Friday, April 1, 2011

പുസ്തകം

മുത്തശ്ശി എല്ലാ ആഴ്ചയും 
മുടങ്ങാതെ കൊടുത്തിരുന്ന അഞ്ചു രൂപാ 
നാണയങ്ങള്‍ എല്ലാം ചേര്‍ത്ത് വച്ച് 
എണ്ണി തിട്ടപ്പെടുത്തി, എണ്‍പത് രൂപയുണ്ട്
നാല് മാസത്തെ കൂട്ടി വയ്പ്പ്.

അമ്മ ദിവസവും വഴി ചിലവിനു 
നല്‍കിയിരുന്നതില്‍ നിന്നും മാറ്റി വച്ച 
ഒറ്റ രൂപാ തുട്ടുകള്‍ അടക്കം ചെയ്ത 
മണ്കുടുക്ക പൊട്ടിച്ചു നോക്കി; നൂറു തികച്ചുണ്ട് 
ഇത് നാല് മാസത്തെ കരുതല്‍.

നാളിതു വരെ നടന്ന വഴികളില്‍ 
നിന്നും പെറുക്കിയെടുത്തു സൂക്ഷിച്ച 
മഞ്ചാടിക്കുരുവെല്ലാം പെങ്ങള്‍ക്ക് കൊടുത്തിട്ട് 
സ്വന്തമാക്കിയ പണപ്പെട്ടിയില്‍ മുപ്പതു രൂപ 
അവളുടെ സ്വകാര്യാഹ്ലാദത്തിന്റെ വില.
ചെരുപ്പ് വാങ്ങാന്‍ അച്ഛന്‍ കൊടുത്ത 
നൂറ്റിയന്പതു കയ്യിലുണ്ട്.
ബാക്കിയറുപതുണ്ടാകും 
ഇതില്‍ നിന്നും തൊണ്ണൂറെടുത്താലും 
പൊട്ടിയ ചെരുപ്പ് തുന്നിക്കാനത്‌ ധാരാളം.
അങ്ങനെ മുന്നൂറു തികഞ്ഞു 
ഇനി പുസ്തക ശാലയിലേക്ക് 

അവളുടെ പ്രാര്‍ഥന;
ദൈവമേ എന്‍റെ പ്രിയ കഥാകാരന്‍റെ
ആദ്യ നോവല്‍ തീര്‍ന്നു പോയിട്ടുണ്ടാകരുതേ.. 

18 comments:

 1. നന്നായിരിക്കുന്നു.
  പുസ്തകതിനോടുള്ള ആവേശം ഇന്ന് എല്ലാവരിലും കുറഞ്ഞു വരുന്നു.

  ReplyDelete
 2. ആരാണീ പ്രിയ കഥാകാരന്‍?

  ReplyDelete
 3. വായനയോടുള്ള പ്രണയമോ.എഴുത്തുകാരനോടുള്ള പ്രണയമോ.. എന്തായാലും നന്നായി ഫെമിന..

  ReplyDelete
 4. കൊള്ളാം ഈ അക്ഷര സ്നേഹം ...

  ReplyDelete
 5. ആദ്യ നോവല്‍ തീര്‍ന്നു പോയിട്ടുണ്ടാകരുതേ..
  എന്നിടത്തു ചെറുതായി തിരുത്തി
  ആദ്യ നോവല്‍ തീര്‍ന്നു പോയിട്ടുണ്ടാകണേ...
  എന്നാക്കിയാല്‍ ആ പൈസ ലാഭിയ്ക്കാമായിരുന്നു.
  അത് പോട്ടെ..

  എന്നിട്ട് പുസ്തകം കിട്ടിയോ..?

  ReplyDelete
 6. സത്യത്തില്‍ ഒരെഴുത്തുകാരന്‍റെ ആദ്യ നോവല്‍ അത്ര പെട്ടെന്നൊന്നും തീര്‍ന്നു പോകില്ല.വളരെ നാളായി ശേഖരിക്കുന്ന പണം ഒരാളുടെ ആദ്യ നോവല്‍ വാങ്ങാന്‍ വേണ്ടി ചിലവഴിക്കാന്‍ തയാറാകുന്നെങ്കില്‍ നോവലിന് കാര്യമായ എന്തോ പ്രത്യേകതയുണ്ടല്ലോ.അതിരിക്കട്ടെ താങ്കളുടെ ഫോളോവേഴ്സില്‍ ഒരാള്‍ മരിച്ചിരിക്കുന്നു.....സുന്ദര്‍ രാജ് സുന്ദര്‍....ഒരു നാള്‍ എന്നെപറ്റിയും ആരെങ്കിലും ഇങ്ങനെ എഴുതും എന്നതു സത്യം......

  ReplyDelete
 7. വളരെ നന്നായിരിയ്ക്കുന്നൂ ഫെമിനാ, തുട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തിയതിന്‍റെ ആവശ്യം അറിഞ്ഞപ്പോള്‍ സന്തോഷം തോന്നി, അതിലേയ്ക്ക് കൊണ്ടു വന്ന രീതി ഇഷ്ടായി..

  ReplyDelete
 8. പുസ്തകങ്ങള്‍ പുനര്‍ജ്ജനിക്കട്ടെ.! വായന മരിക്കാതിരിക്കട്ടെ..!

  ReplyDelete
 9. പുസ്തകം വാങ്ങി സന്ധ്യയ്ക്ക് മുമ്പായി തിരികെയെത്തണം.ഇല്ലെങ്കിൽ ‘പാരിജാതം’കഴിയും.

  ReplyDelete
 10. ഹോ.. കണക്കില്‍ ഞാനിപ്പോ ഭയങ്കര വീക്കാ.. ജീവിതത്തിലെ കണക്കുകൂട്ടലുകള്‍ പലതും തെറ്റി പോയപ്പോള്‍ വീണ്ടും കണക്കുകള്‍ കാണുമ്പോള്‍ കുരിശു കണ്ട ചെകുത്താനെ പോലെയാണ്ഞാന്‍... കവിതയെ പറ്റി പറയുകയാണെങ്കില്‍.. അല്‍പ്പം അതിശയോക്തി ബാക്കി നില്‍ക്കുന്നു.. അക്കങ്ങളെയും അക്ഷരങ്ങളേയും ഒരു പോലെ സ്നേഹിക്കുന്ന പ്രിയ കൂട്ടുകാരിക്ക് ആശംസകള്‍..

  ReplyDelete
 11. നന്നായി, ഈ അക്ഷരസ്നേഹാവതരണം.

  ReplyDelete
 12. അക്ഷരത്തോടും പുസ്തകത്തോടുമുള്ള തൽ‌പ്പരത വരികളിൽ നിറഞ്ഞു നിൽക്കുന്നു.
  അത്രയും ഇഷ്ടപ്പെട്ട നോവലേതാണെന്നുകൂടി പറയാമായിരുന്നു.
  ആശംസകൾ!

  ReplyDelete
 13. വായനയെയും പുസ്തകങ്ങളെയും ഇഷ്ടപെടുന്ന, ഇവിടെ വന്നു അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

  @ബിന്‍ഷേഖ്:കാശ് ലാഭിക്കനായിരുന്നെങ്കില്‍ അവള്‍ക്കിതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ?

  @ANSAR ALI:അതവളുടെ ശീലമാണ്, പട്ടിണി കിടന്നും പുസ്തകം വാങ്ങും..
  സുന്ദര്‍ രാജ് എന്‍റെ നല്ല സുഹൃത്തായിരുന്നു.. മരണം വൈകിയാണ് അറിഞ്ഞത്..

  @moideen angadimugar:സന്ധ്യക്ക്‌ കണ്ണീര്‍ പരമ്പരക്ക് മുന്നിലേക്ക്‌ പോകുന്ന സ്ത്രീകളെ മാത്രം കണ്ടു ശീലിച്ചത് കൊണ്ടാകാം ഇങ്ങനെ പറഞ്ഞത്..

  ReplyDelete
 14. ചോക്ലേറ്റ്നേക്കാള്‍ പുസ്തകങ്ങളെ ഇഷ്ട്ടപ്പെട്ട ഒരു ബാല്യകാലം എനിക്കുമുണ്ടായിരുന്നു..

  ReplyDelete
 15. ഇങ്ങനെ ഒരുക്കൂട്ടിയ കാഷ്‌ കൊണ്ട് പുസ്തകം വാങ്ങിയിരുന്നു എന്‍റെ ഇക്കാക്ക.

  ReplyDelete
 16. മരിക്കാതിരിക്കട്ടെ വായന..!

  ReplyDelete
 17. വായന മരിക്കില്ലെങ്കിലും പുസ്തകങ്ങള്‍ക്ക് കൂടുതല്‍ ആയുസ്സ് ഉണ്ടെന്നു തോന്നുന്നില്ല...

  ReplyDelete