Thursday, December 22, 2011

ജ്ഞാന സ്നാനം

'പ്രിയനേ,
പ്രണയത്തിന്റെ അപ്പോസ്തലാ..'
പണ്ടെന്നോ പാതിയില്‍ മറന്ന വരികളാണിത്.
ഭ്രമണ പദം നഷ്ടമായ ധൂമകേതുവിന്റെ തേങ്ങലിത്.
ഏതോ പുരാതന ദേവാലയത്തിന്റെ സ്നാന ഘട്ടത്തില്‍-
പാപങ്ങളെല്ലാം കഴുകിക്കളഞ്ഞു,
നിന്‍റെ കയ്യൊപ്പിനായി കാക്കുന്ന പ്രണയത്തിന്റെ
അവകാശ പത്രമിത്.

നീ എന്‍റെ ഹൃദയത്തില്‍ വളര്‍ത്തിയ വെള്ളരി പ്രാവുകളെ
ഞാന്‍ മുപ്പതു വെള്ളി കാശിനു വിറ്റു,
പാതിരാക്കോഴി കൂവുമ്പോഴും, പ്രണയത്തിന്റെ പരസ്യപ്പലകയിലിരുന്നു-
ഞാന്‍ നിന്നെ തള്ളിപ്പറയുകയായിരുന്നു.

നിന്‍റെ ഉത്തമ ഗീതങ്ങള്‍ ഇന്നെന്റെ പ്രാര്‍ഥനാ ഗാനങ്ങള്‍.
നിന്‍റെ ലക്ഷ്മണ രേഖകള്‍ ഇന്നെന്റെ അരക്ഷിതത്വതിന്റെ
അറവുശാലകള്‍.
നിന്‍റെ ഇനിയും നിലയ്ക്കാത്ത പ്രണയം ഇന്നെന്റെ
പ്രാണന്റെ പാട്ടാണ്..

എന്‍റെ നുണകള്‍ നിന്‍റെ ഹൃദയത്തില്‍ തറഞ്ഞ-
കുന്ത മുനകളില്‍ നിന്നും പാനം ചെയ്തു..
നീ കാട്ടി തന്ന ഹൃദയത്തിന്റെ മറുപാതിയിലും-
ഞാനുമ്മ വച്ചു.
പ്രണയ പാപത്തിന്റെ മുള്‍ക്കിരീടമണിഞ്ഞു  കൊണ്ടു
നീ കുരിശില്‍ തറയ്ക്കപെടുമ്പോള്‍,
മൂന്നാം നാളിലെ ഉയിര്‍പ്പിനെക്കുറിച്ചും,
മഹാ പ്രളയത്തിനു മുന്‍പുള്ള നിന്‍റെ ഭരണത്തെ കുറിച്ചും-
മുന്നറിയിപ്പ് തന്ന വഴിത്താരയെ പാടെ മറന്നു കൊണ്ടു,
ഞാന്‍, വെള്ളത്തില്‍ വിതച്ചതിന്റെ
വിളവു നോക്കാന്‍ പോയിരുന്നു.

പ്രിയനേ,
പ്രണയത്തിന്റെ അപ്പോസ്തലാ..
എന്‍റെ പാപങ്ങളെ കുരിശു മരണം കൊണ്ടു
കഴുകികളഞ്ഞവനെ...
പ്രളയം വന്നൂ..
ഞാനിതാ കഴുത്തറ്റം മുങ്ങീ..
നിന്‍റെ രാജ്യം വരിക..
നീ എന്നെ ഭരിക്ക...

പ്രളയം കഴിയുമ്പോള്‍,
ദൈവ സന്നിധിയില്‍
പുണ്യ ഭൂമിയില്‍
രണ്ടു അസ്ഥികൂടങ്ങള്‍ ചെന്നടിയും..
അവന്‍ നമുക്ക് പുതു ജീവന്‍ തരും,
മാംസവും രക്തവും തരും..
പിന്നെ പുതിയൊരു ഭൂമിയും...

4 comments:

  1. ഫെമിനാ.. എനിക്കു മനസ്സിലാക്കാവുന്നതിനേക്കാൽ വലിയ വരികൾ. അഭിപ്രായമില്ല.. അഭിനന്ദനങ്ങൾ..

    ReplyDelete
  2. കവിത കൊള്ളാം ...
    ആശംസകള്‍

    ReplyDelete
  3. എല്ലാം പ്രതീക്ഷകളാണ് ,സ്വപ്‌നങ്ങള്‍ ആണ് ..
    കവിത ഇഷ്ടായി ..

    ReplyDelete