Tuesday, November 15, 2011

മൂന്നാം പക്കം

അവളുടെ പ്രാണന്‍ കടലെടുത്തിരുന്നു

ആത്മഹത്യക്കും അതിനു മുന്‍പൊരു-
അവിഹിതത്തിനും സാധ്യതയെന്ന്
കര പിറുപിറുത്തു.
ആരോ കൊന്നതെന്ന് കാറ്റ് ചൂളം വിളിച്ചു.
കടല്‍ പാമ്പുകള്‍ പങ്കിട്ട കാഴ്ചയും കേഴ്വിയും
തിരഞ്ഞു ഹതാശനായ വെള്ള കൊട്ട് പറഞ്ഞു,
ഈ ശവ ശിഷ്ടത്തിനു കണ്ണും കാതുമില്ല.
പച്ച മാസ്ക് അതേറ്റു ചൊല്ലി,
ഇതൊരു പെണ്ണിന്‍റെതു , അല്ല അമ്മയുടെത്.
പോസ്റ്റു മോര്‍ട്ടം മേശമേല്‍ കിടന്ന,
സ്രാവ് പാതിയും തിന്ന ഗര്‍ഭപാത്രത്തില്‍
അഴുകിയ കുഞ്ഞിക്കാലു മണത്തു കൊണ്ടു,
കത്തി ചിരിച്ചു, ഗര്‍ഭം ഉണ്ട്.

രക്തമുറഞ്ഞു നീലിച്ച,
വിഷവാക്കുകളുരഞ്ഞു മുറിപ്പെട്ട
ഹൃദയത്തിനതേ പ്രണയത്തിന്റെ ആകൃതി.
രക്തമുറഞ്ഞു നീലിച്ച,
വിഷവാക്കുകളുരഞ്ഞു മുറിപ്പെട്ട
ഹൃദയത്തിനതേ പ്രണയത്തിന്റെ ആകൃതി.
നെടുകെ പിളര്‍ന്നപ്പോള്‍ കറുത്ത ചെമ്പരത്തി.

കത്തികളും കൂടവും കത്രികയും
ഉള്ളിലെ മരണമൊഴി കൃത്യമായി രേഖപ്പെടുത്തി.

"ഞാനവനെ സ്നേഹിച്ചു, അവനെന്നെയും.
ആരോരുമറിയാതെ ഒരു തുള്ളി രേതസ്സില്‍
അവനെന്നെ ബന്ധിച്ചു.
എന്നില്‍ കടലിരമ്പും വരെ,
ബീജ സങ്കലനത്തിന്റെ രഹസ്യ മൊഴികള്‍ക്കു
കാതോര്‍ത്ത് ഞാനുറക്കം കളഞ്ഞു.

കടല്‍പ്പാലം വിജനമാകും വരെ
ചക്രവാളത്തിലെ വാക മരങ്ങളില്‍
പകല്‍ ചേക്കേറും വരെ
മകനെ, ഉദരത്തില്‍ നീ ഉറക്കം നടിക്കുക.
കടല്‍പ്പാലം വിജനമാകും വരെ
ചക്രവാളത്തിലെ വാക മരങ്ങളില്‍
പകല്‍ ചേക്കേറും വരെ
മകനെ, ഉദരത്തില്‍ നീ ഉറക്കം നടിക്കുക.
രണ്ടു ഹൃദയങ്ങളും നിലക്കവേ നീ
എന്നോട് പൊറുക്കുക.

നീതിപാലകരെ, ന്യായാധിപരെ
നിയമത്തിന്റെ കാവല്‍ മാലാഖമാരെ..
എന്‍റെ മരണത്തിനു പ്രണയത്തെ പഴിക്കുക.
അവയെ ഹൃദയങ്ങളില്‍ നിന്നും നാട് കടത്തുക.
അതിര്‍ത്തി കടക്കാതെ ശേഷിക്കുന്നവയെ
മരണം വരെ തൂക്കിലേറ്റുക...
ശേഷം എന്റെയും മകന്റെയും ശേഷക്രിയ ചെയ്യുക."

14 comments:

  1. വായിച്ചു.... കവിത നന്നായിട്ടുണ്ട്...

    കവിതയെ കുറിച്ച് കൂടുതല്‍ പറയാന്‍ എനിക്കറിയില്ല...

    ഇനിയും എഴുതുക...ആശംസകള്‍..

    ReplyDelete
  2. ചോരതെറിക്കുന്ന വരികൾ ഫെമിനാ.. അവതരിപ്പിച്ച രീതി ഏറ്റവും പുതുമ നിരഞ്ഞതും... അഭിനന്ദനങ്ങൾ...!!!

    ReplyDelete
  3. ശ്രീമതി ഫെമിന ഫാറൂക്ക്...
    ഈ ബ്ലോഗ്ഗില്‍ പുതിയൊരു പോസ്റ്റ്‌ ഇടുമ്പോള്‍ എനിക്കൊരു മെയില്‍ ഇടൂ ..
    തീര്‍ച്ചയായും ഞാന്‍ വരും നിങ്ങളെ വായിക്കാന്‍ ...
    എനിക്ക് ഈ വരികള്‍ കുറിച്ച രീതി ഏറെ ഇഷ്ടമായ് ,,,,
    ആശംസകളോടെ .... (തുഞ്ചാണി)

    ReplyDelete
  4. പ്രിയകൂട്ടുകാരി...
    നീണ്ട ഇടവേളയ്ക്കു ശേഷം ശക്തമായ വരികളുമായി എഴുത്തിന്റെ ആഘോഷമാക്കിയിരിക്കുന്നല്ലോ ഈ കവിത..
    നല്ലത്..
    കവിതയെ കുറിച്ച് ഞാനെന്ത് പറയാന്‍ .. നിനക്ക് മാത്രം എഴുതാന്‍ കഴിയുന്ന ഭാവതീവ്രതയുണ്ട് ഓരോ വാക്കിനും..
    മനസ്സ് നിറഞ്ഞ സ്നേഹം ഈ വാക്കുകള്‍ക്കു പകരമായി നല്‍ക്കുന്നു...

    ReplyDelete
  5. മുറിപ്പെടുമ്പോഴാണ് നല്ല കവിതകള്‍ ജനിക്കാറുള്ളത്...കഥകളും...
    മുര്‍ച്ഛ കൂടുമ്പോള്‍ വാക്കുകളില്‍ മിന്നലാട്ടം
    ആശയത്തില്‍ തീവ്രത....All the best...

    ReplyDelete
  6. നീണ്ട ഒരു ഇടവേളക്കു ശേഷം ഫെമിനയുടെ കവിത വായിക്കുന്നു.. സന്ദീപ് പറഞ്ഞതുപോലെ ഫെമിനക്കു മാത്രം എഴുതാന്‍ കഴിയുന്ന ഭാവതീവ്രതയുണ്ട് ഓരോ വാക്കിനും....

    ആശംസകളോടെ....

    ReplyDelete
  7. 'നീതിപാലകരെ, ന്യായാധിപരെ
    നിയമത്തിന്റെ കാവല്‍ മാലാഖമാരെ..'

    ഈ സംബോധന ഒഴിവാക്കിയിരുന്നെങ്കില്‍ കൂടുതല്‍ മനോഹരമാകുമായിരുന്നെന്നു തോന്നി.കാര്യങ്ങള്‍ അല്ലെങ്കിലും പൊതുവിലല്ലേ പറഞ്ഞത്.
    എഴുത്തിന്റെ തീവ്രത ഹൃദയസ്പര്‍ശിയായി ....

    ReplyDelete
  8. പ്രതിഷേധത്തിന്റെ കടല്‍‍ ഇരമ്പുന്നു. തിരമാലകളിലെ രൌദ്രഭാവം അതെന്നോട്‌ പറയുന്നു.

    എവിടെയോ ഹൃദയം മുറിഞ്ഞിരിക്കുന്നു. വാക്കുകളിലെ തീവ്രത അതെന്നെ ബോധ്യപ്പെടുത്തുന്നു.

    ഫെമിനയുടെ കവിതകള്‍ വായിക്കാന്‍ വീണ്ടും വരാം.

    ReplyDelete
  9. നല്ല കവിത...ശക്തമായ വരികള്‍...

    ReplyDelete
  10. ഓരോ വരിയിലും
    നേരിന്റെയും നെറികേടിന്റെയും
    അഗ്നിസ്ഫുലിങ്കങ്ങള്‍ കിടന്നു പിടക്കുന്നു..
    http://hakeemcheruppa.blogspot.com/

    ReplyDelete
  11. ഇഷ്ടായി.. കൂടുതല്‍ പറയാന്‍ അറിയില്ല ഫെമിനാ...

    ReplyDelete
  12. പ്രണയത്തിന്റെ ശേഷക്രിയ..
    വളരെ ഇഷ്ടമായി കവിത.

    ReplyDelete
  13. കടല്‍പ്പാലം വിജനമാകും വരെ
    ചക്രവാളത്തിലെ വാക മരങ്ങളില്‍
    പകല്‍ ചേക്കേറും വരെ
    മകനെ, ഉദരത്തില്‍ നീ ഉറക്കം നടിക്കുക.
    കടല്‍പ്പാലം വിജനമാകും വരെ
    ചക്രവാളത്തിലെ വാക മരങ്ങളില്‍
    പകല്‍ ചേക്കേറും വരെ
    മകനെ, ഉദരത്തില്‍ നീ ഉറക്കം നടിക്കുക.
    രണ്ടു ഹൃദയങ്ങളും നിലക്കവേ നീ
    എന്നോട് പൊറുക്കുക.

    തീവ്രം .....

    ReplyDelete