Friday, April 29, 2011

നമ്പൂതിരിയട്ട

















ആദ്യം കണ്ടത് അമ്മയാണ്,
അടുക്കള മുറ്റത്ത്‌.
ചെരുവിരലോളം നീളമുമുണ്ട്.
കാലെണ്ണാന്‍ പോയി കണ്ണ് കഴച്ചു.
കാഴ്ചയില്ലെങ്കിലും അതിനു 
കണ്ണുകളുണ്ട്.
എപ്പോഴുമനങ്ങുന്ന രണ്ടു 
കൊമ്പുകളുമുണ്ട്.
മുറ്റത്ത്‌ കിടന്ന ചെരുപ്പെടുത്ത്‌
അമ്മയതിനെ ഞെരിച്ചു കൊന്നു.

നിരുപദ്രവകാരിയായ,
ഒന്ന് തൊട്ടാല്‍ പേടിച്ചു ചുരുളുന്ന 
ഭൂമിയുടെ അവകാശിയെ 
നിര്‍ദ്ദയം കൊന്നതിനു 
അന്ന് മുഴുവന്‍ അമ്മയോട് 
കലഹിച്ചു.

പിന്നെ കണ്ടതു  പെങ്ങന്മാരുടെ,
പഠന മുറിയില്‍..
മഴ പെയ്തു കുതിര്‍ന്ന 
ഓടിന്‍റെ തണുപ്പ് പറ്റിയുറങ്ങി
വീണതാകാം.
ധന ശാസ്ത്ര പുസ്തകത്തില്‍ 
വീണു ചുരുണ്ട പാവത്താനെ 
അമ്മ മുറ്റത്തേക്കിട്ടു 
ചെരുപ്പിട്ട കാലു കൊണ്ട് 
ചവുട്ടിയരച്ചു.

അന്നും അമ്മയോട് പിണങ്ങിയിരുന്നു 
വിശക്കും വരെ.

അന്ന് മുതല്‍,
ചോറും കറിയും വയ്ക്കുന്നത് പോലെ
മുറ്റമടിക്കുന്നത്‌ പോലെ 
കണ്ണീര്‍ പരമ്പരയ്ക്ക് മുന്നിലിരുന്നു 
ഉറക്കം തൂങ്ങുന്നത് പോലെ 
മക്കളുടെ ഭാവിയോര്‍ത്ത് വേപഥു പൂണ്ട്‌
രാവുകളെ പകലാക്കുന്നത് പോലെ
അമ്മയുടെ ദിന ചര്യയായി 
അട്ടയെ കൊല്ലല്‍.

ഇറയത്തും ഇടനാഴിയിലും 
പഠന മുറിയിലും 
ലക്കും ലഗാനുമില്ലാതെ 
എത്രയോ കുരുടന്മാര്‍
എണ്ണമറ്റ കാലുകളുമായി 
വന്നു, അമ്മയുടെ 
ചെരുപ്പിനടിയില്‍ അമര്‍ന്നിരിക്കുന്നു.

ആര്‍ക്കും സ്വീകാര്യനല്ലാത്ത 
പാവത്താന്മാരുടെ 
കൂട്ടകൊല എന്നെ 
അസ്വസ്ഥയാക്കി കൊണ്ടിരുന്നു.
അട്ടകളെ കുറിച്ച് കവിതയെഴുതാനിരുന്ന 
രാത്രിയിലാണ് ആദ്യമായി 
എന്‍റെ മുറിയിലേക്കതു വന്നത്.

ഇളം പച്ച നിറമുള്ള എന്‍റെ 
ചുമരിലിരുന്നു കാഴ്ചയില്ലാത്ത 
കണ്ണ് തുറിച്ചെന്നെ പേടിപ്പിക്കുന്നു.
ഞാന്‍ അമ്മയെ വിളിച്ചു.
കൊതുകിനെ കൊല്ലുന്ന
യന്ത്രക്കോല് കൊണ്ടമ്മ
അതിനെയും കൊന്നു..
അന്നമ്മയോട്‌ പിണങ്ങിയില്ല

എന്‍റെ സ്വപ്നങ്ങളുടെ
ഇളം പച്ച ഭിത്തിയില്‍ ,
എന്‍റെ കിടക്കയില്‍,
പുസ്ത്തകങ്ങളില്‍
തലങ്ങും വിലങ്ങും ഇഴഞ്ഞു 
നടക്കുന്ന അട്ടകള്‍ 
എന്‍റെ ഉറക്കം കെടുത്തി.

ചേതനയറ്റു ചുരുണ്ട് കിടക്കുന്ന 
അട്ടകളില്‍, ഭക്ഷണം തേടുന്ന 
ഉറുമ്പുകളെ പോലെ 
എന്‍റെ ഹൃദയം 
കണ്ണ് തുറന്നു 
കൊമ്പുകള്‍ അനക്കി 
ആറു കാലുകളില്‍ പരതി
നടന്നു തുടങ്ങി. 

24 comments:

  1. ഭംഗിവാക്കല്ല. നല്ല കവിത.കവിത നന്നായതുകൊണ്ട് പറയുകയാണ്. ഒന്നുരണ്ടിടത്തെ ചെറിയ ടൈപ്പിങ്ങ് മിസ്റ്റേക്സ് ഒന്ന് എഡിറ്റ് ചെയ്യാമോ.

    ReplyDelete
  2. കവിത ഇഷ്ടപ്പെട്ടു..രണ്ടാം പകുതി കൂടുതല്‍ നന്നായി..
    ആശംസകള്‍ ഫെമിനാ..

    ReplyDelete
  3. ഇഷ്ടപ്പെട്ടു...

    ReplyDelete
  4. ഫെമിനയുടെ കവിതകള്‍ എല്ലാം ദീര്‍ഘമാണ്.
    ഇത്തിരി എഡിറ്റിങ് നടത്തിയാല്‍
    കുറേ കൂടി ഒതുങ്ങൂം. റീഡബിള്‍ ആവും.
    സൂക്ഷ്മമാവും.

    ഈ കവിത, അതിന്റെ വലിപ്പം കൊണ്ട്
    പ്രമേയത്തെ വിഴുങ്ങിയത് പോലെ തോന്നി.

    ReplyDelete
  5. നമ്മുടെ ഇന്ദുട്ടിയുടെ ലസ്ബിയന്‍ പശു പോലെ ഈ നമ്പൂരിയട്ടയും സിംബോളിക് ആണ് എന്ന് കരുതുന്നു.. എന്‍റെ ചിന്തയില്‍ ഞാനീ കവിതയുടെ പുതിയ അര്‍ത്ഥത്തലങ്ങള്‍ തേടുന്നു.. കൂട്ടുകാരി..

    ReplyDelete
  6. ഒരു കമന്റെഴുതാന്‍ ഉള്ള വിവരം എനിക്കില്ലാന്നു തോന്നുന്നു...

    ReplyDelete
  7. ആശംസകൾ ഫെമിനാ.. നന്നായിരിക്കുന്നു..

    ReplyDelete
  8. വായിച്ചു ... കവിതയെ വിലയിരുത്താന്‍ ഞാന്‍ ആളല്ല .. ആശംസകള്‍

    ReplyDelete
  9. നന്നായിട്ടുണ്ട് ഫെമിന.

    ReplyDelete
  10. 'അന്നും അമ്മയോട് പിണങ്ങിയിരുന്നു
    വിശക്കും വരെ.' എല്ലാരും അറയ്ക്കുന്ന
    പാവം അട്ടകള്‍‍ക്ക് വേണ്ടി പെറ്റമ്മയോട് വിശക്കും വരെയെങ്കിലും പിണങ്ങാനും
    ആളുണ്ടായി!
    കവിത ഒരുപാടിഷ്ടമായി ഫെമിനാ....

    ReplyDelete
  11. എല്ലാവര്‍ക്കും നന്ദി..
    @ഒരില വെറുതെ: ഞാന്‍ ശ്രദ്ധിക്കാം..
    @Lipi Ranju: എല്ലാരും അറയ്ക്കുന്ന
    പാവം അട്ടകള്‍‍ക്ക് വേണ്ടിയും ആരെങ്കിലും ഒക്കെ പറയാന്‍ വേണ്ടേ?

    ReplyDelete
  12. നന്നായിട്ടുണ്ട്.... ഒരുപാട് ഇഷ്ടമായി

    ReplyDelete
  13. വീണ്ടും വൈവിധ്യമായ വിഷയവും , മനോഹരമായ വരികളും.
    ആശംസകള്‍ ഫെമിനാ..

    >>>ധന ശാസ്ത്ര പുസ്തകത്തില്‍
    വീണു ചുരുണ്ട പാവത്താനെ
    അമ്മ മുട്ടത്തേക്കിട്ടു
    ചെരുപ്പിട്ട കാലു കൊണ്ട്
    ചവുട്ടിയരച്ചു.>>>

    ഇവിടെ മുറ്റത്തേക്കു എന്നാക്കി തിരുത്തുമല്ലോ ?

    ReplyDelete
  14. കവിതാസ്വാദനം നടത്താനുള്ള ശേഷിയൊന്നുമില്ല.
    പക്ഷെ ഒരൊഴുക്കിലങ്ങ് വായിച്ചുപോയി..

    ReplyDelete
  15. ഒരല്‍പം തിരക്കിലായിരുന്നു ഫെമിനാ ..
    ഫെമിനയുടെ കവിതകള്‍ നട്ടെല്ല് ഉള്ളവയാണ്..കൂടുതലൊന്നും പറയേണ്ടതില്ല.
    ടൈപ്പ് ചെയ്തത് നന്നായൊന്നു കൂടി വായിച്ചുനോക്കിയ ശേഷം പോസ്റ്റുക,എല്ലാവിധ ആശംസകളും.
    എന്റെ ഒരു പുതിയ പോസ്റ്റ്‌ ഒന്ന് വായിച്ചു നോക്കണം.
    http://enteveetham.blogspot.com/2011/04/blog-post.html

    ReplyDelete
  16. വായിക്കാൻ സുഖമുള്ളൊരു കവിത..കേട്ടിട്ടില്ലാത്ത വിഷയവും..അട്ടകളെ കുറിച്ച് ഞാൻ വേറെങ്ങും വായിച്ചതായി ഓർക്കുന്നില്ല..നന്നായിരിക്കുന്നു

    ReplyDelete
  17. അട്ടയുടെ കാര്യം പറയുമ്പോൾ ഒരു മാമനെ ഒർമ്മവരും. പുള്ളികാരൻ വലിയ ധൈര്യശാലിയാ, ചൈന്നെ നഗരത്തിലെ വലിയ റൌഡിയെ പൊലും അടിച്ചു വിട്ടിയിട്ടുണ്ട് എന്നാൽ അട്ടയെ കണ്ടാൽ പുരപുറത്തു കയറും. സൈക്കിളിൽ വരുമ്പോൾ ആണെങ്കിൽ കാൽ പൊക്കി വെക്കും. നല്ല കവിത.

    ReplyDelete
  18. കൊള്ളാം.
    നല്ല കവിത.

    ReplyDelete
  19. കവിത നന്ന്.കൂടുതല്‍ പറയാന്‍ എനിക്ക് അറിയില്ല .പിന്നെ അട്ടയെ പിടിച്ച് മെത്തയില്‍ കിടത്തിയാല്‍ കിടക്കില്ല.അത് കൊണ്ട് കൊല്ല്ലുക തന്നെ നല്ലൂ.

    ReplyDelete
  20. വരികള്‍ നന്നായിട്ടുണ്ട്.

    അക്ഷരത്തെറ്റുകള്‍ വായനയുടെ രസം കെടുത്തും :)
    “മുട്ടത്തേക്കിട്ടു“ ഇതും തിരുത്തുമല്ലോ!

    ReplyDelete
  21. നന്ദി എല്ലാവര്‍ക്കും... അക്ഷര തെറ്റുകള്‍ തിരുത്തിയിട്ടുണ്ട്..

    ReplyDelete
  22. അട്ടക്കുളത്തിലെ ജീവിതത്തിൽ ഹിംസ അതിജീവനമാകുന്നു ഏത് മുനികന്യകയ്ക്കും

    ReplyDelete