Friday, May 27, 2011

കലണ്ടര്‍
സെപ്റ്റംബര്‍ 14,
ജനനമെന്ന പറുദീസാ നഷ്ടത്തില്‍ 
കരഞ്ഞു കരഞ്ഞു അമ്മയുടെ 
നെഞ്ചോട്‌ ചേര്‍ന്ന് തളര്‍ന്നുറങ്ങിയ 
ദിവസം.

ജൂണ്‍ 1,
അക്ഷരപ്പലകയില്‍ ചൂണ്ടു വിരലറ്റം 
വാക്കിന്റെ മൂര്‍ച്ചയില്‍ നീറിയ ദിവസം.

ജൂണ്‍ 19, ജൂലായ്‌ 22,
ദൈവം എനിക്കായി സ്വര്‍ഗത്തില്‍ 
നിന്നും ചിറകില്ലാത്ത ഓരോ 
മാലാഖ കുഞ്ഞുങ്ങളെ ഒപ്പം 
കളിക്കാന്‍ തന്ന ദിനങ്ങള്‍.

ഡിസംബര്‍ 27,
ജന്മ ദിനമെന്നു പറഞ്ഞു 
കളിക്കൂട്ടുകാരന്‍ മധുരം നീട്ടിയതന്നു.

ജനുവരി 26,
വേദനിച്ചും വേദനിപ്പിച്ചും 
ആദ്യത്തെ ചുവന്ന നദി 
എന്നെ പരിഭ്രമിപ്പിച്ച ദിവസം.

ജനുവരി 28,
അച്ചടി മഷിയില്‍ മുങ്ങി നിവര്‍ന്ന 
എന്റെ അക്ഷരങ്ങളെ നാലാള് 
കണ്ട നാള്‍..

എല്ലാം എനിക്ക് മധുരം 
മാത്രം നല്‍കിയ ദിവസങ്ങള്‍.

വര്‍ഷങ്ങള്‍ക്കിപ്പുറം കാലം 
നടത്തിയ കള്ളക്കളികള്‍ കാണണ്ടേ?

സെപ്റ്റംബര്‍ 14,
മിന്നലേറ്റു കരിഞ്ഞ നാല് 
തെങ്ങുകള്‍ക് നടുവില്‍ 
വീട് നിന്ന് കത്തിയത് ,
പിറന്നാള്‍ പായസത്തില്‍ 
കയ്പ്പ് കലര്‍ന്നതന്നു..  

ജൂണ്‍ 1,
പരീക്ഷാ ഫലങ്ങള്‍ ചുവന്ന മഷി കൊണ്ട് 
ചിലന്തി വലകളില്‍ പരാജയം എന്നെഴുതി 
തന്നു തുടങ്ങിയത്..

ജൂണ്‍ 19,
ചിറകില്ലാതെ പറന്നവള്‍
താഴെ വീണു നാവറ്റു പോയത്..

ജൂലായ്‌ 22,
കരിഞ്ഞ കഴുക്കോലുകളില്‍
അവസാനത്തേതും വീതം 
വാങ്ങി അവള്‍ പടിയിറങ്ങിയത്...

ഡിസംബര്‍ 27,
പിറന്നാള്‍ സമ്മാനങ്ങളോന്നുമിനി
അയക്കേണ്ടതില്ലെന്നു പറഞ്ഞു അവന്‍ 
വിവാഹ ക്ഷണക്കത്ത് നീട്ടിയത്..

ജനുവരി 26,
ചുവന്ന നദി കുടിച്ചു വറ്റിച്ചു കൊണ്ട്
ഉള്ളിലൊരു ജീവന്‍ തുടിച്ചപ്പോള്‍ 
മുറ്റത്തെ മാവില്‍ തൂങ്ങാന്‍ 
താലിയൊഴിഞ്ഞ കഴുത്തുമായി 
ഇല്ലാത്ത മന്ത്രകോടി തിരഞ്ഞത്...

ജനുവരി 28,
എഴുത്ത് തുടരേണ്ടതില്ലെന്ന് 
സ്നേഹാക്ഷരങ്ങളിലെഴുതി 
പ്രിയ കഥാകൃത്ത്‌ എന്റെ 
കഥകളൊക്കെയും തിരികെയയച്ചത്..

നാവില്‍ കയ്പ്പ് മാത്രം 
നിറച്ച നരച്ച ദിവസങ്ങള്‍...

കാലം കള്ളക്കളി നടത്തട്ടെ..
കയ്പ്പും മധുരവും കൂട്ടി കുഴച്ചു 
വിശപ്പടക്കാന്‍ എനിക്കറിയാം...     

16 comments:

 1. >>>ജനുവരി 26,
  ചുവന്ന നദി കുടിച്ചു വറ്റിച്ചു കൊണ്ട്
  ഉള്ളിലൊരു ജീവന്‍ തുടിച്ചപ്പോള്‍
  മുറ്റത്തെ മാവില്‍ തൂങ്ങാന്‍
  താലിയൊഴിഞ്ഞ കഴുത്തുമായി
  ഇല്ലാത്ത മന്ത്രകോടി തിരഞ്ഞത്...
  .......................
  .......................
  ........................
  .......................
  നാവില്‍ കയ്പ്പ് മാത്രം
  നിറച്ച നരച്ച ദിവസങ്ങള്‍...

  കാലം കള്ളക്കളി നടത്തട്ടെ..
  കയ്പ്പും മധുരവും കൂട്ടി കുഴച്ചു
  വിശപ്പടക്കാന്‍ എനിക്കറിയാം... >>>


  അക്ഷരങ്ങള്‍ കൊണ്ടുള്ള മായാജാലം..

  ReplyDelete
 2. നിങ്ങള്‍ക്ക് കയ്പ്പ് മാത്രം തരാനായ്‌ കാലം ഇങ്ങനെ വിചിത്രമായൊരു യാദൃശ്ചികത കാത്തുസൂക്ഷിച്ചിട്ടുണ്ടെങ്കില്‍, തീര്‍ച്ചയായും കരുതിയിരിക്കുക , വീണ്ടുമൊരു നിറഞ്ഞ മധുരത്തിനായ്..ഇതേ ദിനങ്ങള്‍ക്കായ്‌...ഈ യാദൃശ്ചികത ആവര്‍ത്തിക്കപ്പെടും!
  കാരണം കാലമൊരു മഹാമാന്ത്രികനാണ്..!!

  ReplyDelete
 3. എന്റെ വക ഒരു ചെറിയ പുഞ്ചിരി... :)
  ഈ ദിവസം നീ ഓര്‍ത്തു വെയ്ക്കില്ല.
  കാരണം മനുഷ്യന് ഇഷ്ടം അവന്റെ ദുഖങ്ങളെ ഓര്‍ത്തു വെയ്ക്കാന്‍..

  ReplyDelete
 4. കവിത ഒരുപാട് ഇഷ്ടമായി.... :-)

  ReplyDelete
 5. നന്നായി ഫെമിനാ...കൊച്ചു കൊച്ചു വാക്കുകളിലൂടെ ജീവിതത്തെ നിരത്തി...ആശംസകള്‍...

  ReplyDelete
 6. ഇന്ന് മെയ്‌ 27. വരുന്ന മെയ്‌ ഇരുപത്തേഴുകള്‍ എല്ലാം സന്തോഷത്തിന്റേത് ആവട്ടെ എന്ന് ആശംസിക്കുന്നു.
  "കാലം കള്ളക്കളി നടത്തട്ടെ..
  കയ്പ്പും മധുരവും കൂട്ടി കുഴച്ചു
  വിശപ്പടക്കാന്‍ എനിക്കറിയാം..."
  ഈ വരികള്‍ ഏറെ ഇഷ്ടമായി.
  ഒരിക്കലും ഒന്നും സ്ഥായി അല്ല. ഇന്നലെ കണ്ടവരെ ഇന്ന് കാണുന്നില്ല. ഇന്ന് കാണാത്തവര്‍ നാളെ കൂട്ടിന് ഉണ്ടായെന്നും വരാം. എപ്പോഴും പ്രതീക്ഷകള്‍...

  ReplyDelete
 7. കലണ്ടറിലെ അക്കങ്ങള്‍ നമ്മെ കാക്കണം എന്നില്ല...
  എന്നാല്‍ അവയില്‍ പലതും നമുക്ക് കാവലായി നിന്നേക്കാം. അത്തരമാനേകം ദിനങ്ങള്‍ക്കായി പ്രത്യാശ്യയോടെ നീ നിന്‍റെ ജീവിതത്തെ ഒരുക്കുക.
  അവസാന വരികളിലെ പോരാട്ട വീര്യം എന്നിലും ധൈര്യത്തെ ഊട്ടുന്നു.
  ജനുവരിയിലെ അക്കങ്ങളില്‍ അവസാനത്തേതില്‍ നിന്ന് ആദ്യത്തെ ദിവസം.. എന്നെ അത്ഭുടപ്പെടുത്തുന്നു.
  അക്കൂടെ, തന്നെ താനും തന്‍റെ എഴുത്തുകള്‍ എന്നെ അസൂയാലുവാക്കുന്നു. ഇടക്കൊക്കെയും ഈ അസൂയയും നല്ല ഗുണമെന്ന ധ്വനിയുണര്‍ത്തുന്നു.

  ReplyDelete
 8. കാലത്തിന്റെ കലണ്ടറുകള്‍ നമുക്ക് മേല്‍ കറുപ്പ് വിതരാതിരിക്കട്ടെ

  ReplyDelete
 9. അനുഭവം കുരുവാണ് ....(ഗുരുവാണോ ആര്‍ക്കറിയാം)...
  അത് കുഴിച്ചിട്ടു നട്ടു നനച്ചു വളര്‍ത്തുക..
  വളരുമ്പോള്‍ അതിന്റെ തണലില്‍ വിശ്രമിക്കാം......

  "കാലം കള്ളക്കളി നടത്തട്ടെ..
  കയ്പ്പും മധുരവും കൂട്ടി കുഴച്ചു
  വിശപ്പടക്കാന്‍ എനിക്കറിയാം..."

  "എനിക്കിന്നറിയാം" എന്നായിരുന്നു ഉദ്ദേശിച്ചത് അല്ലെ?

  വാക്കുകള്‍ മിനുക്കുമ്പോള്‍ ആശയവും ഫീലിംങ്ങ്സും
  ചോര്‍ന്നു പോകാതെ നോക്കുക..........

  ReplyDelete
 10. നല്ല വരികള്‍ ഭാവുകങ്ങള്‍

  ReplyDelete
 11. നീയും പറുദീസാ നഷ്ടം വന്നൊരു മാലാഖകുഞ്ഞോ.. ഇപ്പോള്‍ ഇതും പറഞ്ഞു വരുന്നവര്‍ കുറെയുണ്ടല്ലോ ബ്ലോഗില്‍..

  കാലം കള്ളകളികള്‍ നടത്തട്ടെ ടാ.. ജീവിക്ക തന്നെ.. അല്ല പിന്നെ..

  ReplyDelete
 12. എഴുത്ത് കൊള്ളാം ! വ്യത്യസ്ഥമായ ഒരു ശൈലി! ആദ്യമായിട്ടാണ് ഇങനെയൊരെണ്ണം വായിക്കുന്നത്.!

  ReplyDelete
 13. വ്യത്യസ്തതയാർന്ന രചനകളാണ് ഫെമിയുടേത്. ഇതും ഇഷ്ടമായി. പിന്നെ സ്വർഗ്ഗത്തിൽ നിന്നും ഒളിച്ചോടി വന്നൊരു മാലാഖക്കുഞ്ഞാണു ഞാനും. അപ്പോൾ നമ്മൾ തമ്മിൽ പരിചയമുണ്ടോ

  ReplyDelete
 14. കൊച്ചു വരികളിലുടെ , കൊച്ചു കാര്യങ്ങള്‍ വലുതായി അവതരിപ്പിചിരിക്കുന്നു . ഫെമിനാ അസൂയ തോന്നിയാല്‍ പരിഭവിക്കരുത്..

  ReplyDelete
 15. @ കിങ്ങിണിക്കുട്ടി.. നിങ്ങള്‍ ബ്ലോഗേഴ്സ് മീറ്റില്‍ കണ്ടപ്പോള്‍ ഭയങ്കര സംസരമായിരുന്നല്ലോ.. എന്നിട്ടും നിങ്ങള്‍ പരസ്പരം പരിച്ചയപെട്ടില്ലേ.. മുഴുനേര ബ്ലോഗ്‌ ചര്‍ച്ചയിലായിരുന്നോ.. :P

  ReplyDelete