Friday, April 22, 2011

യൂസുഫേ, സ്വപ്നങ്ങളുടെ കൂട്ടുകാരാ...












യൂസുഫേ*,
സ്വപ്നങ്ങളുടെ കൂട്ടുകാരാ..
കഴിയുമെങ്കില്‍ സ്വര്‍ഗ്ഗ വാസത്തിനു അവധി 
കൊടുത്തു നീ ഭൂമിയിലേക്ക്‌ വരിക.
എന്‍റെ പക്കല്‍ നൂറു നൂറു സ്വപ്‌നങ്ങള്‍ ഉണ്ട്.
മറ്റാരോടും പങ്കു വയ്ക്കാനാഗ്രഹിക്കാത്തവ.

ബാല്യത്തില്‍ നിന്‍റെ സ്വപ്നത്തിന്‍റെ നേരറിഞ്ഞു
നിന്നെ കിണറ്റില്‍ തള്ളിയ സോദരന്മാരുടെ
സ്വാര്‍ത്ഥതയല്ല എനിക്ക് ചുറ്റും..
എന്‍റെ സ്വപ്നങ്ങളെ വട്ടുകളെന്നു
പരിഹസിക്കുന്ന സ്നേഹശൂന്യമായ 
ഊഷ്ണ ഹൃദയങ്ങളാണ്...

ദൈവത്തിനേറെ പ്രിയമുള്ളവനെ, യൂസുഫേ.. 
എന്നരികില്‍ വരിക..
ഞാനെന്‍റെ സ്വപ്നങ്ങളെ കുറിച്ച് പറയട്ടെ..?
നക്ഷത്രങ്ങളെയാണ്‌ സ്ഥിരമായ്‌ കാണാറ്..
പക്ഷെ നിന്നെ വണങ്ങിയിരുന്നത് പോലെയല്ല
എന്നോടവ കുസൃതി കാട്ടുകയാണ്..
വെള്ളി ചിറകുകളുള്ള വര്‍ണ നക്ഷത്രങ്ങളെ 
സ്വപ്നങ്ങളിലോ സ്വര്‍ഗത്തിലോ നീ കണ്ടിട്ടുണ്ടോ?
എന്നിക്ക് ചുറ്റുമവ നൃത്തം ചെയ്യുകയാണ്
യൂസുഫേ, പറയൂ എന്താണീ സ്വപ്നത്തിന്‍റെ പൊരുള്‍?

നക്ഷത്രങ്ങള്‍ മങ്ങി തെളിയുന്ന ദിവസങ്ങളില്‍ 
എന്‍റെ സ്വപ്നങ്ങളില്‍ വസന്തമാണ്.
കാലില്ലാത്ത ഉറുമ്പുകള്‍ പുഴുക്കളെ 
പോലെ വന്നെന്‍റെ വസന്തത്തെയാകെ
മൂടുന്നതിന്‍റെ അര്‍ത്ഥമെന്ത്?

സുതാര്യമായ ചിറകുകളുള്ള ശലഭങ്ങള്‍ 
ഉറുമ്പുകള്‍ക്ക് മേല്‍ തപസ്സു ചെയ്യുന്നതും 
എന്‍റെ പൂന്തോട്ടത്തിലെ വിളക്കുകാലില്‍ 
ചാരിയിരുന്നു ഒരു മാലാഖ ഉറങ്ങുന്നതും
കണ്ടു എന്‍റെ ഉറക്കം ഞെട്ടുന്നു..
യൂസുഫേ, വരിക എന്‍റെ സ്വപ്‌നങ്ങള്‍ 
എടുത്തു കൊള്‍ക..

അക്ഷരങ്ങള്‍ എനിക്ക് ചിറകാകുന്നതും
അക്കങ്ങള്‍ എനിക്ക് വേരാകുന്നതും
പറക്കാനകാതെ തളിര്‍ക്കാനാകാതെ
ഞാന്‍ പകച്ചു നില്‍ക്കുന്നതും മറ്റൊരു സ്വപ്നം..

എന്‍റെ പിതാവിന്‍റെ കണ്ണുനീര്‍ തുള്ളി
പ്രളയമായി എന്‍റെ ഹൃദയത്തെ മുക്കി കളയുന്നു..
ഇനിയുമെനിക്ക് മനസിലാകാത്ത എത്രയോ സ്വപ്‌നങ്ങള്‍..

യൂസുഫേ, ദൈവത്തോടനുവാദം വാങ്ങി 
ഒരിക്കല്‍ കൂടി വരിക ഭൂമിയില്‍..

പക്ഷമൊടിഞ്ഞ എന്‍റെ സ്വപ്നങ്ങളൊക്കെയും 
ഗുരു എന്നില്‍ നിന്നും കുടിയിറക്കും മുന്‍പ്‌ നീ വരിക..
പൊരുള്‍ പറയുക എന്‍റെ സ്വപ്നങ്ങളുടെ..


*യൂസുഫ്: സ്വപ്ന വ്യാഖ്യാനം നടത്താന്‍ കഴിവുണ്ടായിരുന്ന, ഈജിപ്തില്‍ ജീവിച്ചിരുന്നു എന്ന് ബൈബിളിലും ഖുരാനിലും പറയുന്ന, സുന്ദരനായ പ്രവാചകന്‍.

27 comments:

  1. നല്ല സ്വപ്ന കവിത...ആശംസകള്‍

    ReplyDelete
  2. ഞാനും വിചാരിക്കാറുണ്ട് യൂസുഫിനെ പോലെ ഒരു സ്വപ്ന വ്യക്യാതാവ് ഉണ്ടായിരുന്നെങ്കില്‍ എന്ന് അറ്റമില്ലാതെ കിടക്കുന്ന എന്റെ സ്വപ്നങ്ങളും വ്യാഖ്യാനിക്കാനായി.....നന്നായിട്ടുണ്ട് ഫെമിനതാ...എന്നെ മനസ്സിലായോ എന്തോ...

    ReplyDelete
  3. വ്യത്യസ്തമായ വിഷയമാണ് ഫെമിനയുടെ കവിതകളിലെ പ്രത്യേകത
    എല്ലാ ആശംസകളും

    ReplyDelete
  4. ഇവിടെയും കുറെ സ്വപ്നങ്ങളുണ്ട് കൂട്ടുകാരി.. യൂസഫ്‌ വരുമ്പോള്‍ പറയുക..എന്‍റെ സ്വപ്നങ്ങളെ വ്യാഗ്യാനിക്കാനാവാതെ വലഞ്ഞിരിക്കുന്നു ഞാനും.. ഇന്ന് ഫ്രോയിഡും നിലമോഴിഞ്ഞിരിരികുന്നു.. ഇപ്പോള്‍ അവന്‍റെ സ്വപ്നങ്ങളുടെ വേദപുസ്തകം ഞാന്‍ തലയ്ക്കു വെച്ച് ഉറങ്ങാന്‍ കിടക്കുന്നു.. കാണുന്ന സ്വപ്നങ്ങള്‍ എന്നോട് പറയുന്നതെന്തെന്ന് ഞാന്‍ കാതോര്‍ക്കുന്നു..

    ReplyDelete
  5. ''മുന്‍പേ വന്നവര്‍.,
    പിന്‍പേ പോയവര്‍.,
    നെഞ്ചും പിളര്‍ന്നു വളര്‍ന്നവര്‍..

    തെറ്റിലെ ശരി,
    ശരിയിലെ തെറ്റ്.
    കാലമെന്ന ശരി ,
    കാലമെന്ന തെറ്റ്.

    ഞാനിന്നു
    ഏതു തെറ്റിലെ
    വലിയ ശരിയാണ്?''

    ReplyDelete
  6. എല്ലാവര്‍ക്കും നന്ദി..
    @നജ്മതുല്ലൈല്:മനസിലായില്ല... profile il details ഇല്ലല്ലോ..

    ReplyDelete
  7. ഫെമിന,
    കവിത ഒരുപാട് ഇഷ്ട്ടപ്പെട്ടു....ഇത്തവണയും വളരെ വിത്യസ്തമായ ഒരു വിഷയം...
    പലപ്പോഴും ഞാനും ഒരുപാട് ആലോചിക്കാറുണ്ട് 'ഞാന്‍ കാണുന്ന സ്വപ്നങ്ങളുടെ അര്‍ഥം എന്തെന്ന്' .
    ഫ്രോയിഡിന്റെ തിയറികള്‍ പഠിച്ച ശേഷം ഇതിനെ കുറിച്ച് സ്വന്തമായി ഒരു ഗവേഷണം നടത്തണം എന്നുണ്ട്...
    ഇനിയും ഇത് പോലെ രസകരമായ വിഷയങ്ങളുമായി വരിക ...
    ആശംസകള്‍ ...

    ReplyDelete
  8. നല്ല കവിത, നല്ല സ്വപ്നം,
    നേരില്‍ പരിചയപ്പെടാന്‍ കഴിഞ്ഞില്ല.
    ബ്ലോഗേര്‍സ് മീറ്റില്‍ വന്നവരുടെ മുഴുവന്‍ ബ്ലോഗുകളുടെ ലിങ്ക് ഉള്‍പ്പെടുത്തിക്കൊണ്ട് ഞാന്‍ ഒരു പോസ്റ്റിട്ടിട്ടുണ്ട്. തുഞ്ചന്‍ പറമ്പിലെ വിരുന്നുകാരും വീട്ടുകാരും. ഉപകാരപ്പെട്ടേക്കാം.

    ReplyDelete
  9. നല്ല കവിത.. ബൈബിളിന്റെ ആഴമുള്ള താളത്തിൽ വായിക്കാൻ സുഖം.

    ReplyDelete
  10. വ്യത്യസ്തമായ നല്ല വരികൾ..

    ReplyDelete
  11. വ്യത്യസ്തമാപറഞ്ഞിരിക്കുന്നു. നന്നായി.

    ReplyDelete
  12. കൊള്ളാം...
    സ്വപ്നങ്ങൾ
    തളിരിടട്ടെ
    പൂവിടട്ടെ
    കനികളാവട്ടെ!

    ReplyDelete
  13. നല്ല വരികള്‍.ആശംസകള്‍

    ReplyDelete
  14. ഫെമിനാത്താത്താ നല്ല കവിത! നല്ല വരികള്‍

    എനിക്കൊരുപാടിഷ്ടായി! ആശംസകള്‍ കാണാട്ടോ!

    ReplyDelete
  15. കൊള്ളാം,വ്യത്യസ്തമായ വരികൾ തന്നെ.

    ReplyDelete
  16. നന്നായിരിക്കുന്നു.......
    അഭിനന്ദനങ്ങള്‍......

    ReplyDelete
  17. സ്വപ്നങ്ങളിൽ ശോകം കുടിയേറിയിരിക്കുന്നു.....simple logic..!!!
    ആശംസകൾ.

    ReplyDelete
  18. യൂസഫിനെ കണ്ടെന്നാല്‍,
    പറയു സഖി ,ഞാനും ,
    അവനെ കാത്തിരിപ്പുണ്ടെന്നു!!
    അഗ്നിച്ചിറകുമായ് എന്നെ,
    വേട്ടയാടും ശലഭങ്ങള്‍ തന്‍ ,
    അര്ത്ഥമെന്തെന്നു തിരക്കാന്‍ !
    അസ്വസ്ഥമാം എന്‍ മനസ്സിലെ ,
    അഗ്നിയെ വേരോടെ പിഴുതെറിയുവാന്‍!!

    ReplyDelete
  19. സ്വപ്നങ്ങളുടെ പൊരുളുകൾ തേറ്റിയുള്ള ഈ കാവ്യരൂപം
    വളരെ മനോഹരം....
    നല്ല സ്വപ്നങ്ങൾക്ക് ചിറകുവെച്ച് പറക്കാൻ കഴിയട്ടെ
    എല്ല നന്മകളും നേരുന്നു!

    ReplyDelete
  20. അക്ഷരങ്ങള്‍ എനിക്ക് ചിറകാകുന്നതും
    അക്കങ്ങള്‍ എനിക്ക് വേരാകുന്നതും
    പറക്കാനകാതെ തളിര്‍ക്കാനാകാതെ
    ഞാന്‍ പകച്ചു നില്‍ക്കുന്നതും മറ്റൊരു സ്വപ്നം..
    feminacheechikku ...prolshaahanangal നേരുന്നു..iniyum neelam kurachu kavitha nannaakkumenna pratheekshakalode..... saifu................................

    ReplyDelete
  21. യൂസഫ് പ്രവാചകൻറെ കഥ വായിക്കാത്തവർ ചുരുക്കം, വായിക്കാതെ പോയവർക്ക് ഫെമിന ഒരു പ്രേരണയായി. നമ്മുടെയെല്ലാം സ്വപ്നങ്ങൾ വ്യാഖ്യാനം നൽകുവാൻ ഒരാളുണ്ടായിരുന്നെങ്കിലെന്നു ഇത് വായിച്ചപ്പോർ ഒരു നിമിഷം മോഹിച്ചു പോയി.....

    ReplyDelete
  22. സ്വപ്‌നങ്ങള്‍
    കിളിര്‍ക്കട്ടെ
    തളിരിടട്ടെ
    പുഷ്പിക്കട്ടെ.

    ReplyDelete
  23. പക്ഷമൊടിഞ്ഞ എന്‍റെ സ്വപ്നങ്ങളൊക്കെയും
    ഗുരു എന്നില്‍ നിന്നും കുടിയിറക്കും മുന്‍പ്‌ നീ വരിക..
    പൊരുള്‍ പറയുക എന്‍റെ സ്വപ്നങ്ങളുടെ..
    നല്ല വരികള്‍ ..മനോഹരം.....
    സൌന്ദര്യ ചക്രവര്‍ത്തിയായ യൂസഫ്‌ പ്രവാചകനെ ഒരിക്കല്‍ കൂടെ ഓര്‍മ്മിപ്പിക്കുന്നതായി രചന. ആശംസകള്‍

    ReplyDelete
  24. അക്ഷരങ്ങള്‍ എനിക്ക് ചിറകാകുന്നതും
    അക്കങ്ങള്‍ എനിക്ക് വേരാകുന്നതും
    പറക്കാനകാതെ തളിര്‍ക്കാനാകാതെ
    ഞാന്‍ പകച്ചു നില്‍ക്കുന്നതും മറ്റൊരു സ്വപ്നം..
    നന്നായിരുന്നു എന്നു പറഞ്ഞു ഈ കവിതയെ ചെറുതാക്കുന്നില്ല , വായിച്ച കവിതകളില്‍ നിന്നൊക്കെ വ്യത്യസ്തമാണ് ഫെമിനയുടെ കവിതകള്‍ ...ഇനിയും ഒരുപാട് എഴുതണം

    ReplyDelete