Friday, February 25, 2011

അരയാലിലകളിലെ മഴ


കടലിനെ പ്രണയിച്ച വിണ്ണിന്റെ 
മേഘ സന്ദേശമാണ് ഞാന്‍ .
വിരഹപ്പെയ്ത്തില്‍ അരയാല്‍ക്കൊമ്പില്‍ 
വീണു ചിതറിയ മഴത്തുള്ളി.


പെയ്യും വരെയും ഉള്ളിലോരോ 
കണികയിലും വിരഹമായിരുന്നു.
കടലിനെ സാന്ത്വനിപ്പിക്കാന്‍ എന്നെ
അയച്ച വിണ്ണിന്റെ പ്രണയമായിരുന്നു.
പ്രപഞ്ച സൃഷ്ടി കാലത്തോളം 
പഴക്കമുള്ള പ്രണയത്തിന്‍ 
മൂകസാക്ഷിയാകാന്‍ വിധിക്കപ്പെട്ട 
ശ്യാമ മേഘങ്ങളിലോന്നെന്റെ കൊട്ടാരം

ആദിയില്‍ , മുഴുവന്‍ സ്നേഹവും
രണ്ടായി പകുത്ത് കടലിനുമാകാശത്തിനും
സമ്മാനിച്ച ദൈവത്തിന്റെ കഥയില്‍ 
കൗതുക കണ്ണുമിഴിച്ചു ബാല്യം
കടന്നു പോയി..

"തീവരാനുരാഗത്തിന്‍ സൂര്യനാല്‍ തപിച്ചു 
മേഘമായുയര്‍ന്നു കടല്‍ വിണ്ണിനെ- 
യാശ്ലേഷിച്ചു ..    

താന്‍ ഉയിര്‍ കൊടുത്ത ജീവ ജാലങ്ങള്‍ക്ക് 
മേല്‍ മേഘം കുടപിടിക്കുന്നത് 
കണ്ടു ദൈവം ചിരിച്ചു..

വിരഹത്തിന്റെ കൊടുങ്കാറ്റിലുലഞ്ഞു 
മാരിയെ പെയ്യിച്ചു ആകാശം കടലിനെ-
യുമ്മ വച്ചു... 
താന്‍ പകുത്ത സ്നേഹം, മഴയായി 
സര്‍വ്വ ചരാചരങ്ങളെയും തഴുകുന്നത് 
നോക്കി നിന്നൂ ദൈവം.."

ദൈവത്തിന്റെ കൌശലങ്ങളുടെ  
രഹസ്യത്തെ കുറിച്ചിട്ട 

ഗ്രന്ഥത്തില്‍ നിന്നും ഉരുവിട്ട് ഹൃദിസ്ഥമാക്കിയ 
വിശുദ്ധാക്ഷരങ്ങളില്‍ മനനം ചെയ്തു 
ആത്മാവില്‍ ലക്ഷ്യത്തെ കുറിച്ചിട്ട യൌവനം..

ദൂതു പോകാന്‍ നിയോഗിക്കപ്പെട്ട നാള്‍,
പെയ്തു പാതി വഴി പിന്നിടുമ്പോള്‍
സാഗരത്തിന്റെ പ്രണയ നീലിമയും 
ആകാശത്തിന്റെ ഇരുണ്ട വിരഹവും 
യുഗങ്ങളായി തുടരുന്ന കര്‍മ്മ-
ബന്ധത്തിന്‍ ബാധ്യതയും മറന്നു.

ഭൂവിലേക്കുറ്റു നോക്കവേ 
കാഴ്ചയിലുടക്കിയ അരയാല്‍ 
തലപ്പില്‍ ഹൃദയം പിടച്ചു.

കാറ്റില്‍ നൃത്തം വയ്ക്കുന്ന 
കുഞ്ഞില കൈകളോട് 
വാത്സല്യം..

വിണ്ണിലേക്ക് പടര്‍ന്നു കയറിയ 
ശിഖരങ്ങളോട് പ്രണയം..

വിറയ്ക്കുന്ന ഹൃദയത്തോടെ 
കുളിരുന്ന ദേഹത്തോടെ 
അരയാലിലകളില്‍ വന്നു
വീണ മുഹൂര്‍ത്തം..

പ്രണയം ഭ്രാന്തമായ് പടര്‍ന്നു;
ഇലകളില്‍ , ചില്ലയില്‍, തായ്തടിയില്‍.

മണ്ണില്‍, മഴ തീര്‍ത്ത നീര്‍ച്ചാലില്‍ 
വീണു പോകാതെ;
മഴ നൃത്തമവസാനിപ്പിച്ച-
ഇലത്തുമ്പിലൂറി കിടന്നു.

പെയ്തു തീര്‍ന്ന മഴ, കടലിനെ 
പുല്‍കാന്‍ വെമ്പി നദിയെ 
കൂട്ട് പിടിചൊഴുകി മറഞ്ഞിരുന്നു.

കാറ്റ് വരുന്നുണ്ട് , ദൈവം 
കോപിച്ചതാകാം..

ലക്‌ഷ്യം മറന്നയെന്നെ കാറ്റുലച്ചു
താഴെയിടുക തന്നെ ചെയ്തു.

മഴ കുടിച്ചുന്മത്തയായ ഭൂമി
അരയാല്‍ വേരുകള്‍ വെളിപ്പെടുത്തിയത് 
കടലിനോടുള്ള പ്രണയം കൊണ്ടോ
ആകാശത്തോടുള്ള കുശുമ്പ് കൊണ്ടോ...?

ചുംബിക്കുമ്പോള്‍ അരയാല്‍ 
വേരിലെ നീട്ടിയ നാവിന്റെ തുമ്പത്ത് 
എന്റെ പ്രണയം മധുരിച്ചിരിക്കണം.
ജീവ രക്തമായ് ഒഴുകുകയാണ് 
അരയാലുടലുള്ളിലാകെ..
സൂര്യ താപം വന്നു 

ശ്യാമ മേഘ കൊട്ടാരത്തിലേക്ക് 
കൂട്ടികൊണ്ട് പോകും വരെയും 
ഞാന്‍ ആവോളം പകരട്ടെ 
അരയാലിനെന്റെ പ്രണയം...

13 comments:

  1. ഫെമിനാ ..മാറ്റര്‍ പൂര്‍ണ്ണമായി മെയിലില്‍ ചേര്‍ക്കണോ ?
    ഇവിടെ വായനക്കാര്‍ കുറയും മോളെ ..
    നന്നായിരിക്കുന്നു ഓരോ വരിയും ..
    കാറ്റ് വരുന്നുണ്ട് , ദൈവം
    കോപിച്ചതാകാം.
    ഇവിടെ കൊടുംകാറ്റ് ആക്കാമായിരുന്നോ?
    കാറ്റുകള്‍ പല തരമുണ്ടല്ലോ ,അതുകൊണ്ട് തോന്നിയതാ..
    കവിതയുടെ വൃത്തവും പ്രാസവുമോന്നും എനിക്കറിയില്ലാട്ടോ..
    സ്നേഹം മാത്രം .

    ReplyDelete
  2. oru ghandharva pranayam...
    vaakkukalil varachu cherkkunnu neeyivide.. aaro paranju vecha kadhayude aarum parayatha baagham.. gud..

    ReplyDelete
  3. ചുംബിക്കുമ്പോള്‍ അരയാല്‍
    വേരിലെ നീട്ടിയ നാവിന്റെ തുമ്പത്ത്
    എന്റെ പ്രണയം മധുരിച്ചിരിക്കണം.
    ജീവ രക്തമായ് ഒഴുകുകയാണ്
    അരയാലുടലുള്ളിലാകെ..
    സൂര്യ താപം വന്നു


    ഫെമിനാ , വരികള്‍ നന്നായി
    ആശംസകള്‍

    ReplyDelete
  4. ആഴത്തില്‍ സ്പര്‍ശിക്കുന്ന മാനങ്ങള്‍ ഉള്ള വരികള്‍ ..ഒരു നിര്‍ദേശം എനിക്ക് തോന്നിയത്..കവിത ഇങ്ങനെ വലിച്ചു നീട്ടണമായിരുന്നോ ?
    കാറ്റ് വരുന്നുണ്ട് ദൈവം കൊപിച്ചതാകാം
    എന്ന വരിയില്‍ നിര്‍ത്തിയാല്‍ തന്നെ ഈ കവിതയ്ക്ക്
    ഒന്നും സംഭവിക്കില്ല..തിമിത്തു പെയ്തു നിര്‍ത്തിയ മഴ പിന്നെ ചാറി പെയ്യാന്‍ തുടങ്ങുന്നത് പോലെ തോന്നി തുടര്‍ വരികള്‍..ആശയം ആറ്റിക്കുറുക്കി എടുക്കുംപോലാണ് ശരിക്കും അമൃത്‌പോലെ പോലെ കവിത ഊറി തെളിയുന്നത്...ഫെമിനയ്ക്ക് നല്ല കവിതകള്‍ എഴുതാന്‍ കഴിയുമെന്ന് ഈ വരികള്‍ സാക്ഷ്യപ്പെടുത്തുന്നു..ആശംസകള്‍ ..:)

    ReplyDelete
  5. ആത്മാംശ പ്രധാനമായ രചന.മിക്ക വരികളും മനോഹരം. ഏറെ മനോഹരമായ വരികള്‍ ഇവയാണ്:

    ഭൂവിലേക്കുറ്റു നോക്കവേ
    കാഴ്ചയിലുടക്കിയ അരയാല്‍
    തലപ്പില്‍ ഹൃദയം പിടച്ചു.


    കാറ്റില്‍ നൃത്തം വയ്ക്കുന്ന
    കുഞ്ഞില കൈകളോട്
    വാത്സല്യം.


    വിണ്ണിലേക്ക് പടര്‍ന്നു കയറിയ
    ശിഖരങ്ങളോട് പ്രണയം.


    ഇനിയും മനസിലുടക്കുന്ന മനോഹര വരികള്‍ സൃഷ്ടിക്കാന്‍ കഴിയട്ടെയെന്ന് ആശംസിക്കുന്നു പ്രാര്‍ഥിക്കുന്നു

    ReplyDelete
  6. ദൈവത്തിന്‍റെ സൃഷ്ടികളിലെ മഹാ വികൃതി മഴ തന്നെ...ആശംസകള്‍..

    ReplyDelete
  7. ജീവ രക്തമായ് ഒഴുകുകയാണ്
    അരയാലുടലുള്ളിലാകെ..

    വരികൾ കൊള്ളാം നന്നായിട്ടുണ്ട്.

    ReplyDelete
  8. എല്ലാവര്‍ക്കും നന്ദി..

    ReplyDelete
  9. വാക്കുകളെ കീറി മുറിച്ചു വിലയിരുത്താന്‍ മാത്രമുള്ള
    അക്ഷര ജ്ഞാനമൊന്നും എനിക്കില്ല.
    കവിതയ്ക്ക് ഒരല്പം നീളം കൂടുതലാണോ എന്നെനിക്കു തോന്നി.
    അത് അടുത്ത രചനയില്‍ ശ്രദ്ധിച്ചാല്‍മതി.
    സര്‍വ്വവിധ ആശംസകളും നേരുന്നു.

    ReplyDelete
  10. മനോഹരമായ
    കുളിർമയുള്ള
    വരികൾ
    എല്ലാ ആശംസകളും!

    ReplyDelete
  11. ആശംസകൾ ഫെമിനാ.. എത്ര മനോഹരം..

    ReplyDelete
  12. എന്തൊരു പെയ്യല്‍.
    മനോഹരമായ അനേകം വരികള്‍ സമൃദ്ധമായി.
    വലിപ്പം ഇത്തിരി കുറഞ്ഞെങ്കില്‍,
    അവിതയുടെ പൊതുസ്വഭാവത്തിനു ചേരാത്ത ചില വരികള്‍
    മുറിച്ചെങ്കില്‍ ശില്‍പഭദ്രമായ ഒന്നായേനെ ഇാ മഴ

    ReplyDelete
  13. എല്ലാവര്‍ക്കും നന്ദി..

    ReplyDelete