Friday, March 18, 2011

ചൈല്‍ഡ ലൈന്‍


പീടികത്തിണ്ണയില്‍,
കയ്യിലൊരു തുണിക്കെട്ടുമായി 
കറുത്ത് മെലിഞ്ഞൊരു പയ്യന്‍.

അങ്ങിങ്ങ് കീറിയ കുപ്പായത്തിന്‍
കുടുക്കുകളെല്ലാം പൊട്ടിയിട്ടുണ്ട്.
നനവുള്ള വലിയ കണ്ണുകളില്‍ 
കാഴ്ച മറിഞ്ഞു കൃഷ്ണമണി ചലിക്കുന്നുണ്ട്. 
പാതി തുറന്ന വായില്‍ നിന്നിറ്റുന്ന
ഉമിനീര് വീണു കുപ്പായ ചുമലു നനഞ്ഞിട്ടുണ്ട്.
അവന്നരികിലേക്കാരോ  എറിഞ്ഞു കൊടുത്ത 
അപ്പക്കഷണം ഉറുമ്പരിക്കുന്നുണ്ട്. 
ഒട്ടിയ വയറും പതറുന്ന ചുവടുകളും 
അവന്നു വിശക്കുന്നുവെന്നു പറയാതെ പറയുന്നു..
എവിടെയാണിവനെ ആദ്യമായി കണ്ടത്?
കണ്ണും കാതുമടച്ചു തന്നിലേക്ക് നടന്നു തുടങ്ങിയിട്ടും 
ഓര്‍മ്മകളില്‍ ചിലതെല്ലാം ചിതലെടുക്കാതുണ്ട്.

വയലോരത്തൊരു മരത്തണലില്‍ 
അലക്കിയ കുപ്പായവും നിക്കറുമിട്ടു 
ചീകിയൊതുക്കിയിരുന്നെങ്കിലുമനുസരണ-
ക്കേട്‌ കാട്ടി നെറ്റിയില്‍ പാറിയ 
കോലന്‍ മുടിയ്ക്കിടയിലൂടെ കണ്ണ് മിഴിച്ചു 
വയല്‍ വരമ്പത്തെ ചോറ്റു പാത്രത്തിലും 
വയല്‍ ചേറിലെ അമ്മയുടെ കാലുകളിലും 
മാറി മാറി നോക്കിയിരുന്നിവനെ 
കണ്ടിട്ടുണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം..

പിന്നെ, കെട്ടിടം പണിയാനിഷ്ട്ടിക
ചുമക്കുമമ്മയെ നോക്കിയും ,
പൊടിയിളക്കി പായുന്ന വണ്ടികള്‍ 
കണ്ടു കണ്ണൂ മിഴിച്ചും..
വായിലേക്കിട്ട കൈവിരലുകളെടുക്കാന്‍ മറന്നും 
നിറയുന്ന കണ്ണുകളടയ്ക്കാന്‍ മടിച്ചും 
പാതി തുറന്ന ഭക്ഷണ പൊതിയുമായവന്‍
നില്‍ക്കുന്ന ചിത്രവും നോവോടെ തെളിയുന്നു.

ചില വൈകുന്നേരങ്ങളില്‍ 
ഒരു കൈ കൊണ്ടമ്മയെ ചുറ്റിപ്പിടിച്ചു 
ഉച്ചത്തിലെന്നാല്‍ അസ്പഷ്ടമായി 
ചിലതെല്ലാം പറഞ്ഞും ചിരിച്ചും..
നാട്ടിടവഴി കയറിയവന്‍ എങ്ങോ 
പോവതും പലവട്ടം കണ്ടു..

മുഷിഞ്ഞ വേഷവും 
ഒറ്റയ്ക്കുള്ളയീ നില്‍പ്പും 
ഒന്ന് മാത്രം വെളിപ്പെടുത്തുന്നു,
അവന്നമ്മയെ നഷ്ടമായിരിക്കുന്നു.

ഊട്ടാനുമുറക്കാനും 
കുപ്പായമലക്കി കൊടുക്കാനും 
ഇനിയവന്നാരുമില്ല..

ഭിക്ഷ യാചിക്കാന്‍ പോലുമരിയാത്തിവന്‍
പെണ്ണല്ലാത്തത് കൊണ്ട് മാംസ വ്യാപരികളുടെയല്ല 
അവയവ വ്യാപാരികളുടെ കയ്യില്‍ പെട്ട് പോയേക്കാം..
ചൈല്‍ഡ ലൈനിന്‍റെ നമ്പറോര്‍ക്കാന്‍ 
ശ്രമിച്ചു കൊണ്ട് ഞാന്‍ വേഗം നടന്നു.
 

16 comments:

 1. ഞാന്‍ എത്ര ഭാഗ്യവാന്‍...
  എത്ര സുന്ദരമായിരുന്നു എന്റെ ബാല്യം...
  അവന്റെതോ.. ??
  സുഹൃത്തേ ഓര്‍മ്മിക്കുകയല്ല, മറക്കാതിരിക്കുക നീ ചില്‍ഡ് ലൈന്‍ നമ്പര്‍...
  കരയുന്ന, വിശക്കുന്ന ബാല്യങ്ങല്‍ക്കുവേണ്ടി, ഇതുപോലെ എല്ലാരും അല്പം സമയം മാറ്റി വെച്ചിരുന്നെങ്കില്‍.......?
  ഫെമിന, നിന്റെ നല്ല ചിന്തകള്‍ക്ക് നന്ദി.. എഴുത്തിനും

  ReplyDelete
 2. ഇത് കവിതയോ ? കഥയോ ?

  എന്തായാലും ഒരു ജീവിതമാണ് ...

  ReplyDelete
 3. ഇത് വെറും ഭാവനയോ..യാഥാര്‍ത്യമോ..

  ഒരു കുഞ്ഞു മനസ്സിന്‍റെ ആരും കാണാത്ത ഭാവങ്ങളും വികാരങ്ങളും നിറച്ച് മനസ്സിനെ കുത്തി നോവിക്കുന്ന വരികള്‍..!

  >>>>വയല്‍ വരമ്പത്തെ ചോറ്റു പാത്രത്തിലും
  വയല്‍ ചേറിലെ അമ്മയുടെ കാലുകളിലും
  മാറി മാറി നോക്കിയിരുന്നിവനെ
  കണ്ടിട്ടുണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം..<<<<

  >>>>വായിലേക്കിട്ട കൈവിരലുകളെടുക്കാന്‍ മറന്നും
  നിറയുന്ന കണ്ണുകളടയ്ക്കാന്‍ മടിച്ചും
  പാതി തുറന്ന ഭക്ഷണ പൊതിയുമായവന്‍
  നില്‍ക്കുന്ന ചിത്രവും നോവോടെ തെളിയുന്നു.<<<<

  ഈ വരികളെ കുറിച്ച് എന്ത് പറയണമെന്ന് എനിക്കറിയുന്നില്ല..

  ReplyDelete
 4. മാംസവ്യാപാരികൾക്ക് പെണ്ണുതന്നെ വേണമെന്നില്ല.ഈയിടെയായി മാധ്യമങ്ങളിൽ കാണുന്ന വാർത്തകളിൽ നിന്നും അത് ബോധ്യമാകുന്നു.
  തീർത്തും കവിതയെന്നു പറയാനാകില്ലെങ്കിലും ഇഷ്ടമായി.നന്നായിട്ടുണ്ട്.

  ReplyDelete
 5. ഉമിനീര് വീണു കുപ്പായ ചുമലു നനഞ്ഞിട്ടുണ്ട്. ithil കുപ്പായ ചുമലു enna prayogam athra sheriyaano.. femi udheshichathu enthennu manasilaayi.. but entho apaakathayullathu pole athil.. chilappol ente verum thonnalumaakam.. nannaayirikkunnu kavyathmakamaaya ee kunju kadha..

  ReplyDelete
 6. കനിവുള്ള ഒരു മനസ്സിന്റെ നിരീക്ഷണം.

  ReplyDelete
 7. @മഹേഷ്‌ വിജയന്‍:
  എല്ലാവരും സ്വാര്ധരായി കൊണ്ടിരിക്കുന്നു.. തെരുവിലലയുന്ന ബാല്യങ്ങളെ നോക്കി സഹതാപിക്കനല്ലാതെ മറ്റൊന്നിനും നമുക്ക് നേരമില്ല..
  നല്ല വാക്കിനു നന്ദി സുഹൃത്തേ..

  @രമേശ്‌ അരൂര്‍:
  കവിതയാക്കാന്‍ ശ്രമിച്ച കുഞ്ഞു നൊമ്പരം..

  @~ex-pravasini*:
  യാഥാര്‍ത്യമാണവന്‍, അവന്റെ കഥയിതാനോന്നു മാത്രമറിയില്ല.. നഗര വീഥിയില്‍ എന്റെ കണ്ണിലെതാത്ത ഏതോ കോണില്‍ അവനിപ്പോഴുമുണ്ട്.. എന്റെ ഒരു സുഹൃത്തിന്റെ കണ്ണിലുടക്കിയ കാഴ്ച്ചയാണീ കുഞ്ഞു നൊമ്പരം.

  @moideen angadimugar:
  നല്ല വാക്കുകള്‍ക്കു നന്ദി സുഹൃത്തേ..

  @Sandeep.A.K:
  എന്‍റെ പദ സഞ്ചി ശുഷ്ക്കമാണ്... അപാകത ചൂണ്ടിക്കാട്ടിയതിനു നന്ദി..
  @mayflowers:
  നല്ല വാക്കുകള്‍ക്കു നന്ദി സുഹൃത്തേ..

  ReplyDelete
 8. പണക്കൊഴുപ്പില്‍ ആര്‍ഭാടജീവിതം നയിക്കുന്ന മര്‍ത്യര്‍ക്ക് തന്റെ സുഖസുഷുപ്തിയില്‍ തെരുവു കുഞ്ഞുങ്ങളുടെ ദു:ഖം കാണാനെവിടെ നേരം??
  കഥപോലുള്ള കവിത ....ആശംസകള്‍

  ReplyDelete
 9. അക്ഷരങ്ങള്‍ വാളിനേക്കാള്‍ മൂര്ച്ചയുള്ളതാക്കുക..ആശംസകള്‍ .

  ReplyDelete
 10. ഇങ്ങനെ എത്രയെത്ര ജീവിതങ്ങള്‍!
  മനസ്സിനെ നോവിച്ച വരികള്‍...
  ആശംസകള്‍ ഫെമിനാ.....

  ReplyDelete
 11. റിഥം കളഞ്ഞു പോയ വരികള്‍ .....ഒഴിഞ്ഞിരിക്കുമ്പോള്‍ മൂളാവുന്ന വരികള്‍ ഇനിയും പിറന്നിട്ടില്ല.പിറക്കുമെന്നു പ്രതീക്ഷിക്കുന്നു.അതു പോകട്ടെ...നല്ല പ്രമേയം...

  ReplyDelete
 12. http://ienjoylifeingod.blogspot.com/
  ആദ്യമായാണ്‍ ഇവിടെ കൂട്ടു കൂടാമോ..?

  ReplyDelete
 13. ജീവിതമെന്ന നേര്‍ക്കാഴ്ച്ചയാകുന്ന ബുക്കില്‍ നിന്നും ചീന്തി എടുത്ത ഒരു ഏട് .......നന്നായിരിക്കുന്നു ..നല്ല വിഷയം ..ഭാവുകങ്ങള്‍

  ReplyDelete
 14. 'ഒട്ടിയ വയറും പതറുന്ന ചുവടുകളും
  അവന്നു വിശക്കുന്നുവെന്നു പറയാതെ പറയുന്നു..
  എവിടെയാണിവനെ ആദ്യമായി കണ്ടത്?
  കണ്ണും കാതുമടച്ചു തന്നിലേക്ക് നടന്നു തുടങ്ങിയിട്ടും
  ഓര്‍മ്മകളില്‍ ചിലതെല്ലാം ചിതലെടുക്കാതുണ്ട്'

  ഇത് ലോക നിത്യക്കാഴ്ച.നാം കാണാന്‍ വൈകുന്നു വെന്നു മാത്രം.

  കവിതകള്‍ക്ക്‌ പാരായണാ സുഖം ലഭിക്കാതെ പോകുന്നത്, ആസ്വാദക വൈകല്യമോ,രചനാ വൈഭവത്തിലെ അപര്യാപ്തതയോ??

  ReplyDelete
 15. ശക്തമായ പ്രമേയം.. അനാഥ ജീവിതത്തിന്റെ ഒരു ഗ്രെ കളർ..ആശംസകൾ..

  ReplyDelete
 16. ഒരു നല്ല കവിത, അവസാന വരികളില്‍ മറ്റെങ്ങോട്ടോ,
  വഴിമാറ്റിസഞ്ചരിപ്പിച്ചതില്‍ ഖേദമുണ്ടെങ്കിലും,ഒരു കവി മനസ്സിന്റെ,
  തിരയല്‍വരികളില്‍ നുര എടുക്കുന്നുണ്ട്. ഫെമിന്‍.. ഭാവുകങ്ങള്‍.

  ReplyDelete