Friday, March 4, 2011

എന്‍റെ കവിതഅലസതയുടെ കാണാക്കയങ്ങളില്‍ വീണ്
ചിന്തകളുടെ പിന്നാമ്പുറങ്ങളില്‍ ഉഴറി
ശുഷ്ക്കമാം പദ സഞ്ചിയില്‍ 
നിന്നും അക്ഷരങ്ങളെ  പെറുക്കിയെടുത്ത്;
കടല്‍ തീരത്ത് മണ്ണ് കൊണ്ട് 
കോട്ട കെട്ടുന്ന കുഞ്ഞിന്‍റെ
വൈദഗ്ധ്യത്തോടെ , അടുക്കി 
വച്ചും, പിന്നെയും പൊളിച്ചും...

  അല്ല, അങ്ങനെയല്ല..

ചിന്തകളില്‍ നിന്നും ഗര്‍ഭം ധരിച്ച്
കുറഞ്ഞ പദസമ്പത്ത് സിരകലിലൂടൂട്ടി
വളര്‍ച്ചയുടെ ചെറു ചലനങ്ങളെയും 
തൊട്ടറിഞ്ഞുമതില്‍ ആഹ്ലാദിച്ചും 
പേറ്റു നോവരിയാതിരിക്കാന്‍
മാസം തികയാതെ കീറിയെടുത്ത്‌
എന്‍റെ കവിത കുഞ്ഞിനെ 
നിറമുള്ള തൂവലുകള്‍ കൊണ്ട് പൊതിഞ്ഞു 
പ്രിയമുള്ലോര്‍ക്കൊക്കെ കാട്ടി കൊടുത്ത് 
അവരുടെ തിളങ്ങുന്ന മിഴികളില്‍ 
സംതൃപ്തി കണ്ടെത്തി..

 അങ്ങനെയൊന്നുമല്ല..

സ്വപ്നങ്ങളുടെ വര്‍ണ ചിറകുകള്‍ വിടര്‍ത്തി 
പാരതന്ത്ര്യത്തിന്റെ മതില്ക്കെട്ടിന്നു 
പുറത്തേക്കു, സ്വതന്ത്ര ചിന്തകളുടെ 
ആകാശത്തിലെക്കുയര്‍ന്നു..
വിലക്കപ്പെട്ട പ്രണയ സൂനത്തിന്‍
മധുവെല്ലാം നുകര്‍ന്ന്..
നാളെയോരായിരം ചിറകുകള്‍ 
ബന്ധനമില്ലാതെ പറക്കാന്‍ 
ആലില കുമ്പിളില്‍ അക്ഷര മുട്ടകള്‍ 
കൂട്ടി വച്ച്..
ദിനാന്ത്യത്തില്‍ ഒരു മെഴുകുതിരി 
നാളത്തില്‍ പാറിവീണു..  

      ഏയ് , അങ്ങനെയൊന്നുമല്ല.

ചിന്തകളുടെ ചിപ്പിക്കുള്ളില്‍ നിന്നും 
അക്ഷര മുത്തുകളെ കവര്‍ന്നെടുത്തു 
മാലകള്‍ കോര്‍ത്ത്‌, നാലാള് 
കൂടുന്ന കവലയിലെ, പ്രദര്‍ശന 
ശാലയില്‍ തൂക്കിയിട്ടു..
കാണാനെതുന്നവരോട് കുശലം 
പറഞ്ഞും, ചിരിച്ചും..
          
ഇനി സത്യം പറയാം..

പ്രണയത്തിന്‍റെ മൂര്‍ച്ചയില്‍ 
പിറന്ന രണ്ടു വരികള്‍..
നിരാശയുടെ പടുകുഴിയില്‍ 
വഴുതിയ വാക്കുകള്‍..
ആത്മാന്വേഷനതിന്റെ ധ്യാന-
ത്തിലൂറിയ ചില ചിന്തകള്‍..
എല്ലാം ചേര്‍ത്ത് വച്ച്
പ്രതീക്ഷകളുടെ നക്ഷത്രത്തെ 
കൊളുത്തിയ മണ്‍ചിരാതിന്റെ 
വെട്ടത്തില്‍..
ഞാനെന്‍റെ അക്ഷരങ്ങളെ 
കവിതയെന്ന ലേബലൊട്ടിച്ചു 
ഈ വഴിയോരത്ത് 
ഒറ്റയ്ക്ക് നിര്‍ത്തുന്നു.

18 comments:

 1. നോവറിയാതെയുള്ള സിസേറിയന്‍ കവിത..!!
  ഏയ്‌,,അങ്ങനെയൊന്നുമല്ല അല്ലെ..

  ReplyDelete
 2. അതെ ..ഈ കവിതകള്‍ ആള്‍ക്കൂട്ടത്തില്‍ തനിയെ നില്‍ക്കും ..വെയില്‍ കൊണ്ട് ഉരുകാതെ ..മഞ്ഞു കൊണ്ട് നിറം കെടാതെ ..മഴയില്‍ ഒലിച്ചു പോകാതെ ...:)

  ReplyDelete
 3. This comment has been removed by the author.

  ReplyDelete
 4. സമ്പന്നമായ പദസഞ്ചി കണ്ട് ഞാനാകെ ഭ്രമിച്ചു പോയി..

  ReplyDelete
 5. എന്‍റെ കവിത കുഞ്ഞിനെ
  നിറമുള്ള തൂവലുകള്‍ കൊണ്ട് പൊതിഞ്ഞു
  പ്രിയമുള്ലോര്‍ക്കൊക്കെ കാട്ടി കൊടുത്ത്
  അവരുടെ തിളങ്ങുന്ന മിഴികളില്‍
  സംതൃപ്തി കണ്ടെത്തി..

  ഈ വരികള് ശരിയ്ക്കും ആസ്വാദിച്ചു ട്ടൊ..സത്യമാണെന്ന് തോന്നിപ്പിയ്ക്കുന്ന വരികള്‍.

  ReplyDelete
 6. ഇന്നലെ എഴുതിയ കവിതയോ ഇത്.. വേദനയില്‍ നിന്നും കവിതകള്‍ പിറക്കുന്നു.. പേറ്റ് നോവിലും കുഞ്ഞിന്റെ ഒമനമുഖം കണ്ട അമ്മയുടെ കണ്ണിലെ തിളക്കം..

  ReplyDelete
 7. അക്ഷരങ്ങള്‍ കൊണ്ടുള്ള അമ്മാനാട്ടം നന്നായി ഫെമീ..

  ReplyDelete
 8. ഒറ്റക്കല്ലല്ലോ ഈ വാക്കുകള്‍. കവിതയുടെ വനമുണ്ട് ഒറ്റക്കു പൂത്ത
  ആ വാകക്ക് ചുറ്റും.

  ReplyDelete
 9. താങ്കള്‍ ഒറ്റക്കു കൊണ്ടു വന്നു നിര്‍ത്തിയാലും ഒറ്റക്കാക്കി പോകാന്‍ തോന്നുന്നില്ല.കാരണം ധ്യാനത്തിലിരിക്കുന്ന എന്‍റെ സിരകളിലൂടെയും പ്രണയവും നിരാശയും പ്രതീക്ഷയും കൂലം കുത്തി ഒഴുകുമ്പോള്‍ ഞാന്‍ എങ്ങനെ അതിനെ അവഗണിക്കും...?

  പ്രണയത്തിന്‍റെ മൂര്‍ച്ചയില്‍
  പിറന്ന രണ്ടു വരികള്‍.
  നിരാശയുടെ പടുകുഴിയില്‍
  വഴുതിയ വാക്കുകള്‍.
  ആത്മാന്വേഷണ ധ്യാന-
  ത്തിലൂറിയ ചില ചിന്തകള്‍..


  മനോഹരമായ വരികള്‍ ....നന്ദി .അഭിനന്ദനങ്ങള്‍

  ReplyDelete
 10. ഏയ്, ഒന്നും പറയാനില്ല :(

  ReplyDelete
 11. അങ്ങിനെയ ല്ലിങ്ങനെയാണെന്നു--
  പറയാനെങ്ങിനെ മുങ്ങിയെടുത്തീ വാക്കുകള്‍

  ReplyDelete
 12. കവിതക്കുള്ളിലെ ഈ കണ്ടെത്തലുകള്‍ നന്നായിരിക്കുന്നു.

  ReplyDelete
 13. അക്ഷരങ്ങള്‍ കൊണ്ടു
  ള്ള മായാജാലമോ?
  അതോ നിന്നുള്ളി
  ലെയക്ഷരങ്ങളുടെ
  മോഹന നിര്‍ത്തമോ?

  ReplyDelete
 14. നന്നായിട്ടുണ്ട്. കവിതയെ പറ്റി പറയാന്‍ അത്രെ എനിക്കറിയൂ.

  ReplyDelete
 15. കാണാനെതുന്നവരോട് കുശലം
  പറഞ്ഞും, ചിരിച്ചും..
  അതാണ്‌ സത്യം....

  ReplyDelete
 16. എല്ലാം ചേര്‍ത്ത് വച്ച്
  പ്രതീക്ഷകളുടെ നക്ഷത്രത്തെ
  കൊളുത്തിയ
  വെട്ടത്തില്‍..
  ഞാനെന്‍റെ അക്ഷരങ്ങളെ
  കവിതയെന്ന ലേബലൊട്ടിച്ചു
  ഈ വഴിയോരത്ത്
  ഒറ്റയ്ക്ക് നിര്‍ത്തുന്നു.
  kollaam bhaavukangal

  ReplyDelete