്രീം  നുനഞ്ഞപ്പോഴും       
ഞാനറിഞ്ഞിരുന്നില്ല,
മരുന്ന് വാങ്ങാനുള്ള പണം മകള്‍ക്ക് 
കൊടുത്തിട്ട് നിണമണിഞ്ഞ കാല്പാദങ്ങലുമായി   
അമ്മ വേദന തിന്നുന്നുവെന്നു..

അപ്പോഴൊക്കെയും ഏതോ പ്രതീക്ഷയുടെ 
നല്ല സ്വപ്നങ്ങളുടെ മൂര്‍ച്ചയില്‍ 
അമ്മ വേദന മറന്നിട്ടുണ്ടാകണം..

പിന്നെയും ആ കാലടികള്‍ ഞാന്‍ 
എത്രയോ വട്ടം കീറി മുറിച്ചിരിക്കുന്നു..

തുടര്‍ച്ചയായ വീഴ്ചകളും, നിരാശയും
സമ്മാനിച്ച പിരിമുറുക്കത്തില്‍ 
നിന്നും രക്ഷ നേടാന്‍ ഞാനെന്‍റെ
ഗുരുവിന്‍റെ പാദങ്ങളില്‍ ചെന്ന് 
വീണത്‌ മുതലാണ്‌;
രണ്ടു വെടിച്ച പാദങ്ങള്‍ 
എന്‍റെ ഹൃദയത്തിനു മേല്‍ 
നടക്കാന്‍ തുടങ്ങിയത്..

ഗുരുവിന്‍റെ കണ്ണുകളിലെ ചൈതന്യം 
എന്‍റെ ഹൃദയത്തില്‍ നിറയാന്‍ 
തുടങ്ങിയപ്പോഴാണ് ആ കാലടികള്‍ 
ശക്തമായത്‌..

എന്‍റെ ഹൃദയം വേദനിച്ചു 
നിശബ്ദം നിന്നു കരഞ്ഞു..
ചുമരില്‍ തൂക്കിയ ഓഷോയുടെ മുഖ 
ചിത്രമപ്പോഴും മന്ദഹസിച്ചു കൊണ്ടേയിരുന്നു..
എന്‍റെ നിദ്രയും ബോധവും 
രക്തമൊലിക്കുന്ന ഹൃദയവുമായി 
ആ കാലടികളെ പിന്തുടര്‍ന്നു.

ഉണര്‍വിന്റെ ഏതോ നിമിഷത്തില്‍ 
ഞാനറിഞ്ഞു,
അമ്മ നടക്കുകയാണ്
എന്‍റെ ഹൃദയത്തില്‍..
വാതിലന്വേഷിക്കുകയാണ്,
എന്‍റെ ഉള്ളിലേക്ക്..


എനിക്ക് നോവുന്നമ്മേ,
ഇനിയുമെന്‍ ഹൃത്തില്‍ വിണ്ടു കീറിയ 
കാല്‍പാദങ്ങളുമായ് നടക്കാതിരിക്കു..

എന്‍റെ ഹൃദയത്തില്‍ 
എന്‍റെ ചിന്തകളില്‍ 
എന്‍റെ സ്വപ്നങ്ങളില്‍ 
നിറയെ അമ്മയുണ്ട്,
ആ പ്രതീക്ഷയും സ്വപ്നങ്ങളുമുണ്ട്..

നിന്‍ മുന്നിലിനിയും തുറക്കാന്‍ 
വാതിലുകളൊന്നും ശേഷിക്കുന്നില്ല..
എന്നെ ശപിക്കാതിരിക്കു,
ഇനിയുമെന്നെ മാത്രം സ്നേഹിക്കു..


എനിക്ക് നോവുന്നമ്മേ,
ഇനിയുമെന്‍ ഹൃത്തില്‍ വിണ്ടു കീറിയ 
കാല്‍പാദങ്ങളുമായ് നടക്കാതിരിക്കു..

Friday, February 11, 2011

നന്മ വറ്റിയ നഗരത്തിലെ തെരുവോര കാഴ്ചകളില്‍ ചിലത്



മണ്ണില്‍ വീണു പോയ ഗര്‍ഭ പാത്രത്തെ
പൊതിഞ്ഞ ഈച്ചയെയാട്ടി ഒരിടത്തിരിക്കുന്നു
പുത്ര ദുഃഖം.

അരക്കെട്ടില്‍ ചുറ്റിയ വിഷപാമ്പിനെ
താലോലിച്ചു മലര്‍ന്നു കിടക്കുന്നു
അലസ യവ്വനം.

മിട്ടായി പൊതിയിലെ രതി ദേവതയുടെ
അഴകളവുകളില്‍ നിന്നും മധുരം നുണയുന്നു
കൗതുക കൗമാരം.

തെരുവു പെണ്ണിന്‍റെ ചിത്രമെടുത്തിട്ടു
അവളുടെ ഉറങ്ങാത്ത രാവുകളുടെ,
ആലസ്യത്തിന്റെ പകലുകളുടെ
കഥ നെയ്യുന്നു പത്ര ധര്‍മ്മം.

വെറുതെ പുകയുന്ന അടുപ്പില്‍,
തിളച്ചു തൂകുന്ന അമ്മയുടെ കണ്ണില്‍
ഉറ്റു നോക്കുന്നു വിശപ്പിന്‍റെ കുഞ്ഞുങ്ങള്‍.

വരണ്ട മുലകളെ ചുറ്റി മുറുക്കിയ
പരുത്ത ചേലയില്‍ മുഖമമര്‍ത്തുന്നു
ഇനിയും മരിക്കാത്ത പെണ്‍ ഭ്രൂണം.

തകര ചുമരുകളെ, രാത്രിയുടെ
കുട മറയില്‍ പൊളിച്ചു നീക്കി
പെണ്ണിനെ തേടുന്നു
വികൃത കാമം.

ഉച്ചത്തില്‍ തെറി പറഞ്ഞും,
വെറുതെ പുലമ്പിയും
ചീഞ്ഞ മീനുണക്കുന്നു
കച്ചവട തന്ത്രം.

ഇത് നന്മ വറ്റിയ നഗരത്തിലെ
തെരുവോര കാഴ്ചകളില്‍ ചിലത്...

Friday, February 4, 2011

ചേരി


പ്രഭാത കിരണങ്ങള്‍ ചില്ല് ജാലകത്തില്‍
വന്നു മുട്ടിയിട്ടാകം,
കഴിഞ്ഞ രാത്രിയുടെ പകുതിയിലെപ്പോഴോ
നിദ്ര പുണര്‍ന്ന മിഴികളെ,
ലഹരി കവര്‍ന്ന ബോധത്തെ
അവന്‍ മെല്ലെ ഉണര്‍ത്തിയത്.

ഓര്‍മ്മകളുടെ നഷ്ട സുഗന്ധം പടി
കടന്നെത്തിയിട്ടാകം,
തിരശ്ശീല മാടിയൊതുക്കി ജാലകം പാതി തുറന്നു,
താഴെ നഗരമുണരുന്നത്
അവന്‍ നോക്കി നിന്നത്.

ഭൂതകാലം അവന്‍റെ ഓര്‍മ്മകളുടെ കരയില്‍
തിരയടിച്ചിട്ടാകം,
നിശാനിയമത്തിന്റെ വാള്‍ത്തലയില്‍
കുടുങ്ങാതെ ഓടി അകലും മുന്‍പ്‌
ഈ ജന്മ ഭൂമിയില്‍ താനെന്തായിരുന്നെന്ന്
അവന്‍ ഓര്‍ത്തു പോയത്.

കോണ്ക്രീറ്റ് കൊട്ടാരങ്ങളും,തകര കൂടാരങ്ങളും
മാലിന്യം നീട്ടി തുപ്പുന്ന കാളിന്ദിയുടെ
കൈവഴിയുടെ തീരത്ത്, ഇന്നീ
ആഡംബര സത്രത്തിന്റെ പിന്നിലേക്ക്
പറിച്ചു നടപ്പെട്ട തന്‍റെ ജന്മ ഭൂമി..
ഈ നഗരത്തിന്‍റെ എച്ചില്‍ കൂന.

ചോര്‍ന്നൊലിക്കുന്ന കൂരയിലും
മാലിന്യമൊഴുകുന്ന ചാലിലും
വിശന്നും, കരഞ്ഞും, കളിച്ചും ചിരിച്ചും,
കഴിഞ്ഞു പോയ ബാല്യം.

കളിക്കൂട്ടുകാരിയുടെ
സ്വപ്‌നങ്ങള്‍ ചുവപ്പിച്ചും,
അയല്‍ക്കാരിയുടെ
ദാഹങ്ങള്‍  ശമിപ്പിച്ചും,
കിതച്ചു പോയ കൗമാരം.

കഴുത്തില്‍ താലിയില്ലാത്ത,
നെറ്റിയില്‍ സിന്ധൂരമില്ലാത്ത,
വിശന്നോട്ടിയ വയറിനു മേല്‍
ചേല മുറുക്കിയുടുത്ത്
വരേണ്യന്റെ എച്ചില്‍ പാത്രം കഴുകിയും
മുഷിഞ്ഞ വസ്ത്രങ്ങള്‍ അലക്കിയുണക്കിയും
തന്‍റെ കാലില്‍ ചിലങ്ക മുറുക്കി കെട്ടിയ
അമ്മ മാത്രം ഒരു പുണ്യം.

ഏതോ പ്രമുഖന്‍റെ കൊലയ്ക്കു,
ചേരിയാകെ ഉത്തരം പറയേണ്ടി വന്നപ്പോള്‍
നിയമ പാലകര്‍ ഇരുളില്‍ ഉണ്മതരായി
ചുടു ചോരയില്‍ നടനം തുടങ്ങിയപ്പോള്‍
സ്വപ്നങ്ങളൊക്കെ വാരി കൂട്ടി,
അമ്മയെ ചേര്‍ത്ത് പിടിച്ചു
ഈ നഗരം വിടുമ്പോള്‍
ഒരു സ്വപ്നമുണ്ടായിരുന്നു.....

ഒരു നാള്‍ ഇത് പോലെയീ
ആഡംബര സത്രത്തില്‍ നിന്നു കൊണ്ടീ
നഗര കാഴ്ച്ചയെ ആവോളം നുകരണമെന്ന്..