Saturday, April 16, 2011

സ്(മരണ)ക്കല്ല്


















നഗരത്തിലേക്കുള്ള പാതയരിക് 
അതിരിടുന്ന ചെമ്മണ്ണു വിരിച്ച മുറ്റം,
എല്ലായ്പ്പോഴും തുറന്നു കിടക്കുന്ന 
ഉയരം കുറഞ്ഞ വാതിലും,
എപ്പോഴുമടഞ്ഞു കിടക്കുന്ന 
ജനാലകളുമുള്ള ചെറിയ വീട്.
അവിടെയാണയാളുടെ രാപ്പകലുകള്‍ 
വിടരുകയും തളിര്‍ക്കയും കൊഴിയുകയും 
ചെയ്യുന്നത്..

കല്ലറയിലേക്കിനിയും മാറ്റിയിട്ടില്ലാത്ത 
സ്മരണക്കല്ലുകളാണയാള്‍ക്ക് കൂട്ടുകാര്‍ 
അരണ്ട വെളിച്ചത്തിലിരുന്നു, താളത്തിലയാള്‍
മരിച്ചവരുടെ പേരുകള്‍ കൊത്തും 
ഉറങ്ങുമ്പോള്‍ ഒഴികെ അയാള്‍ സംസാരിച്ചു 
കൊണ്ടേയിരിക്കും, മരിച്ചവരോട്..
സ്മരണക്കല്ലുകളോട്.. 

വീടിനടുത്തുള്ള പള്ളിയില്‍ മരണ മണി 
മുഴങ്ങുമ്പോള്‍ അയാള്‍ ആഹ്ലാദിച്ചു.
എങ്കിലും, പേരും മറ്റു വിവരങ്ങളും 
കൈമാറാനെത്തുന്ന ബന്ധുക്കളെ 
നിറഞ്ഞ കണ്ണുകളോടെതിരേറ്റു.
കല്ലറയിലേക്ക് മാറ്റപ്പെടുന്ന 
സ്മരണക്കല്ലുകള്‍ അയാള്‍ക്ക്‌ നോവാണ്.
ഓരോ സുഹൃത്തിന്റെയും മരണമാണ്,
അയാള്‍ക്കത്.
എന്നാലും കല്ല്‌ കൊണ്ട് പോകാന്‍ വരുന്ന 
ഉറ്റവരെ അയാള്‍ പുഞ്ചിരിയോടെ യാത്രയാക്കും.
കാശ് വാങ്ങി യേശുവിന്‍റെ ക്രൂശിത രൂപത്തിന് 
മുന്നില്‍ വയ്ക്കും.

പേര് കൊത്താന്‍ ഏല്പിച്ചു നാളേറെയായിട്ടും
ആരുമാന്വേഷിച്ചെത്താത്ത ജോസെഫിന്‍റെ കല്ലായിരുന്നു
അയാളുടെ അടുത്ത ചങ്ങാതി.
ജോസെഫിനോടിണങ്ങിയും പിണങ്ങിയും 
പേര് കൊത്തി കടന്നു പോയ ദിനരാത്രങ്ങള്‍ 
ആയിരുന്നു അയാളേറെ ആസ്വദിച്ചവ.
'എന്‍റെയപ്പന്‍റെ കല്ല്‌ കൊത്തി കഴിഞ്ഞില്യോന്നു'
ചോദിച്ചയാള്‍ വരും വരേയും ആ സൌഹൃദം 
തുടര്‍ന്നു.
അന്നയാള്‍ കല്ല്‌ കൈമാറുമ്പോള്‍ പുഞ്ചിരിച്ചില്ല..
കാശ് വാങ്ങിയില്ല..
പേര് കൊത്താതെ, കൂട്ടുകാരോട് സംസാരിക്കാതെ
ആ രാത്രി മുഴുവന്‍ ഇരുള്‍ വീണ ഉള്‍മുറിയിലയാള്‍
ജോസെഫിനെയോര്‍ത്തു കിടന്നു..

അടുത്ത ആഴ്ച മുതല്‍ എല്ലാ  ഞായറാഴ്ചയും 
ജോസെഫിന്‍റെ കുഴിമാടത്തില്‍ വയലെറ്റു പൂക്കളും
മെഴുകുതിരിയും പ്രത്യക്ഷമായി തുടങ്ങി..
ചെമ്മണ്ണു വിരിച്ച മുറ്റമുള്ള ആ ചെറിയ 
വീട് ഓരോ മരണ മണിയ്ക്കൊപ്പവും
വിറയ്ക്കാന്‍ തുടങ്ങി..

19 comments:

  1. ജോസഫിൽ അയാൾ കുടുങ്ങിപ്പോയി...

    മരണക്കല്ലുകൾ മുഴക്കം സൃഷ്ടിക്കുന്നു കവിതയിൽ.

    ReplyDelete
  2. പ്രണയവും പ്രവാസവും മാത്രം കുത്തിനിരയ്ക്കുന്ന ബ്ലോഗുകളില്‍ നിന്ന് വ്യത്യസ്തമായി പലപ്പോഴും വൈവിധ്യ മാര്‍ന്ന വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന അപൂര്‍വ്വം ബ്ലോഗ്ഗെരില്‍ ഒരാളാണ്, ഫെമിന. ആശംസകള്‍

    ReplyDelete
  3. പേരിനപ്പുറം എന്നെക്കുറിച്ചു പിൻഗാമികൾ ആ കല്ലുകളിൽ എന്തു കൊത്തിവെക്കണം എന്ന ഒരു ചിന്ത കൂടി മനുഷ്യനുണ്ടായിരുന്നുവെങ്കിൽ സമൂഹ്യമെഘലകളിൽ സ്വപ്നസമാനമായ പുത്തൻ സമവാക്യങ്ങൽ എന്നെ രചിക്കപ്പെടുമായിരുന്നു.. ഫെമിനാ നല്ല ചിന്തകൾ.. ആശംസകൾ..

    ReplyDelete
  4. അര്‍ത്ഥവത്തായ വരികള്‍..

    ReplyDelete
  5. ജീവിതത്തിന്റെ നെഞ്ചത്ത് തറച്ചിട്ട
    ഓര്‍മ്മക്കല്ലുകളാവും
    സത്യത്തില്‍, ഈ വാക്കുകളെല്ലാം.

    ReplyDelete
  6. നന്നായിട്ടുണ്ട്...

    ReplyDelete
  7. തികച്ചും വിത്യസ്തമായി അവതരിപ്പിച്ചു.സ്മാരകശിലകളുടെ നടുവിലയാളും വിറക്കുന്ന ആ വീടും..

    ReplyDelete
  8. ഈ സ്മാരകശിലകള്‍ എന്നും ഓര്‍മ്മകളില്‍ ഉണ്ടായിരിക്കേണ്ട ഒന്നാണ് ..

    ReplyDelete
  9. എഴുത്തിലൂടെ വായനക്കാരുടെ മനം കവരാന്‍ കഴിയുന്നു ഫെമിനയ്ക്ക്...അഭിനന്ദനങ്ങള്‍...

    ReplyDelete
  10. വിത്യസ്തമായ ആശയം!
    ആശംസകള്‍ ഫെമിനാ...

    ReplyDelete
  11. പ്രിയകൂട്ടുകാരി.. നിന്നില്‍ ഞാന്‍ അഭിമാനിക്കുന്നു.. വേറിട്ടൊരു കാഴ്ച്ചയേകുന്നു ഈ വാക്ക്‌ രൂപങ്ങളില്‍.. ഇപ്പോള്‍ ഓരോ മരണ മണിക്കൊപ്പവും എന്‍റെ മനസും വിറയ്ക്കാന്‍ തുടങ്ങുന്നു... എനിക്ക് നഷ്ടപെട്ട പ്രിയരേ ഓര്‍ത്തു..

    ReplyDelete
  12. പേരു കൊത്തിയ ഒരു സ്മരണക്കല്ല് വാങാനാളില്ലാതെ മുക്കിലിരിക്കുന്നത് ഞാനിന്ന് സ്വപ്നം കാണും,തീര്‍ച്ച..അല്ലെങ്കില്‍ ജൊസഫും,മകനും എന്റെ ഉറക്കം കളയും

    ReplyDelete
  13. എല്ലാ കൂട്ടുകാര്‍ക്കും നന്ദി..

    ReplyDelete
  14. അടുത്ത ആഴ്ച മുതല്‍ എല്ലാ ഞായറാഴ്ചയും
    ജോസെഫിന്‍റെ കുഴിമാടത്തില്‍ വയലെറ്റു പൂക്കളും
    മെഴുകുതിരിയും പ്രത്യക്ഷമായി തുടങ്ങി..
    ചെമ്മണ്ണു വിരിച്ച മുറ്റമുള്ള ആ ചെറിയ
    വീട് ഓരോ മരണ മണിയ്ക്കൊപ്പവും
    വിറയ്ക്കാന്‍ തുടങ്ങി..
    നല്ല എഴുത്ത് വരികളിലൂടെ മിഴികൾ നീങ്ങവേ എൻ മനസ്സിലുദിച്ചത് തന്നെ ഫെമിന പറഞു...തുടരുക...ചെമ്മണ്ണ് വിരിച്ചതാണെങ്കിൽ കാല്പാദങ്ങൾക്ക് മൃദുലമായ വഴികൾ തേടി ... നല്ലതേ വരൂ....

    ReplyDelete
  15. നല്ല വരികള്‍ എന്ന് മാത്രം പറഞ്ഞൊതുക്കാനാവുന്നില്ല..അഭിപ്രായങ്ങള്‍ പറയാനുള്ള കോളത്തില്‍ ഒരുപന്യാസമെഴുതാനും എനിക്കാവില്ല..ദൈവം അനുഗ്രഹിക്കട്ടെ..ഇനിയും ആ വിരല്‍ തുമ്പിലൂടെ അക്ഷരങ്ങള്‍ മാസ്മരികത പ്രദര്‍ശിപ്പിക്കട്ടെ..

    ReplyDelete