Sunday, November 18, 2012

മഴ നനയുമ്പോള്‍ *നീ എനിക്ക് കുടയായി നിന്നിരുന്ന 
ഭൂതകാലത്തിന്റെ ഓര്‍മ്മകളിലാണ് 
ഞാനിപ്പോഴും മഴ നനയുന്നത്.

നീ അലക്കിപ്പിഴിഞ്ഞു എന്നെ ഉണങ്ങാനിട്ടിരുന്ന, 
വേനലിന്റെ ഓര്‍മ്മകളിലാണ് 
ഞാനിപ്പോഴും വെയില്‍ കായുന്നത്.

നീ എനിക്ക് സമ്മാനിച്ചു പോയ 
തൂവല്‍ പുതപ്പിന്റെ ഓര്‍മ്മകളിലാണ് 
ഞാനിപ്പോഴും മഞ്ഞു കൊള്ളുന്നത്‌.

നീ എനിക്ക് പറഞ്ഞു തന്ന, മുറിവേറ്റു പാടുന്ന-
കുയിലിന്റെ കഥയുടെ ഓര്‍മ്മകളിലാണ് 
ഓരോ വസന്തത്തിലും ഞാന്‍ വിടരാന്‍ കൊതിക്കുന്നത്.

നിന്നെ നഷ്ടമായ ഋതു സന്ധ്യയുടെ 
ഓര്‍മ്മകളും തേടിയാണ് ഞാനലയുന്നത്.

നിന്‍റെ കണ്ണുനീര്‍ വീണു 
തിര തകര്‍ന്നു പോയ എന്‍റെ 
തുറമുഖം എവിടെയാണ്..?

നിന്‍റെ ചിരി വീണു 
ആകെയുലഞ്ഞു പോയ എന്‍റെ 
മുന്തിത്തോട്ടം എവിടെയാണ്..?

മഴ നനയുന്ന എന്‍റെ മുഖമാണ് 
നിന്‍റെ ഓര്‍മ്മകളില്‍ എന്ന് പറഞ്ഞത് കൊണ്ടാണ് 
ഞാനീ മഴയില്‍ നില്‍ക്കുന്നത്,
നീ എവിടെയാണ്..?

ഞാന്‍ മഴ നനയുമ്പോള്‍ നീ എവിടെയാണ്..?

*മഴവില്ല്  ഓണ്‍ലൈന്‍ മാഗസിന്‍ ഒക്ടോബര്‍ ലക്കത്തില്‍ പ്രസിദ്ധീകരിച്ച  കവിത 

Monday, August 27, 2012

തടവറ


താഴ്വരയിലേക്ക് കാറ്റിറങ്ങി വരുന്നത് 
വസന്തം കണ്ടു കൊതിച്ചല്ലായെന്നു 
എന്‍റെ പ്രണയ സ്വാര്‍ത്ഥതയെ തിരുത്തിയവനേ .. 
എന്‍റെ പ്രവാചകാ..

മഴക്കാലം പോയിട്ടും, വേനല്‍ വന്നിട്ടും 
നീ മാത്രമെന്തേ ഒരായിരം മഴവില്ലുകള്‍ 
മെയ്യിലൊളിപ്പിച്ച്  വീഴാതെ, പൊഴിയാതെ 
എന്‍റെ കണ്പീലിയിലൂറിക്കിടക്കുന്നുവെന്നു
ചോദിച്ച്‌ എന്നെ പെയ്യിച്ചവനേ...
എന്‍റെ പ്രവാചകാ..

ഏകാന്തതയില്‍ അധീരയായി 
ഒരു വാക്കിനും നോക്കിനുമായുഴറി, ഞാന്‍ -
വിശുദ്ധ മുടന്തുമായി ചെന്നായ കൂട്ടത്തിലേക്ക് നടക്കുമ്പോള്‍ 
കാതങ്ങള്‍ക്കകലെ നിന്നും 
വാക്കിന്റെയുറവയായ് 
 നോക്കിന്റെ നനവായ് 
എന്നെ ഉയിര്‍ത്തുന്നവനേ...
എന്‍റെ പ്രവാചകാ..

ഉറഞ്ഞു പോയ എന്‍റെ അക്ഷരങ്ങളെ ,
അടര്‍ന്നു പോയ എന്‍റെ ഹൃദയ ഭാഗങ്ങളെ 
നീ തിരികെ ചേര്‍ക്കുന്ന വിധമുണ്ടല്ലോ... 
ഹാ...
അതാനെനിക്കീ തടവറയെ എന്റെയവസാന ആശ്രയ(മ)മാക്കുന്നത്   
എന്‍റെ സ്വര്‍ഗമാക്കുന്നത്..

Wednesday, July 11, 2012

ഒരു ചീത്ത കുട്ടിയുടെ പ്രണയ വിചാരങ്ങള്‍നല്ല കുട്ടിയാവുക എന്നാല്‍ ,
നിന്‍റെ ഉപഗ്രഹ നിരീക്ഷണത്തിനു-
പുറത്താവുക എന്നര്‍ത്ഥം.
നിനക്കറിയില്ല,
നിന്‍റെ സ്നേഹമാണ്-
എന്നെ തെറ്റുകള്‍ക്കടിമയാക്കുന്നതെന്നു.
നിന്നെ ചൊടിപ്പിച്ച,
എന്‍റെ ഓരോ പ്രണയവും
എനിക്ക് നിന്നിലേക്ക്‌  മുങ്ങി നിവരാനുള്ള -
ഗംഗാ സ്നാനമായിരുന്നു.

നീ എന്തു ചെയ്യുമ്പോഴും,
എന്തു ചിന്തിക്കുമ്പോഴും 
എന്നിലേക്ക്‌ തിരിച്ചു വച്ചിരുന്ന 
നിന്‍റെ കരുതലിന്റെ നോട്ടത്തിനു വേണ്ടിയാണ് 
ഞാന്‍ നിരന്തരം നുണകള്‍ പറഞ്ഞിരുന്നത്,
എപ്പോഴും തെറ്റുകള്‍ ചെയ്തിരുന്നത്..
നിനക്കറിയില്ലേ,
നിന്‍റെ നോവുകളില്‍ എനിക്കേറെയിഷ്ടം 
എന്നെക്കുറിച്ചുള്ള നിന്‍റെ നോവുകള്‍ തന്നെയെന്നു.

പക്ഷേ, നിന്റെയീ മൗനം എന്നെ മടുപ്പിക്കുന്നു.
ശരികളിലേക്ക് ഞാന്‍ അധീരയകുന്നു.
നിന്‍റെ നിയന്ത്രണരേഖയുടെ കോട്ടവട്ടങ്ങളിലേക്ക്-
ഞാന്‍ സനാഥയാകുന്നു.
നിന്നെ നഷ്ടമായോയെന്നു കണ്ണുകളില്‍ പുഴയൊഴുകുന്നു.
നിന്‍റെ ഉപഗ്രഹങ്ങളുടെ അദൃശ്യ സാന്നിധ്യമെന്നു-
വിദൂരതയിലേക്ക് വെറുതേ കണ്ണു കൂര്‍പ്പിക്കുന്നു.
അക്ഷരമാല മായിച്ച് എകാകിയെന്നു തിരകലമ്പുന്നു..

നിന്‍റെ പുതിയ പ്രണയം ...
നിന്‍റെ മുഖച്ഛായയില്ലാത്ത എന്‍റെ ഗസല്‍ ..
ഒക്കെയും ഭാവിയിലെ അസ്വസ്ഥതകളായി -
എന്നെ വിഴുങ്ങുന്നു..

പ്രിയനേ മതി നിന്‍ മൗനം,
വരിക തരിക; 
           നിന്‍ നോവിന്റെ കണ്ണുകള്‍ 
           നേരിന്റെ വാക്കുകള്‍ 
പിന്നെ,
  വംശം നശിക്കാന്‍ തുടങ്ങുന്ന 
  നമ്മുടെ പ്രണയത്തിന്റെ 
  ഒരു കോടി നക്ഷത്ര കുഞ്ഞുങ്ങള്‍ .. 

Thursday, June 21, 2012

എനിക്കൊരു ചങ്ങാതിയെ വേണം


കവിതയെഴുതാത്ത 
കഥകള്‍ പറയാനറിയാത്ത 
പാട്ട് പാടാരില്ലാത്ത 
എന്‍റെ ഭൂതകാലമാറിയാത്ത 
എന്നെ ഒന്ന് സ്നേഹിക്കാന്‍ പോലുമാവാത്ത 
ഒരു ചങ്ങാതിയെ വേണം..

പ്രണയികളുടെ കടല്‍ തീരം താണ്ടി,
മദ്യപരുടെ ഉദ്യാനത്തില്‍ തിരഞ്ഞു,
വിഷാദികളുടെ ഉള്‍ചിരികളില്‍ കുടുങ്ങി,
ഒരാളേം കിട്ടീല ചങ്ങാത്തം കൂടാന്‍ ...

ദൈവത്തോട് പ്രാര്‍ഥിച്ചു,
എനിക്കൊരു ചങ്ങാതിയെ വേണം... 

അന്ന് മഴ പെയ്തു , ഞാനും അവനും നനഞ്ഞു.
കുടയില്ലാതെ ഒരേ വഴി നടന്നു
ഞാന്‍ മഴ തുള്ളികളെ ചുംബിച്ചു ,
അവന്‍ മഴയെ ശപിച്ചു.
തമ്മില്‍ കണ്ടെന്നു വരുത്താന്‍ 
വെറുതേ ചിരിച്ചു..

പിന്നെ എന്‍റെ വൈകുന്നേരങ്ങളെല്ലാം
അവനിലേക്ക്‌ ചുരുങ്ങി .
പഴയ സുഹൃത്തുക്കളുടെ വിലാസമെഴുതിയ -
മുഷിഞ്ഞ പുസ്തകം തീയിലിട്ടു.

അവനെന്നെ വിളിച്ചിടത്തേക്കെല്ലാം ഞാന്‍ പോയി.
അവന്‍റെ നഷ്ട പ്രണയത്തിന്റെ ഇരുളടഞ്ഞ -
ഇടനാഴികളില്‍ ...
ആദ്യ പാപത്തിന്റെ ഇത്തിരി ചോപ്പ് വീണ -
വാക മരച്ചുവട്ടില്‍ ...
പിന്നെയൊരിക്കല്‍ ,
നിലാവ് പൂക്കുന്ന നിശാ ഗന്ധിക്കരികില്‍ - 
പുതിയൊരു രാഗവും തേടി...

ഇന്നലെയെന്നെ വീട്ടിലേക്കു ക്ഷണിച്ചു,
ഞാന്‍ പോയി..
കറുത്ത കണ്ണടയിട്ട 
കാറിന്റെ ചില്ല് വാതില്‍ തുറന്ന്,
ഇരുളിന്റെ മറയില്‍ അവന്‍റെ വീടകത്തേയ്ക്ക് ..

അവനെന്നെ ചേര്‍ത്തു നിറുത്തി,
മെല്ലെ പറഞ്ഞു 
'എനിക്കറിയാം നിനക്കെന്താണ് വേണ്ടതെന്നു '
അവനെന്റെ നെറ്റിയില്‍ ഉമ്മ വച്ചു ,
ഞാന്‍ ചിരിച്ചു..
പിന്നെയത് വിയര്‍പ്പില്‍ കുതിര്‍ന്ന് 
എന്‍റെ ചിരിയോളം ഒലിച്ചിറങ്ങി..
എന്‍റെ ചുമലുകളില്‍ ഇഴയുന്ന 
അവന്‍റെ കൈകള്‍ തട്ടി മാറ്റി 
ഞാനാ സൗഹൃദത്തില്‍ നിന്നും 
ഇറങ്ങിയോടി...

ദൈവമേ എനിക്ക് വേണ്ടത് 
ഒരു ചങ്ങാതിയെയായിരുന്നു..
കവിതയെഴുതാത്ത 
കഥകള്‍ പറയാനറിയാത്ത 
പാട്ട് പാടാരില്ലാത്ത  ചങ്ങാതി...

Wednesday, April 25, 2012

വിവാഹിതയുടെ സു(?)വിശേഷം


എഴുത്ത് പലകയിലേക്ക് കൈ തട്ടി മറിഞ്ഞു വീണ - 
മഷികുപ്പിക്ക് എന്‍റെ കോടി സ്വപ്‌നങ്ങള്‍ വില.

അയയില്‍ ഉണങ്ങാനിട്ട കിടക്ക വിരിയില്‍ -
നീ തിരസ്കരിച്ച പ്രണയോന്മാദത്തിന്‍റെ  ചോരപ്പാട്‌,
നിനക്കായ് കാത്ത കന്യാവനങ്ങളുടെ -
ശേഷിക്കുന്ന ഭൂപടം.

നിനക്ക് പ്രണയ ശൈലം കാട്ടി തന്ന -
എന്‍റെ വിയര്‍പ്പിനിവിടെ ചതഞ്ഞ മുല്ലപ്പൂവിന്‍റെ ഗന്ധം ..

നീ പച്ചിരുമ്പ്  രുചിച്ചിരുന്ന എന്‍റെ നാവിലിപ്പോള്‍ -
ഗൃഹസ്ഥയുടെ കിനാവ്‌  വറ്റിയ വാക്കുകളുടെ ചൂര്..
  

Monday, January 9, 2012

ഹാ മരണമേ...


പിന്നില്‍  എന്‍റെ  വസ്ത്രങ്ങള്‍  ഒന്നൊന്നായി  അഴിഞ്ഞു  വീഴുന്നു
വെളുത്ത  ലില്ലിപൂക്കള്‍ കൊണ്ട് ആരൊക്കെയോ  എന്‍റെ ശവ  പൂജ  ചെയ്യുന്നു.
എന്‍റെ  നേര്‍ത്തു  നേര്‍ത്ത  ചിറകുകള്‍ക്ക്   കനം   വയ്ക്കുന്നു,
മെല്ലെ  മെല്ലെ  അതിളകി  തുടങ്ങുന്നു..


കരയുന്ന   കണ്ണുകള്‍  എന്‍റെ പാരതന്ത്ര്യത്തിന്‍റെ -
മതില്‍കെട്ട്‌  തകര്‍ക്കുന്ന  പ്രളയം  പെയ്യിക്കുന്നു..

എന്നിലേക്ക്‌ പറന്നു  പറന്നു  മറന്നു  പോയ -
നിന്നിലേക്കുള്ള  വഴി  ഞാന്‍  ഓര്‍ത്തെടുക്കുകയാണ്..
വഴിദൂരം  എത്ര  കഴിഞ്ഞിട്ടും കുഴഞ്ഞു  പോകാത്ത
എന്‍റെ ചിറകനക്കങ്ങള്‍ , പ്രിയനേ എനിക്ക് നിന്നോടുള്ള
ഇനിയും മരിക്കാത്ത പ്രണയമാണ്..

മറവിയുടെ മഞ്ഞപൂക്കള്‍ കൊഴിഞ്ഞു കിടക്കുന്ന  ഈ വഴിയുടെ ഒടുവില്‍
എനിക്കായി  മെഴുകുതിരി കത്തിച്ചു  പ്രാര്‍ഥിച്ചിരിക്കുന്ന  നിന്‍റെ
സ്നേഹമുണ്ടാകും.


ദൈവത്തിന്‍റെ  പൂന്തോപ്പില്‍ ,
ജീവന്‍റെ വൃക്ഷത്തില്‍
വീണ്ടും പിറക്കാം ഒരൊറ്റയിലയായി ,
നിന്‍റെ രക്തം എന്‍റെ ഞരമ്പുകളിലൂടൊഴുകണം
എന്‍റെ നിറം നിന്‍റെ മിഴികളില്‍ പ്രതിഫലിക്കണം ..
നിന്‍റെ മര്‍മ്മരം എന്‍റെ ഉയിരില്‍ നിന്നും  ഉയിര്‍ കൊള്ളണം.

അഹം  ബോധത്തിന്‍റെ  അവസാനത്തെ  വസ്ത്രവും-
ഉപേക്ഷിച്ച  എന്‍റെ  ഹൃദയത്തെ  നീ  എങ്ങനെയാകും തിരിച്ചറിയുക?

നിന്‍റെ  പ്രണയ  പെരുമഴയില്‍  ചിറകറ്റ   വനശലഭമായോ..?
എണ്ണമറ്റ  നുണകള്‍  കൊണ്ട്  സ്വപ്‌നങ്ങള്‍  നെയ്തു  തന്ന
കളിക്കൂട്ടുകാരിയായോ...?
നിലക്കാത്ത കടലിരമ്പമായോ..?
സ്വസ്തിയുടെ സ്നാനഘട്ടത്തില്‍ -
ഞാന്‍ നിന്‍റെ ചുണ്ടിലും നീയെന്‍റെ ചുണ്ടിലും
തര്‍പ്പണം ചെയ്ത  ആത്മ ബലിയായോ..?


'ഇനി തെറ്റാന്‍ നിനക്ക് വഴികളൊന്നും ഭൂമിയില്‍ ബാക്കിയില്ലേ..?'
എന്ന് ചോദിച്ചാകും നീ എന്നെ ആശ്ലേഷിക്കുക..
അതെനിക്കറിയാം..


എന്‍റെ  സ്വപ്നം  ഇവിടെ അവസാനിക്കയാണ്..
എന്‍റെ  കണ്‍പോളകള്‍ക്ക്  ഭാരമേറുന്നു..
നിന്‍റെ  നിശ്വാസങ്ങളുടെ  ക്രമത്തില്‍ മിടിച്ചിരുന്ന
എന്‍റെ  ഹൃദയം  തണുത്തു മരവിക്കയാണ്..