Sunday, June 19, 2011

ഇന്നലെ ഞാന്‍

രുധിരം മണക്കുന്ന ആതുര മുറിയിലേക്കൊരു
ബന്ധു സന്ദര്‍ശനം.
കലഹങ്ങളില്‍ മുറിഞ്ഞ സൌഹൃദങ്ങളിലെക്കൊരു
സ്നേഹ സന്ദേശം.
പരസ്യപ്പലകയിലേക്കും ദാഹശമനിയിലേക്കുമുള്ള
പ്രണയ വിളികള്‍.
വീട്ടിലേക്കുള്ള വഴി മറന്നു നഗരധമനികളിലൂടെ
അലസ ഗമനം.
പുഴ വറ്റിയ പ്രണയ വഴികളിലേക്കൊരു
കാടു കയറ്റം.

അക്ഷര ക്ഷാമത്താല്‍ കുനിഞ്ഞ ശിരസിലേക്കുയരുന്ന
ഗുരു വചനം.
പാപ വെയിലില്‍ കരുവാളിച്ച ഹൃദയത്തിനു ധ്യാനത്താലൊരു 
പച്ച മഞ്ഞള്‍ ലേപനം.
പുസ്തകങ്ങളോട് പിണങ്ങി കാറ്റ് വിഴുങ്ങുന്ന 
മെഴുകുതിരി വെട്ടം.
രാവുറങ്ങേണ്ട ദേവ സങ്കേതത്തില്‍ മഴയോട് കലരുന്ന
ഓര്‍മ്മ ഗന്ധം.

ഉറങ്ങാന്‍ മറന്നു പോയ മിഴികളിലേക്കു നിന്റെ വാത്സല്ല്യ 
സന്ദേശം, ഇനിയുറങ്ങൂ..
നീ എന്റെ ദിനാന്ത്യ കുറിപ്പ് പുസ്തകം
ആരുമൊരിക്കലും കണ്ടെടുക്കാതിരിക്കട്ടെ,
നിന്നെ എന്നില്‍ നിന്നും..

Friday, June 10, 2011

നഗരമേ, നാട്യമേ..

ഒറ്റ നോക്കിലറിയാം,
നഗരത്തിലാദ്യമാണിവര്‍.
ബസ് സ്റ്റോപ്പിലേക്ക് നടക്കുമ്പോള്‍ കണ്ടു,
അവരിലൊരുവള്‍ കൌതുക കാഴ്ചകളില്‍ മിഴി നട്ട്,
കുത്തിയൊലിക്കുന്ന കറുത്ത മഴവെള്ളക്കെട്ടില്‍
പുടവ നനയാതെ കാത്ത് എന്‍റെ മുന്നില്‍ നടക്കുന്നു.

വൈകിട്ട് പെയ്ത മഴയുടെ ആലസ്യത്തില്‍ 
പകല്‍ കൂടണയാന്‍ തിടുക്കം കാട്ടീട്ടും,
എനിക്ക് പോകേണ്ട വണ്ടി വന്നിട്ടും,
അവര്‍ നാലാളും എന്തോ തിരഞ്ഞെന്ന പോലെ നടപ്പാണ്.
ഓരോ ബസിനും മുന്നില്‍ ചെന്ന്
കൂട്ടത്തില്‍ മുതിര്‍ന്ന പെണ്‍കുട്ടി, സ്ഥല നാമ 
സൂചികയില്‍ പോകേണ്ടയിടം തിരയുന്നുണ്ട്.

ഉള്‍ഗ്രാമങ്ങളിലൊന്നിലെ സര്‍ക്കാര്‍ 
പള്ളിക്കൂടത്തില്‍, പാഠപുസ്തകത്തില്‍ നിന്നും 
മറവിയിലാണ്ട അക്ഷരങ്ങളെ തിരയുന്ന 
ഒരു പെന്‍കിടാവിന്‍റെ പരിഭ്രമം 
അവളുടെ മുഖത്തു വായിക്കാം.

ഉത്കണ്ടയോടെ പിന്നില്‍ നടക്കുന്ന 
ചുരുണ്ട മുടിയുള്ള കൃശഗാത്രന്‍ അച്ഛനാകാം,
പിന്നിലെക്കൊതുങ്ങി നില്‍ക്കുന്ന എല്ലിച്ച 
രൂപം അമ്മയുടെത് തന്നെ,
അവരോടു ചേര്‍ന്ന് തുപ്പലൊലിപ്പിച്ചു
നില്‍ക്കുന്ന ചെക്കന്‍ അവളുടെയനുജനാകാം..

കൌമാരം വസന്തം വിരിയിച്ച അവളുടെ 
പെണ്‍ ദേഹത്ത് യാത്രികരുടെ കണ്ണിഴയുന്നത്
ഞാനസ്വസതതയോടെ നോക്കി നിന്നു.
ചുവന്ന കണ്ണുകളും കുടവയറുമുള്ള
കഴുകന്മാര്‍ അവര്‍ക്കരികിലേക്കു പോകുന്നുണ്ട്,
എങ്ങോട്ടാ പോകുന്നേയെന്ന ചോദ്യവുമായി.

എനിക്ക് പോകേണ്ട വണ്ടി ഇളകി തുടങ്ങിയിരിക്കുന്നു.
പിന്‍ തിരിഞ്ഞു നോക്കാന്‍ പോലും ധൈര്യം 
പോരാതെ ഞാന്‍ വണ്ടിയില്‍ കയറിയിരുന്നു.
പെണ്ണുടല്‍ വ്യാപാരത്തിന് പേര് കേട്ട 
എന്‍റെ നഗരമേ, നാട്യമേ വിശപ്പടക്കാന്‍
വിറ്റു തിന്നരുതിവളെ..

Friday, June 3, 2011

ബാല്യകാല പ്രാര്‍ത്ഥന

കാറ്റും കോളും ഒന്നിച്ചു വന്നു 
കുട പിടിച്ചു വാങ്ങിയിട്ടെന്നെ
മഴയിലേക്ക്‌ തള്ളുമ്പോള്‍,

രാത്രി വന്നെന്‍റെ വിളക്കുകള്‍ 
ഊതി കെടുത്തുമ്പോള്‍,

മുറ്റത്തെ കണ്ണുപൊത്തിക്കളിയിലേക്ക്
അയലത്തെ വീട്ടിലെ പട്ടി 
കെട്ടഴിഞ്ഞു വരുമ്പോള്‍,

ഉമ്മച്ചി തന്ന ബ്ലേഡിന്‍റെ തുണ്ട് 
വിരലുകള്‍ക്കിടയില്‍ തിരുകി
നൊസ്സന്‍ പൊറിന്ചൂന്‍റെ
പലവ്യന്ജനക്കടയില്‍ പഞ്ചാര 
വാങ്ങാന്‍ പോകുമ്പോള്‍,

പഠിക്കാതെ മാറ്റി വച്ച 
ചില ഉത്തരങ്ങളുടെ ചോദ്യം 
ചൂരലും പിടിച്ചു 
മുന്നില്‍ നില്‍ക്കുമ്പോള്‍,

ചുവന്ന അടിവരകള്‍ 
ധാരാളമുള്ള മഞ്ഞക്കടലാസിലെ 
കറുത്ത അക്കങ്ങള്‍ക്ക് താഴെ 
രക്ഷകര്‍ത്താവിന്‍റെ ഒപ്പിടത്തില്‍ 
എന്‍റെ പേന വിറച്ചു ചലിക്കുമ്പോള്‍,

ഗുരുവേ, ഞാന്‍ പൊരുളറിയാതെ
ചിലതൊക്കെ ഉരുവിട്ടിരുന്നു,
ഓത്തു പള്ളിയിലെ കലമ്പല്‍ 
സ്മരണകളില്‍ നിന്നും 
ഞാന്‍ കേട്ടെടുത്ത വരികള്‍....