Saturday, January 31, 2015

സ്വാർത്ഥം


ദയ എന്ന് പേരുളള എന്റെ മകൾ ഉറങ്ങുകയായിരുന്നു...

സ്വപ്നങ്ങളിലെ അവളുടെ സ്വർണ മീനുകളെ,
അവളുടെ ഇമയനക്കങ്ങളിലൂടെ, ചെറു പുഞ്ചിരിയിലൂടെ
ഞാൻ സങ്കല്പിച്ചെടുക്കുകയായിരുന്നു...

അവളുടെ ഓരോ നിശ്വാസത്തിലും വെളുത്ത മിനുത്ത തൂവലുകൾ,
രണ്ടു കരടി പാവകളുടെ ചിത്രമുളള ഉടുപ്പിൽ വിറകൊണ്ടു നിൽക്കുകയായിരുന്നു...

സുബിദിന്റെ വർണ പമ്പരങ്ങളിലേക്ക് അവളുടെ കുഞ്ഞു ചിറകുകൾ തിടുക്കപ്പെടുകയായിരുന്നു...

ഇളം നീല നിറത്തിൽ അരികുകളുളള വെളുത്ത കിടക്കയിൽ ദയ ഉറങ്ങുകയായിരുന്നു...

ദയ വന്ന പിന്നെ കെടുത്തിയിട്ടേയില്ലാത്ത മേശ വിളക്കിനരികിൽ
രാപ്പാറ്റകൾ തങ്ങളുടെ അവസാന നൃത്തം പരിശീലിക്കയായിരുന്നു...

കൃഷ്ണപക്ഷത്തിലെ അരണ്ട നിലാവ്, എന്റെ ചുമരുകളെ നിഴലുകളുടെ ഇരുണ്ട നാവുകൾക്കു എറിഞ്ഞു കൊടുക്കുകയായിരുന്നു..

നിലാവിൽ മേൽക്കൂര കൂടിയെനിക്ക് നഷ്ടമാകുമോയെന്നു ഭയന്ന ആ നിമിഷം തന്നെയാണ് ,
ദയയുടെ കിടക്കയിലേക്ക് വരിയും നിരയും തെറ്റിയോരുറുമ്പ് കയറിയത്...

എന്റെ കുഞ്ഞ് എന്റെ കുഞ്ഞ് എന്ന
സ്വാർത്ഥത രണ്ടു വിരലുകൾ കൊണ്ട് ആ ഉറുമ്പിനെ കൊന്നൂ..

ദയയില്ലാത്ത അമ്മേയെന്നു ഒരു വരിയുറുമ്പെന്നോടു വിലപിക്കുന്നു..

ദയ ഉറങ്ങുകയായിരുന്നൂവെന്നു ഞാൻ നിസ്സഹായയാകുന്നു..

വീട് തേടി നടന്ന കുഞ്ഞിനെ കൊന്നു കളഞ്ഞില്ലേയെന്നു ശപിക്കുമ്പോൾ ഞാൻ കണ്ണുനീരു കൊണ്ടു ഉറുമ്പിൻ കൂട്ടത്തെ സ്നാനപ്പെടുത്തുന്നു..

7 comments:

  1. നന്നായി കവിത... മറ്റുള്ളവരുടെ ദു:ഖങ്ങൾ മനസിനെ മദിക്കുമ്പോഴാണു നാം മനുഷ്യരാവുന്നത്

    ReplyDelete
  2. എന്റെ കുഞ്ഞ് എന്റെ കുഞ്ഞ് എന്ന
    സ്വാർത്ഥത രണ്ടു വിരലുകൾ കൊണ്ട് ആ ഉറുമ്പിനെ കൊന്നൂ..

    ഇങ്ങിനെയൊക്കെ എഴുതാൻ നിനക്കെ പറ്റൂ ......... അക്ഷരങ്ങളുടെ തിരിച്ചുവരവ്‌ ഇനി മറ്റൊരു വേനലവധിക്ക് പോവാതെ, ചലിച്ചു കൊണ്ടെയിരിക്കട്ടെ എന്നാണ് പ്രാര്ത്ഥന ........... നീ എഴുതുന്ന ഓരോ അക്ഷരങ്ങളും എന്റെ പ്രിയപ്പെട്ടവയാണെന്ന് പ്രത്യേകം പറയേണ്ടല്ലോ .......... ആശംസകൾ !!!

    ReplyDelete
  3. നന്നായിട്ടുണ്ട്

    ReplyDelete
  4. നന്നായിട്ടുണ്ട്

    ReplyDelete
  5. കവിത ഇഷ്ട്ടപെട്ടു...ആശംസകള്‍

    ReplyDelete
  6. My malayalam app is not working today, so I shall comment later.
    Please visit my main blog
    Jp-smriti.blogspot.in

    ReplyDelete
  7. നന്നായിട്ടുണ്ട്....ആശംസകൾ...

    ReplyDelete