Friday, January 28, 2011

കട്ടെടുക്കാം ചിന്തകള്‍..



എന്നില്‍ നന്മയുടെ വിത്ത് വിതച്ചിട്ടുണ്ട്
ദൈവമെന്നു നീ..
വെള്ളം തേവി,വെള്ളം തേവി നിന്‍റെ
കൈ കുഴഞ്ഞിട്ടുണ്ടാകുമല്ലേ..?
വേരുകള്‍ ആഴം തേടുന്നതും
ഞരമ്പുകളില്‍ പച്ച രക്തമൊഴുകുന്നതും
പ്രതീക്ഷയുടെ നാമ്പുകള്‍ തളിരിടുന്നതും
ഉള്ളില്‍ നല്ല നാളെകള്‍ മൊട്ടിടുന്നതും
ഞാന്‍ അറിയുന്നു, നിനക്ക് ഞാന്‍
തണലാകും; എനിക്കും .. ഉറപ്പ്.

ഞാന്‍ വീണു പോയേക്കാമായിരുന്ന ഗര്‍ത്തത്തില്‍ നിന്നും
ഏറെ അകലെയാണ് ഞാനെന്നുര ചെയ്തു  നീ..
വഴി തെളിച്ചു, വഴി തെളിച്ചു നിന്‍റെ
കാലുകള്‍ തളര്ന്നിട്ടുണ്ടാകുമല്ലേ...?
വെളിച്ചത്തിന്റെ നേര്‍ത്ത രേഖകള്‍
എന്‍റെ ശിരസ്സില്‍ തൊടുന്നതും
കാല്‍ ചുവട്ടിലെ വരണ്ട മണ്ണില്‍
ദൈവാനുഗ്രഹത്തിന്റെ ഈറന്‍ പടര്‍ന്നു
എന്‍റെ കാലടികളിലെ പൊള്ളലില്‍
മരുന്ന് പുരട്ടുന്നതും
ഞാന്‍ അറിയുന്നു... ഞാന്‍ വെളിച്ചം
നേടും ഉറപ്പ്...

അര്‍ദ്ധനിദ്രയില്‍ ഞാന്‍ പോകാറുള്ള
മിന്നാമിന്നികളുടെ താഴ്വര എന്‍റെയുള്ളിലെ
അഗ്നിയാണെന്നു നീ..
തീക്കട്ടയെ ഊതിയൂതി ജ്വലിപ്പിച്ചു നീ
ഏറെ വിയര്‍ത്തിട്ടുണ്ടാകുമല്ലേ...?
എന്‍റെ സ്വപ്നങ്ങളിലെന്ന പോലെ
 ചെയ്തികളിലും അഗ്നി പടരുന്നത്‌
ഞാന്‍ ഹര്‍ഷോന്‍മാദത്തോടെ അറിയുന്നു..
എന്‍റെ ചിന്തകളിലേക്കാ  നാളം പകരും
എന്നിട്ടീ അക്ഷരങ്ങളെ ഞാനതില്‍
സ്ഫുടം ചെയ്തെടുക്കും, ഉറപ്പ്..

എന്‍റെ പ്രണയം ദൈവത്തിന്‍റെ 
തൂവാല പോലെ ആര്‍ദ്രമെന്നു നീ..
ഈ തെളിനീരുറവയില്‍ നിന്നും 
പാനം ചെയ്തു, പാനം ചെയ്തു നിന്‍റെ 
ദാഹമറ്റിട്ടുണ്ടാകുമല്ലേ..?
നിന്‍റെ തണുവിരല്‍  സ്പര്‍ശം 
എന്നില്‍ നിറയ്ക്കുന്ന ആത്മ വിശ്വാസത്തെ
നിന്‍ തപസ്സിന്‍ കാന്ത തരംഗങ്ങള്‍ 
എന്‍റെ ഹൃദയത്തില്‍ കൊളുത്തി വയ്ക്കുന്ന 
വെള്ളി നക്ഷത്രത്തിന്റെ ഒളിയെ 
ഞാനറിയുന്നു..

എനിക്ക് തണല്‍ മരമാകണം
എന്നില്‍ വെളിച്ചം നിറയണം
അതിലെന്റെ അക്ഷരങ്ങളെ 
സ്ഫുടം ചെയ്യണം..
അതിനു ഞാനെന്നെ പ്രണയിക്കണം..

കുറിയ്ക്കണം ചിന്തുകള്‍ , നിന്‍റെ ചിന്തകള്‍
കട്ടെടുത്തിട്ടെങ്കിലും ...







ചിത്രത്തിന് കടപ്പാട്:അഡ്വക്കേറ്റ് എ ജി ശ്യാം കുമാര്‍ 

Saturday, January 15, 2011

എനിക്കൊരു പ്രണയമുണ്ടായിരുന്നു


എനിക്കൊരു പ്രണയമുണ്ടായിരുന്നു
ഓരോ നന്മയേയും തന്‍റെ കിരീടത്തിലെ രത്നങ്ങളാക്കിയ
ചക്രവര്‍ത്തിയോട്.
കിരീടത്തിനു മേല്‍ മയില്‍‌പീലി തിരുകിയുട്ടുണ്ടായിരുന്നെങ്കിലും
അവന്‍ കണ്ണനായിരുന്നില്ല.
സര്‍പ്പമിഴയുന്ന തോളുകളായിരുന്നവന്റെതെങ്കിലും, തിരുജടയില്‍
നദികളൊന്നുമൊളിപ്പിചിരുന്നില്ല.
എന്‍റെ കന്യാ തപസിന്‍റെ തിരി താഴ്ത്തുമ്പോള്‍ അവന്‍
കാതില്‍ മന്ത്രിക്കുന്നുണ്ടായിരുന്നു,
'ഞാന്‍ ചുംബിക്കുന്ന ആദ്യത്തെ പെണ്ണ് നീയാണ്,
ഞാന്‍ പുണരുന്ന ആദ്യത്തെ പെണ്ണ് നീയാണ്,
ഞാന്‍ കാമിക്കുന്ന ഒരേയൊരു പെണ്ണും നീയാണ്.'
  
അവന്‍റെ കൊട്ടാരത്തില്‍ എനിക്കായ് ഒരു അറയുണ്ടാടിരുന്നു.
രണ്ടു വാതിലുകളുള്ള ഒരു അറ.
ഒരു വാതില്‍ കൊട്ടാരത്തിനുള്ളിലെക്കും
മറ്റൊന്ന് പുറത്തേയ്ക്കും തുറക്കാവുന്നത്..

രണ്ടു വാതിലുകളുടെയും താക്കോല്‍ അവന്‍റെ കയ്യിലായിരുന്നു.
അവന്‍റെ പ്രണയ സാമ്രാജ്യത്തിന്റെ പരിധിക്കുള്ളിലായ നാള്‍ മുതല്‍
എന്‍റെ സാമ്രാജ്യം ആ അറയായിരുന്നു.

പ്രണയത്താല്‍ ആകെ നനഞ്ഞ
കാമത്താല്‍ ആകെ ഉലഞ്ഞ
ഒരു പകല്‍, അവന്‍ താക്കോല്‍
എന്‍റെ കിടക്കയില്‍ വച്ചു മറന്നു..

താക്കോല്‍ ഞാനെടുത്തു വച്ചു
അവന്‍റെ അടുത്ത സന്ദര്‍ശനത്തിനു
തിരികെ യേല്പ്പിക്കാം..

വിരഹത്തിന്‍റെ വിരസത സമ്മാനിച്ച ബലം കൊണ്ടു
ഞാനാദ്യമായി അവന്‍റെയനുവാദമില്ലാതെ ആ വാതില്‍ തുറന്നു,
കൊട്ടാരത്തിനകത്തേക്ക് തുറക്കുന്നത്.

എന്‍റെ പ്രണയ ചക്രവര്‍ത്തിയെ തേടി ഞാന്‍ നടന്നു.
ചില്ലുജാലകങ്ങളുള്ള മുറിയ്ക്കുള്ളില്‍ അവന്‍ ശയിക്കുന്നത്‌
കണ്ടു..

അവനരികില്‍ അലസമായ് കിടക്കുന്നവളോട്
മൃദുലമായ് മന്ത്രിക്കുന്നത് കേട്ടു,
'ഞാനാദ്യമായി ചുംബിക്കുന്ന പെണ്ണ് നീയാണ്,
ഞാനാദ്യമായി പുണരുന്ന പെണ്ണ് നീയാണ്,
ഞാന്‍ കാമിക്കുന്ന ആദ്യത്തെയും അവസാനത്തെയും പെണ്ണ്
നീ തന്നെ.'

താക്കോല്‍ ദൂരെയ്ക്കെറിഞ്ഞു ഞാനാ
കൊട്ടാരം വിട്ടിറങ്ങി.

ഇപ്പോള്‍ എന്‍റെ കുടിലില്‍ ഈ പാമാരത്വത്തില്‍
എനിക്ക് പരമ സുഖം..
എനിക്കൊരു പ്രണയമുണ്ടായിരുന്നു...

Saturday, January 8, 2011

ഇന്നും നാളെയും


എന്‍റെ വികലാക്ഷരങ്ങളെ
നോക്കി ആര്‍ത്തു ചിരിക്കുന്നവരോടെനിക്ക്
ബഹുമാനമാണ്...
നാളെയെന്റെ അക്ഷരങ്ങളില്‍ അച്ചടി മഷി
പുരളുമ്പോള്‍ എനിക്ക് സ്തുതി പാടേണ്ടവരാണവര്‍ ...

എന്‍റെ താളം തെറ്റിയ പാട്ട് കേട്ട്
നെറ്റി ചുളിക്കുന്നവരോടെനിക്കു സ്നേഹമാണ്...
നാളെയെന്റെ ഗാനത്തില്‍ ഉന്മത്തരായി എന്‍റെ 
ഓരോ വരി പാട്ടിനും കാതോര്‍ത്തിരിക്കെണ്ടവര്‍..

എന്‍റെ ഇരുള്‍ നിറഞ്ഞ ജീവിതം നോക്കി
സഹതപിക്കുന്നവരോട് എനിക്ക് വെറുപ്പാണ്
സ്നേഹത്തിന്‍റെ മതില്‍ കെട്ടുകള്‍ക്കുള്ളില്‍
അനുസരണത്തിന്റെ പര്‍ധയ്ക്കുള്ളില്‍
 പ്രിയമുള്ളവരെ സന്തോഷിപ്പിച്ചു കൊണ്ടു
ഞാന്‍ ജീവിക്കുമ്പോള്‍ എന്നെ പഴി
പറയേണ്ടവരാണവര്‍  ..

നിന്നോടെനിയ്ക്ക്


എനിക്ക് പ്രണയമാണ് നിന്നോട് ,
പക്ഷെ നിന്‍റെ ഇഷ്ടം നേടാന്‍ 
എന്നില്‍ നന്മയുടെ കണിക പോലുമില്ല

നിന്‍റെ കൈ കോര്‍ത്ത്‌ നടക്കുന്ന 
സുഹൃത്തുക്കലോടെനിക്ക് അസൂയയാണ് .
അവര്‍ക്കൊപ്പം ചിലവിടുന്ന നിമിഷങ്ങളില്‍ 
നിന്‍റെ മുഖത്ത് വിടരുന്ന ചിരിയോടെനിക്ക് 
പുച്ഛമാണ് .

എനിക്ക് പ്രണയമാണ് നിന്നോട് ,
പക്ഷെ നിന്‍റെ നിറകണ്ണു തുടയ്ക്കാന്‍ 
എന്‍റെ കയ്യില്‍ തൂവാലയില്ല 

നിന്‍ നേര്‍ക്ക്‌ നീളുന്ന അനേകം 
തൂവാലകളോടെനിക്ക്  വെറുപ്പാണ്.
തൂവാല കുതിര്‍ന്നും തരിവളകള്‍ 
കിലുങ്ങിയും പെയ്തൊഴിയുന്ന നിന്‍റെ 
കണ്ണീരിനോടെനിക്ക് അറപ്പാണ്.
    

Friday, January 7, 2011

ഓരോ തണല്‍ മരവും പറയുന്നത്


വെയിലിനെ പ്രണയിച്ച്  , വെയിലിനെ പ്രണയിച്ച്
തണല്‍ മരങ്ങളെ ഞാന്‍ മറന്നു തുടങ്ങിയപ്പോള്‍
മാരിയായി നീ എന്നില്‍ നിര്‍ത്താതെ പെയ്തു
പ്രളയമായി നീ എന്‍റെ ദാഹം ശമിപ്പിച്ചു

മഴ തോര്‍ന്നു , വെയില്‍ കനത്തു 
പ്രളയം കഴിഞ്ഞു , ഭൂമി വരണ്ടു 
ആദ്യമായി ഞാന്‍ നിന്നു വിയര്‍ത്തു 
നീയാം തണല്‍ വിതുള്ളില്‍ കിളുര്‍ത്തു

തളിരായി ഇലയായി പൂവായി കനിയായി
നീ എന്‍റെ ഹൃദയത്തില്‍ പടര്‍ന്നു 
നിന്‍റെ തണലില്‍ നിന്നിട്ടും എന്നെ 
പുണര്‍ന്ന വെയിലിനെ ഞാന്‍ വെറുത്തു 

നിന്‍റെ തണല്‍ കൊണ്ടൊരു കുടീരം 
നിന്‍റെ കരുതല്‍ കൊണ്ടൊരു ഹിമ ശയ്യ 
വേനലിനെ തോല്‍പ്പിക്കാന്‍, വെയിലിനെ 
പ്രണയിക്കാതിരിക്കാന്‍ അത് മതിയായിരുന്നു 
എന്നിട്ടും...

നീ പെയ്തു കൊണ്ടേയിരിക്കുന്നു 
വെയില്‍ നാലാം തോടാതെന്നെ കാക്കുന്നു 
ഞാന്‍ അറിയുന്നു, എന്‍റെ ഹൃത്തില്‍ 
നിറയുന്ന നിന്‍റെ മഴയ്ക്ക് ഉപ്പു രസമാണ്