Friday, March 25, 2011

ഏഴു പേരവര്‍ സ്വയം നഷ്ടപെട്ടവര്‍

അയാള്‍ക്കെപ്പോഴും ദേഷ്യമാണ് .
ഒഫീസിലെന്നും വൈകിയെത്തുന്ന അറ്റെന്ററോട്,
ഉച്ച ഭക്ഷണമെത്തിക്കാന്‍ മറക്കുന്ന ഡ്രൈവറോട്, 
രാത്രിയിലുച്ചത്തില്‍ കരയുന്ന തന്‍റെ കുഞ്ഞിനോട്,
ഉണര്‍ന്നിരുന്നുറക്കെ ചുമയ്ക്കുന്ന അച്ഛനോട്,
ഉറക്കത്തിലേതോ കിനാവിനോട് ചിരിക്കുന്ന ഭാര്യയോട്‌.

മറ്റൊരാള്‍ക്ക്‌ ഒക്കെയും രഹസ്യമാണ്.
തന്നെയെപ്പോഴും ഉറ്റു നോക്കാന്‍ രണ്ടു 
സൂക്ഷ്മ ദര്ശിനി കണ്ണുകളുന്ടെന്നും,
മിണ്ടുന്നതും ചെയ്യുന്നതുമൊക്കെ 
ചുമരുകളും മരങ്ങളും മേഘങ്ങളും 
വിളിച്ചു പറഞ്ഞു നടക്കുമെന്നും 
നിനച്ചയാല്‍ ഒരു കള്ളനെ പോലെ ജീവിക്കുന്നു.

വെരോരുവന്റെ അലസതയ്ക്കു 
തണുപ്പാണ്, മരണത്തിന്‍റെ തണുപ്പ്..
അവനിരവ് പകലുകളരിയില്ല,
കാല ദേശ ബോധമില്ല ,
വിശപ്പും ദാഹവും മുഷിപ്പുമറിയില്ല. 
ഒരു കുന്നോളം പോന്ന സ്വപ്‌നങ്ങള്‍ 
പുതച്ചു, അബോധത്തിന്റെ സുഖമുള്ള 
ആലസ്യത്തില്‍ അവനെപ്പോഴുമെന്തോ 
ചിന്തിച്ചു കൊണ്ടിരിക്കും.    

വേറൊരാള്‍ക്ക് എല്ലാവരോടും അസൂയയാണ്.
ഉദ്യോഗ കയറ്റം കിട്ടിയ സഹപ്രവര്ത്തകനോട് ,
പുതിയ കാറ് വാങ്ങിയ അയല്‍കാരനോട്,
വലിയ വീട് വച്ച സ്വന്തം സഹോദരനോട്,
രാത്രിയില്‍ സുഖമായുറങ്ങുന്ന വീടിനോട് പോലും.

മറ്റൊരാള്‍ക്ക് സ്വന്തം ത്രിഷ്ണകളോട് പ്രണയം.
സഹയാത്രിക മുലയൂട്ടുമ്പോഴും, കൂട്ടുകാരിയുടെ-
പുടവയുലയുംപോഴും നോട്ടമിടറുന്നവന്‍..
അനുദിനം വളരുന്ന പെങ്ങളുടെ മാറില്‍ നോക്കിയും,
അടുക്കളയില്‍ നട്ടം തിരിയുന്ന അമ്മയുടെ അരക്കെട്ട് കണ്ടും
നെടുവീര്‍പ്പിട്ടുറങ്ങുന്നിവന്‍,
ശാരിയെ പിന്നിലിരുത്തി സൂര്യനെല്ലിയിലേക്ക് 
ബൈക്കോടിക്കുന്നത് സ്വപ്നം കാണുന്നു.

വേറൊരാള്‍ക്ക് ഞാനെന്ന ഭാവമാണ്.
കണ്ണില്‍ പെടുന്നതിനോടും കാതില്‍ വീഴുന്ന-
തിനോടുമൊക്കെ പുച്ഛമാണ്.

ഇനിയോരാളുടെ മോഹങ്ങള്‍ വാനോളമാണ്.
തന്നിലെത്തുന്ന സൌഭാഗ്യങ്ങളിലോന്നും
സന്തുഷ്ടനാകാതെ,
താണ്ടുന്ന ഉയരങ്ങളിലൊന്നും സംത്രിപ്തനാകാതെ
അയാള്‍ കാത്തിരിക്കുന്നു അയാള്‍ക്കിനിയും
ലഭിക്കാത്ത അന്ഗീകാരങ്ങല്‍ക്കായ്..
  
ഉറക്കം നഷ്ടപ്പെട്ടിവരേഴു പേരും,
ജീവിതത്തില്‍ നിന്നും ഇറങ്ങി നടക്കുകയാണ്,
എങ്ങോട്ടെക്കോ ..

Friday, March 18, 2011

ചൈല്‍ഡ ലൈന്‍


പീടികത്തിണ്ണയില്‍,
കയ്യിലൊരു തുണിക്കെട്ടുമായി 
കറുത്ത് മെലിഞ്ഞൊരു പയ്യന്‍.

അങ്ങിങ്ങ് കീറിയ കുപ്പായത്തിന്‍
കുടുക്കുകളെല്ലാം പൊട്ടിയിട്ടുണ്ട്.
നനവുള്ള വലിയ കണ്ണുകളില്‍ 
കാഴ്ച മറിഞ്ഞു കൃഷ്ണമണി ചലിക്കുന്നുണ്ട്. 
പാതി തുറന്ന വായില്‍ നിന്നിറ്റുന്ന
ഉമിനീര് വീണു കുപ്പായ ചുമലു നനഞ്ഞിട്ടുണ്ട്.
അവന്നരികിലേക്കാരോ  എറിഞ്ഞു കൊടുത്ത 
അപ്പക്കഷണം ഉറുമ്പരിക്കുന്നുണ്ട്. 
ഒട്ടിയ വയറും പതറുന്ന ചുവടുകളും 
അവന്നു വിശക്കുന്നുവെന്നു പറയാതെ പറയുന്നു..
എവിടെയാണിവനെ ആദ്യമായി കണ്ടത്?
കണ്ണും കാതുമടച്ചു തന്നിലേക്ക് നടന്നു തുടങ്ങിയിട്ടും 
ഓര്‍മ്മകളില്‍ ചിലതെല്ലാം ചിതലെടുക്കാതുണ്ട്.

വയലോരത്തൊരു മരത്തണലില്‍ 
അലക്കിയ കുപ്പായവും നിക്കറുമിട്ടു 
ചീകിയൊതുക്കിയിരുന്നെങ്കിലുമനുസരണ-
ക്കേട്‌ കാട്ടി നെറ്റിയില്‍ പാറിയ 
കോലന്‍ മുടിയ്ക്കിടയിലൂടെ കണ്ണ് മിഴിച്ചു 
വയല്‍ വരമ്പത്തെ ചോറ്റു പാത്രത്തിലും 
വയല്‍ ചേറിലെ അമ്മയുടെ കാലുകളിലും 
മാറി മാറി നോക്കിയിരുന്നിവനെ 
കണ്ടിട്ടുണ്ട് വര്‍ഷങ്ങള്‍ക്കപ്പുറം..

പിന്നെ, കെട്ടിടം പണിയാനിഷ്ട്ടിക
ചുമക്കുമമ്മയെ നോക്കിയും ,
പൊടിയിളക്കി പായുന്ന വണ്ടികള്‍ 
കണ്ടു കണ്ണൂ മിഴിച്ചും..
വായിലേക്കിട്ട കൈവിരലുകളെടുക്കാന്‍ മറന്നും 
നിറയുന്ന കണ്ണുകളടയ്ക്കാന്‍ മടിച്ചും 
പാതി തുറന്ന ഭക്ഷണ പൊതിയുമായവന്‍
നില്‍ക്കുന്ന ചിത്രവും നോവോടെ തെളിയുന്നു.

ചില വൈകുന്നേരങ്ങളില്‍ 
ഒരു കൈ കൊണ്ടമ്മയെ ചുറ്റിപ്പിടിച്ചു 
ഉച്ചത്തിലെന്നാല്‍ അസ്പഷ്ടമായി 
ചിലതെല്ലാം പറഞ്ഞും ചിരിച്ചും..
നാട്ടിടവഴി കയറിയവന്‍ എങ്ങോ 
പോവതും പലവട്ടം കണ്ടു..

മുഷിഞ്ഞ വേഷവും 
ഒറ്റയ്ക്കുള്ളയീ നില്‍പ്പും 
ഒന്ന് മാത്രം വെളിപ്പെടുത്തുന്നു,
അവന്നമ്മയെ നഷ്ടമായിരിക്കുന്നു.

ഊട്ടാനുമുറക്കാനും 
കുപ്പായമലക്കി കൊടുക്കാനും 
ഇനിയവന്നാരുമില്ല..

ഭിക്ഷ യാചിക്കാന്‍ പോലുമരിയാത്തിവന്‍
പെണ്ണല്ലാത്തത് കൊണ്ട് മാംസ വ്യാപരികളുടെയല്ല 
അവയവ വ്യാപാരികളുടെ കയ്യില്‍ പെട്ട് പോയേക്കാം..
ചൈല്‍ഡ ലൈനിന്‍റെ നമ്പറോര്‍ക്കാന്‍ 
ശ്രമിച്ചു കൊണ്ട് ഞാന്‍ വേഗം നടന്നു.
 

Friday, March 11, 2011

ക്ഷുരകന്‍


ആരും മുഖം നോക്കാതെ 
മങ്ങിയൊരു കണ്ണാടി യുണ്ട്,
നിറം കെട്ടു പോയ ചുമരില്‍.

ആരുടേയും മുടി മുറിയ്ക്കാതെ
മൂര്‍ച്ച പോയ കത്രികയുണ്ട്,
പൊടി പിടിച്ച മേശ മേല്‍.. 

ആരുടേയും മുഖം മിനുക്കാതെ 
കട്ട പിടിച്ചു പോയ കുഴമ്പുണ്ട്,
വക്കു പൊട്ടിയ ചില്ല് ചെപ്പില്‍.

ആരും വന്നിരിയ്ക്കാതായിട്ടും
കാലൊടിഞ്ഞു പോയ കസേരയുണ്ട്,
തറയോടിളകിയ മൂലയില്‍.

ആരുമഴിചെടുത്തലക്കി ഉണക്കാതെ 
ചോര മണം മാറാത്ത തിരശ്ശീലയുണ്ട്,
ചില്ല് ജാലകത്തിനിപ്പുറത്ത്.

ആരാലും സ്നേഹിക്കപെടാത്തൊരു 
ഭ്രാന്തനായ ക്ഷുരകനുണ്ടാകം,
ഈ പീടികയ്ക്കുള്ളിലിരുട്ടിലെവിടെയോ.

ആരെയും വേദനിപ്പിക്കാതെ 
ജീവന്റെ ഞരമ്പുകളില്‍ കോറി വരയ-
ക്കുന്നതില്‍ രസം കണ്ടെത്തും വരെയും,
അയാള്‍ സ്നേഹത്തിന്റെയും 
സൌഹൃതത്തിന്റെയും സമ്പന്നതയിലായിരുന്നു.

ഒരുവന്‍റെ മുഖം മിനുക്കുന്നതിനിടെ 
തന്‍റെ ക്ഷൌര കത്തി കൊണ്ടയാള്‍ 
ജീവന്റെ ഞരമ്പ്‌ മുറിച്ചു,
നോവിക്കാതെ , ആരുമറിയാതെ..

അല്പവും നോവാതെ 
ആരാരുമറിയാതെ,
രക്തം വാര്‍ന്നു തന്‍റെ 
സുഹൃത്ത്‌ മരിക്കുമ്പോള്‍ 
ക്ഷുരകന്‍ ആര്‍ത്തു ചിരിച്ചു..

സിരകളില്‍ ഭ്രാന്തിന്‍റെ 
തിരയിളക്കവും,
കയ്യില്‍ തിളങ്ങുന്ന 
ക്ഷൌരക്കത്തിയുമായി
അയാളീ ഇരുട്ടിലെവിടെയോ ഉണ്ട്..

Friday, March 4, 2011

എന്‍റെ കവിതഅലസതയുടെ കാണാക്കയങ്ങളില്‍ വീണ്
ചിന്തകളുടെ പിന്നാമ്പുറങ്ങളില്‍ ഉഴറി
ശുഷ്ക്കമാം പദ സഞ്ചിയില്‍ 
നിന്നും അക്ഷരങ്ങളെ  പെറുക്കിയെടുത്ത്;
കടല്‍ തീരത്ത് മണ്ണ് കൊണ്ട് 
കോട്ട കെട്ടുന്ന കുഞ്ഞിന്‍റെ
വൈദഗ്ധ്യത്തോടെ , അടുക്കി 
വച്ചും, പിന്നെയും പൊളിച്ചും...

  അല്ല, അങ്ങനെയല്ല..

ചിന്തകളില്‍ നിന്നും ഗര്‍ഭം ധരിച്ച്
കുറഞ്ഞ പദസമ്പത്ത് സിരകലിലൂടൂട്ടി
വളര്‍ച്ചയുടെ ചെറു ചലനങ്ങളെയും 
തൊട്ടറിഞ്ഞുമതില്‍ ആഹ്ലാദിച്ചും 
പേറ്റു നോവരിയാതിരിക്കാന്‍
മാസം തികയാതെ കീറിയെടുത്ത്‌
എന്‍റെ കവിത കുഞ്ഞിനെ 
നിറമുള്ള തൂവലുകള്‍ കൊണ്ട് പൊതിഞ്ഞു 
പ്രിയമുള്ലോര്‍ക്കൊക്കെ കാട്ടി കൊടുത്ത് 
അവരുടെ തിളങ്ങുന്ന മിഴികളില്‍ 
സംതൃപ്തി കണ്ടെത്തി..

 അങ്ങനെയൊന്നുമല്ല..

സ്വപ്നങ്ങളുടെ വര്‍ണ ചിറകുകള്‍ വിടര്‍ത്തി 
പാരതന്ത്ര്യത്തിന്റെ മതില്ക്കെട്ടിന്നു 
പുറത്തേക്കു, സ്വതന്ത്ര ചിന്തകളുടെ 
ആകാശത്തിലെക്കുയര്‍ന്നു..
വിലക്കപ്പെട്ട പ്രണയ സൂനത്തിന്‍
മധുവെല്ലാം നുകര്‍ന്ന്..
നാളെയോരായിരം ചിറകുകള്‍ 
ബന്ധനമില്ലാതെ പറക്കാന്‍ 
ആലില കുമ്പിളില്‍ അക്ഷര മുട്ടകള്‍ 
കൂട്ടി വച്ച്..
ദിനാന്ത്യത്തില്‍ ഒരു മെഴുകുതിരി 
നാളത്തില്‍ പാറിവീണു..  

      ഏയ് , അങ്ങനെയൊന്നുമല്ല.

ചിന്തകളുടെ ചിപ്പിക്കുള്ളില്‍ നിന്നും 
അക്ഷര മുത്തുകളെ കവര്‍ന്നെടുത്തു 
മാലകള്‍ കോര്‍ത്ത്‌, നാലാള് 
കൂടുന്ന കവലയിലെ, പ്രദര്‍ശന 
ശാലയില്‍ തൂക്കിയിട്ടു..
കാണാനെതുന്നവരോട് കുശലം 
പറഞ്ഞും, ചിരിച്ചും..
          
ഇനി സത്യം പറയാം..

പ്രണയത്തിന്‍റെ മൂര്‍ച്ചയില്‍ 
പിറന്ന രണ്ടു വരികള്‍..
നിരാശയുടെ പടുകുഴിയില്‍ 
വഴുതിയ വാക്കുകള്‍..
ആത്മാന്വേഷനതിന്റെ ധ്യാന-
ത്തിലൂറിയ ചില ചിന്തകള്‍..
എല്ലാം ചേര്‍ത്ത് വച്ച്
പ്രതീക്ഷകളുടെ നക്ഷത്രത്തെ 
കൊളുത്തിയ മണ്‍ചിരാതിന്റെ 
വെട്ടത്തില്‍..
ഞാനെന്‍റെ അക്ഷരങ്ങളെ 
കവിതയെന്ന ലേബലൊട്ടിച്ചു 
ഈ വഴിയോരത്ത് 
ഒറ്റയ്ക്ക് നിര്‍ത്തുന്നു.