Friday, May 27, 2011

കലണ്ടര്‍








സെപ്റ്റംബര്‍ 14,
ജനനമെന്ന പറുദീസാ നഷ്ടത്തില്‍ 
കരഞ്ഞു കരഞ്ഞു അമ്മയുടെ 
നെഞ്ചോട്‌ ചേര്‍ന്ന് തളര്‍ന്നുറങ്ങിയ 
ദിവസം.

ജൂണ്‍ 1,
അക്ഷരപ്പലകയില്‍ ചൂണ്ടു വിരലറ്റം 
വാക്കിന്റെ മൂര്‍ച്ചയില്‍ നീറിയ ദിവസം.

ജൂണ്‍ 19, ജൂലായ്‌ 22,
ദൈവം എനിക്കായി സ്വര്‍ഗത്തില്‍ 
നിന്നും ചിറകില്ലാത്ത ഓരോ 
മാലാഖ കുഞ്ഞുങ്ങളെ ഒപ്പം 
കളിക്കാന്‍ തന്ന ദിനങ്ങള്‍.

ഡിസംബര്‍ 27,
ജന്മ ദിനമെന്നു പറഞ്ഞു 
കളിക്കൂട്ടുകാരന്‍ മധുരം നീട്ടിയതന്നു.

ജനുവരി 26,
വേദനിച്ചും വേദനിപ്പിച്ചും 
ആദ്യത്തെ ചുവന്ന നദി 
എന്നെ പരിഭ്രമിപ്പിച്ച ദിവസം.

ജനുവരി 28,
അച്ചടി മഷിയില്‍ മുങ്ങി നിവര്‍ന്ന 
എന്റെ അക്ഷരങ്ങളെ നാലാള് 
കണ്ട നാള്‍..

എല്ലാം എനിക്ക് മധുരം 
മാത്രം നല്‍കിയ ദിവസങ്ങള്‍.

വര്‍ഷങ്ങള്‍ക്കിപ്പുറം കാലം 
നടത്തിയ കള്ളക്കളികള്‍ കാണണ്ടേ?

സെപ്റ്റംബര്‍ 14,
മിന്നലേറ്റു കരിഞ്ഞ നാല് 
തെങ്ങുകള്‍ക് നടുവില്‍ 
വീട് നിന്ന് കത്തിയത് ,
പിറന്നാള്‍ പായസത്തില്‍ 
കയ്പ്പ് കലര്‍ന്നതന്നു..  

ജൂണ്‍ 1,
പരീക്ഷാ ഫലങ്ങള്‍ ചുവന്ന മഷി കൊണ്ട് 
ചിലന്തി വലകളില്‍ പരാജയം എന്നെഴുതി 
തന്നു തുടങ്ങിയത്..

ജൂണ്‍ 19,
ചിറകില്ലാതെ പറന്നവള്‍
താഴെ വീണു നാവറ്റു പോയത്..

ജൂലായ്‌ 22,
കരിഞ്ഞ കഴുക്കോലുകളില്‍
അവസാനത്തേതും വീതം 
വാങ്ങി അവള്‍ പടിയിറങ്ങിയത്...

ഡിസംബര്‍ 27,
പിറന്നാള്‍ സമ്മാനങ്ങളോന്നുമിനി
അയക്കേണ്ടതില്ലെന്നു പറഞ്ഞു അവന്‍ 
വിവാഹ ക്ഷണക്കത്ത് നീട്ടിയത്..

ജനുവരി 26,
ചുവന്ന നദി കുടിച്ചു വറ്റിച്ചു കൊണ്ട്
ഉള്ളിലൊരു ജീവന്‍ തുടിച്ചപ്പോള്‍ 
മുറ്റത്തെ മാവില്‍ തൂങ്ങാന്‍ 
താലിയൊഴിഞ്ഞ കഴുത്തുമായി 
ഇല്ലാത്ത മന്ത്രകോടി തിരഞ്ഞത്...

ജനുവരി 28,
എഴുത്ത് തുടരേണ്ടതില്ലെന്ന് 
സ്നേഹാക്ഷരങ്ങളിലെഴുതി 
പ്രിയ കഥാകൃത്ത്‌ എന്റെ 
കഥകളൊക്കെയും തിരികെയയച്ചത്..

നാവില്‍ കയ്പ്പ് മാത്രം 
നിറച്ച നരച്ച ദിവസങ്ങള്‍...

കാലം കള്ളക്കളി നടത്തട്ടെ..
കയ്പ്പും മധുരവും കൂട്ടി കുഴച്ചു 
വിശപ്പടക്കാന്‍ എനിക്കറിയാം...     

Friday, May 20, 2011

കാവല്‍ക്കാരി

കരിയില കാല്‍ച്ചുവട്ടില്‍ പെട്ടാലും 
ഒച്ച കേള്‍ക്കാത്ത പൂച്ച ടത്തം.
പകല്‍ മുഴുവന്‍ ഊന്നുവടി കുത്തി 
നടന്നിട്ട്, രാത്രിയില്‍ പടവുകള്‍ കയറി
ഓരോ മുറിയ്ക്ക് പുറത്തും കാതോര്‍ത്ത് 
നില്‍ക്കുന്ന കൌശലം.
എന്നിട്ടും കണ്ടത് പലതും, 
കേള്‍ക്കുന്നതിലേറെയും വിട്ടു കളയുന്നു.

ഇനിയും തിളക്കം നശിക്കാത്ത 
ഉറക്കം മറന്ന വെള്ളി ണ്ണുകള്‍.
അന്തേവാസികളില്‍, ചിരിക്കാത്തവരുമായി 
മാത്രം ങ്ങാത്തം.
എങ്കിലും നിറചിരിയും നക്ഷത്ര കണ്ണുകളുമുള്ള 
എന്‍റെ കൂട്ടുകാരെ കൌതുകത്തോടെ
നോക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.

ഭക്ഷണ മുറിയില്‍ നിന്നും എച്ചില്‍ 
പാത്രത്തിലേക്കൊഴുകുന്ന
അരുചിയുടെ ധൂര്‍ത്തിനെ 
തടയുന്ന രൊറ്റ മുരള്‍ച്ച.
അലക്ക് കല്ലിനടുത്തു വെള്ളം 
മിതവ്യയം ചെയ്യാന്‍ ശീലിപ്പിക്കുന്ന 
നാളേക്കുള്ള രുതല്‍.

എല്ലാരുമുറങ്ങിയെന്നുറപ്പു വരുത്തീട്ടും 
കിടക്കയില്‍ ഉറങ്ങാതെ തിരിഞ്ഞും 
മറിഞ്ഞും നേരം പുലര്‍ത്തുന്ന വേപഥു
മാതൃത്വത്തിന്‍റെയോ? പാറാവിന്‍റെയോ?

ഇവിടെ ഒരു വീട്,
ഒരുപാട് പേരുടെ രണ്ടാം വീട്.
( ചിലര്‍ക്കെങ്കിലും ടത്താവളം മാത്രം)

പിന്നെ രമ്മ,
ഒരുപാട് പേര്‍ക്കിവര്‍ രണ്ടാമതൊരമ്മ.
( ചിലര്‍ക്കെങ്കിലും സൌര്യം കെടുത്തുന്ന വെറും പാറാവുകാരി)

Saturday, May 14, 2011

എങ്കിലും എന്‍റെ സുഹൃത്തേ








നിന്‍റെ അവഗണനകള്‍ക്കെല്ലാം മീതെ 
നിന്നെ ഞാന്‍ സ്നേഹിച്ചത്,
കൈ വേദനിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ 
പിടി വിട്ടു ഞാന്‍ ഒപ്പം നടന്നത്,
സ്നേഹത്തെ കുറിച്ച് ഒരക്ഷരവും മിണ്ടരുതെന്ന് 
റഞ്ഞപ്പോള്‍,മറ്റൊന്നും 
റയാനാകാതെ പകച്ചത്‌,
ന്‍റെ ശബ്ദം നിനക്ക് അസഹനീയമെന്നു 
റഞ്ഞതില്‍ പിന്നെ ഞാന്‍ മിണ്ടാതിരുന്നത്,
ണ്ണീരു കാണുന്നത് വെറുപ്പാണെന്നു 
റഞ്ഞതില്‍ പിന്നെ കരയാതിരുന്നതു,
നീ പറയുന്ന കളിവാക്കുകളെല്ലാം, എന്നെ 
കുത്തി നോവിച്ചിട്ടും ഞാന്‍ ചിരിച്ചത്,
ന്‍റെ സ്വപ്നങ്ങളിലെ രാജകുമാരിക്ക് 
ഞ്ഞു പോലാര്‍ദ്രമാം മുഖമാണെന്ന് 
നീ പറഞ്ഞപ്പോള്‍, അവളെ തിരഞ്ഞു 
ചിലന്തി താവളങ്ങള്‍ കയറിയിറങ്ങിയത്‌,
നിനക്ക് വിയര്‍ത്തപ്പോള്‍ തണലാകാനും,
നീ മഴയില്‍ നനഞ്ഞപ്പോള്‍ കുടയാകാനും,
നിനക്ക് വേദനിച്ചപ്പോള്‍ ആ മുറിവാകാനും,
നീ ചിരിച്ചപ്പോള്‍ നിന്‍റെ ഗൂഡാഹ്ലാദമാകാനും-
കൊതിച്ചത് ഇതിനായിരുന്നോ..?
ങ്കിലും എന്‍റെ സുഹൃത്തേ ..
നീ പറഞ്ഞില്ലേ ഞാനൊരു യക്ഷിയാണെന്ന്..

Friday, May 6, 2011

സോണാഗച്ചി


അടുത്തയഞ്ചാണ്ട് 
തെരുവ് വാഴേണ്ടവന്‍
വാഗ്ദാനം ചെയ്ത 
ഒരു മുറിയും കിടക്കയും 
കിനാവ്‌ കണ്ടവള്‍,
ചൂണ്ടു വിരലില്‍ മഷി-
പുരട്ടാന്‍ പോയ 
അതേ ദിവസമാണ് 
അവളുടെ ആറു-
വയസുകാരിയായ മകളില്‍ 
അവളുടെ പതിവുകാരന്‍ 
രതിയുടെ പുതു തലങ്ങള്‍ തേടി 
മൃതി കൊണ്ടവളുടെ
ഒരിക്കലും പിറക്കാത്ത 
നിര്‍ നിദ്ര രാവുകളെയും ,
ഉദരത്തിലുയിര്‍ കൊണ്ട് 
ദിവസങ്ങള്‍ക്കകം തീണ്ടാരി 
തുണിയിലേക്കൊഴുകി ഒടുങ്ങേണ്ട
അവളുടെ എണ്ണമറ്റ കുഞ്ഞുങ്ങളെയും 
അനുഗ്രഹിച്ചത്..

തെരുവിലെത്തിയ പിന്നെ 
അന്നാദ്യമായവള്‍
കാമത്തിന്‍റെ കനം ചുമക്കാതെ
മാതൃത്വത്തിന്‍റെ നോവ്‌ പേറാതെ
പെണ്ണറവു ശാലയിലെ വരാന്തയില്‍ 
തന്‍റെ കട്ടിലില്‍ 
സ്വസ്ഥമായുറങ്ങി.