Saturday, July 15, 2017

ചിതറാൽ


 


ദൈവം ഉറങ്ങിപ്പോയ ഏഴാമത്തെ പകൽ,
ഹേമന്തം, വർഷത്തെയും വസന്തത്തെയും കൂട്ടി യാത്ര പോയി ...

കല്ലുകളിൽ ഉറങ്ങുന്ന ദൈവത്തെ കൊത്തിയുണ്ടാക്കി,

വിശന്നപ്പോൾ കുളക്കരയിൽ ഇരുന്നു പുകക്കണ്ണടയിലൂടെ പരസ്പരം നോക്കി...

ഹേമന്തം വസന്തത്തെയും, വസന്തം വർഷത്തെയും ചുംബിച്ചു...

ദൈവമുണർന്നു പോയെങ്കിലോയെന്നു ഹേമന്തം ധൃതിയിൽ തിരികെ നടന്നു..

സുഗന്ധങ്ങളും വർണങ്ങളും കൊണ്ട് ചിറകുകൾ തുന്നുകയായിരുന്നു ദൈവമപ്പോൾ...

കുളിരു കൊണ്ടൊരു കുപ്പായമപ്പോൾ നിലാവിൽ തിളങ്ങുന്നുണ്ടായിരുന്നു...

ദൈവമിനിയും ഉറങ്ങുന്ന പകലും കാത്തു വഴിയിൽ നിൽക്കയാണ്‌ പാവം ഹേമന്തം..

Saturday, January 31, 2015

സ്വാർത്ഥം


ദയ എന്ന് പേരുളള എന്റെ മകൾ ഉറങ്ങുകയായിരുന്നു...

സ്വപ്നങ്ങളിലെ അവളുടെ സ്വർണ മീനുകളെ,
അവളുടെ ഇമയനക്കങ്ങളിലൂടെ, ചെറു പുഞ്ചിരിയിലൂടെ
ഞാൻ സങ്കല്പിച്ചെടുക്കുകയായിരുന്നു...

അവളുടെ ഓരോ നിശ്വാസത്തിലും വെളുത്ത മിനുത്ത തൂവലുകൾ,
രണ്ടു കരടി പാവകളുടെ ചിത്രമുളള ഉടുപ്പിൽ വിറകൊണ്ടു നിൽക്കുകയായിരുന്നു...

സുബിദിന്റെ വർണ പമ്പരങ്ങളിലേക്ക് അവളുടെ കുഞ്ഞു ചിറകുകൾ തിടുക്കപ്പെടുകയായിരുന്നു...

ഇളം നീല നിറത്തിൽ അരികുകളുളള വെളുത്ത കിടക്കയിൽ ദയ ഉറങ്ങുകയായിരുന്നു...

ദയ വന്ന പിന്നെ കെടുത്തിയിട്ടേയില്ലാത്ത മേശ വിളക്കിനരികിൽ
രാപ്പാറ്റകൾ തങ്ങളുടെ അവസാന നൃത്തം പരിശീലിക്കയായിരുന്നു...

കൃഷ്ണപക്ഷത്തിലെ അരണ്ട നിലാവ്, എന്റെ ചുമരുകളെ നിഴലുകളുടെ ഇരുണ്ട നാവുകൾക്കു എറിഞ്ഞു കൊടുക്കുകയായിരുന്നു..

നിലാവിൽ മേൽക്കൂര കൂടിയെനിക്ക് നഷ്ടമാകുമോയെന്നു ഭയന്ന ആ നിമിഷം തന്നെയാണ് ,
ദയയുടെ കിടക്കയിലേക്ക് വരിയും നിരയും തെറ്റിയോരുറുമ്പ് കയറിയത്...

എന്റെ കുഞ്ഞ് എന്റെ കുഞ്ഞ് എന്ന
സ്വാർത്ഥത രണ്ടു വിരലുകൾ കൊണ്ട് ആ ഉറുമ്പിനെ കൊന്നൂ..

ദയയില്ലാത്ത അമ്മേയെന്നു ഒരു വരിയുറുമ്പെന്നോടു വിലപിക്കുന്നു..

ദയ ഉറങ്ങുകയായിരുന്നൂവെന്നു ഞാൻ നിസ്സഹായയാകുന്നു..

വീട് തേടി നടന്ന കുഞ്ഞിനെ കൊന്നു കളഞ്ഞില്ലേയെന്നു ശപിക്കുമ്പോൾ ഞാൻ കണ്ണുനീരു കൊണ്ടു ഉറുമ്പിൻ കൂട്ടത്തെ സ്നാനപ്പെടുത്തുന്നു..

Tuesday, August 20, 2013

പട്ടം


നീ കുരുങ്ങി കിടക്കുന്ന
ആ പ്രണയത്തിന്റെ ചില്ലയിൽ
ഓരോ കാറ്റും നിന്നെ തകർക്കുന്നു
ഓരോ മഴനൂലും നിന്നെ കുതിർക്കുന്നു.
കണ്ണെത്താ കൊമ്പിൽ കുടുങ്ങിയ നിന്നെ-
വിടുവിക്കുന്നത് എങ്ങനെയെന്നു ഓർമ്മകളിലേക്ക് 
ഞാൻ തിടുക്കപ്പെടുന്നു...

കാറ്റിനൊപ്പം പാറുമ്പോൾ, 
നീയെനിക്കു പ്രണയമായിരുന്നു 
 മഴ കൊള്ളാതെ കാത്തു നിന്റെ-

ചിറകുകളെ ബന്ധിച്ചു വീട്ടിലേക്കോടുമ്പോൾ,
 എന്റെ ജീവിതവും ..

കടലു പോലെ കനത്ത,

നിലാവ് പോലെ വിളർത്ത,
കണ്ണുനീര് പോലെ തെളിഞ്ഞ
എന്റെയാകാശത്തിൽ നീ കാറ്റിനൊപ്പം നൃത്തം വച്ചു
എന്റെ വിരലുകളും നിന്റെ ചിറകുകളും

താഴ്വരയിലെ കാറ്റിനൊപ്പം പ്രണയിച്ചു.. 
എന്റെ വിരലുകളിൽ നിന്റെ 

നേർത്തു നേർത്ത നൂലുമ്മ വച്ചു..

മഴക്കാലത്തെ പ്രാകി ,
ഒരു പുതപ്പിനുള്ളിൽ നാമെത്രയോ ജന്മം പനിച്ചു കിടന്നൂ 

എന്നിട്ടും, ഒരു കൊള്ളിയാൻ വെട്ടത്തിൽ 
 നിന്റെ നൂലുമ്മകളേറ്റ എന്റെ വിരലുകൾ നിന്റെ നൃത്തം മറന്നൂ..
 നില തെറ്റി കൂപ്പു കുത്തുന്ന നിന്റെ പ്രണയം മറന്നൂ..

അടുത്ത മഴക്കാലം,
എത്രയോ സമർഥമായി
 നിന്റെ ഓർമ്മകളെ പോലും എന്നിൽ നിന്നും കട്ടെടുത്തു
ഇന്ന് പുലർന്നപ്പോൾ 
 മുറി നിറയെ കാറ്റ്
 കൈവിരലുകളിൽ നൂലുമ്മ പാടുകൾ 
 പുറത്തെ പേരറിയാ മരത്തിൽ

കണ്ണെത്താ കൊമ്പിൽ 
കുടുങ്ങി 
കിടക്കുന്ന 
നീ..

Monday, June 10, 2013

എന്റെ കുഞ്ഞു തിരുത്തുകൾ


പറയാനറിയാത്ത നോവുകളാൽ
നീ കവിൾത്തടം നനയ്ക്കുമ്പോൾ
എഴുതാനറിയാത്ത നൊമ്പരത്താൽ
ഞാൻ തളരുകയാണ്, തളരുകയാണ്...

എന്റെ രക്തം പാനം ചെയ്ത്,
 എന്റെ മാംസം ഭക്ഷിച്ച്‌, നീ
ഉറക്കത്തിലേക്ക് വഴുതുമ്പോൾ
നിന്റെ കണ്ണുകൾക്ക്‌ എന്റെ -
കാഴ്ച്ചകളുടെ ചായയുണ്ടെന്നും
നിന്റെ പ്രാണന് എന്റെ -
പ്രണയത്തിന്റെത്  പോലെ ഇരുണ്ട
ചുവപ്പാണെന്നും എന്റെ മനസ്
പിറുപിറുക്കും,
വീണ്ടും വിശന്നു നീ
ഉറക്കം ഞെട്ടി കരയുവോളം.

കുഞ്ഞേ , നീ എന്റെ കണ്ണുകളിൽ
തിരയുന്ന ആ ആറാമത്തെ
വൻകര ഏതെന്നറിയാൻ
എനിക്കും കൗതുകമുണ്ട്  .

പ്രാർത്ഥനയിലെന്ന പോലെ
മിഴികൾ പൂട്ടി നീ നുകരുന്ന
മുലപ്പാലിന്റെ രുചിയറിയാൻ
ഞാനെന്റെ ഓർമ്മകളെ
ഖനനം ചെയ്തു കൊണ്ടേയിരിക്കുന്നു...
ആ പ്രാർത്ഥനയിൽ പങ്കു ചേരാൻ
എന്നിലെ കുട്ടി മനസ്സ് അമ്മയെ തിരയുന്നു ..

പ്രണയം നിറഞ്ഞു തുളുമ്പുന്ന
ഒരു ചഷകമാണ് എന്റെ ഹൃദയമെന്ന്-
ഞാനൊരു പേക്കിനാവ് കണ്ടത് എന്നായിരുന്നു..?
കുഞ്ഞേ, അത് നീയെന്നിൽ ഉരുവം -
കൊള്ളും മുൻപായിരിക്കും എന്നുമാത്രം എനിക്കറിയാം.
അകവും പുറവും നീയാണ് , നീ മാത്രം .

നിന്റെ വരവ് ഒരു പ്രവാചകന്റെതു  പോലെ
ഇത് വരെ അറിയാത്ത വെളിച്ചം , നിറയെ
ആദ്യമായി കാണുന്ന ദേശം , ഞാൻ എന്നെ
നിന്റെ വിരൽപാടേറ്റ ഇടങ്ങളെങ്ങും പച്ചപ്പ്‌
വാക്കുകൾ കൊണ്ട് അശുദ്ധമാകാത്ത
നിന്റെ നാവിൽ നിന്നും , ദൈവത്തിന്റെ പൂന്തോപ്പിലെ ഉറവ-
എന്നിലേക്ക്‌...എന്നിലേക്ക്‌....

ശരീരമെന്ന അപകർഷത
എന്നിൽ നിന്നും മാഞ്ഞു പോയി,
നീ വന്നപ്പോൾ..

വസന്തം വരാതെ തന്നെ
ഞാനാകെ പൂത്തുലഞ്ഞു പോയി ,
നീ വന്നപ്പോൾ.. 

പൂക്കൾക്ക് നിന്റെ നിറം, നിന്റെ മണം
ഇലകൾക്ക് നിന്റെ കൗതുകം, നിന്റെ താളം
വേരുകൾക്ക് നിന്റെ ആർദ്രത, നിന്റെ ആഴം

നീ വന്നു വസിച്ചത് കൊണ്ട് മാത്രം
ഇതാ എന്റെ ശരീരം ഒരത്ഭുതമാവുകയാണ് ,
ഒന്നാമത്തെ ലോക മഹാത്ഭുതം
(എനിക്കും നിനക്കുമെന്നു നീ ചിരിക്കേണ്ട
എല്ലാ  അമ്മമാരും ഓരോ അത്ഭുതങ്ങളാണ്)

മാലാഖമാരുടെ ലിപിയിൽ നീയെന്റെ ഉദരത്തിലെഴുതിയതെന്തെന്നു
ഞാൻ നിന്നോട് ചോദിക്കുമ്പോഴൊക്കെയും 
എന്തിനാണ് നീയിങ്ങനെ ചിരിക്കുന്നത്?
ചിലപ്പോൾ സങ്കടപ്പെടുന്നത്?
നിറഞ്ഞ മൗനത്താൽ
എന്റെ ഉള്ളം മുറിയ്ക്കുന്നത് ?

ഏതു മുറിവിന്റെ ഓർമ്മകളിലാണ്
നീയിപ്പോഴും, പാതി മയക്കത്തിൽ തേങ്ങുന്നത്‌?
ഏതു നോവാറ്റാനാണ്
കുഞ്ഞി കൈകൾ കൊണ്ട് നീ ഉദരമുഴിയുന്നത് ?

എനിക്കും നിനക്കുമിടയിൽ അറ്റു പോകാതെ
എന്തോ ഒന്നുണ്ട് ,
അടുത്ത പ്രപഞ്ച സൃഷ്ടികാലത്തെയ്ക്കും
ദൈവം നമുക്കായി കരുതിയത്‌..

പുലരട്ടേ എന്റെയെല്ലാ ജന്മങ്ങളും
നിനക്കമ്മയാകാൻ....

Monday, March 25, 2013

പുഴ മരിക്കട്ടെ


 
 
 
 
 
 
 
 
 
 
 
 
 
 
അതിപുരാതനമായ പാറക്കെട്ടുകളിൽ
കുരുങ്ങി കിടക്കുകയാണ് എന്നിലെ പുഴ,
ഒഴുകാൻ   വെമ്പി വെമ്പി ഒരിക്കൽ ഞാൻ,
 ദൈവമേ നിന്നിലേക്ക്‌ പൊട്ടിച്ചിതറും..
ഈ ലോകത്തിന്റെ അറ്റത്തേക്ക് ഒഴുകിപോകും ...

ഈ പാറകെട്ടുകൾ  എന്നെ എത്രമേൽ പോള്ളിക്കുന്നുവ
അത്രമേൽ ഞാൻ നിന്നെ പ്രണയിക്കുന്നു ......

ഉച്ചവെയിൽ എന്നെ കുടിച്ചു വറ്റിക്കും മുൻപ്
ഒരു പ്രാര്ത്ഥന കൂടി ,

എന്റെ ചിതറുന്ന ചിന്തകളെ കൂടി
നിന്റെ മരു മരങ്ങൾ പാനം  ചെയ്യട്ടെ...
എന്റെ നിറയുന്ന മിഴിനീരു കൂടി
നിന്റെ കൃഷിയിടങ്ങളെ കൊഴുപ്പിക്കട്ടെ..
കിനാവിന്റെ ഒരിത്തിരി നിലാ വെളിച്ചത്തെ കൂടി
നിന്റെ കിങ്കരന്മാർ പങ്കുവയ്ക്കട്ടെ ..

കരിമ്പാറകൾ തകർന്നു പോകുന്ന
ലോകാവസാനം വരാൻ പ്രാർത്ഥിച്ചു  പ്രാർത്ഥിച്ചു
എന്നിലെ പുഴ മരിക്കട്ടെ,

ലോകാവസാനം വരാൻ പ്രാർത്ഥിച്ചു  പ്രാർത്ഥിച്ചു
എന്നിലെ പുഴ മരിക്കട്ടെ....