Tuesday, July 5, 2011

പ്രണയ ധ്യാനം
















 ദൈവമേ, 
ധ്യാനത്തിന്‍റെ ചിറകുകള്‍ക്കുള്ളിലെ എന്‍റെ നിദ്രയ്ക്കു ഭംഗം വന്നിരിക്കുന്നു.
നിന്നിലേക്കൊഴുകിയിരുന്ന എന്‍റെ നദി ഗതി മാറി പോകുന്നു.
മണ്ണില്‍ പല വഴി പടര്‍ന്ന എന്‍റെ വല്ലരികള്‍ മുറിഞ്ഞു പോയിരിക്കുന്നു.
ഒരൊറ്റ വൃക്ഷത്തിലേക്കു ഞാന്‍ കാരണമറിയാതെ ചുറ്റി പടരുന്നു.
തിരയടങ്ങി ഞാനേതോ ഹൃദയത്തില്‍ കടലായി നിറയുന്നു.
കണ്ണീരു കൊണ്ട് ഞാനാരുടെയോ പാദങ്ങള്‍ കഴുകുന്നു.
എന്‍റെ നിശ്വാസങ്ങള്‍ ആരുടെയോ പ്രിയപ്പെട്ട ഗസലാകുന്നു.
ചുണ്ടിന്‍റെ കോണുകളില്‍ ആരോ ചുംബനം കൊണ്ട് ചിരി വരയ്ക്കുന്നു.
കല്ലും മുള്ളും വഴി മാറിയ പാതയിലേക്ക് മഞ്ഞു പെയ്തിറങ്ങുന്നു.
ആരോ എന്‍റെ പ്രഭാതങ്ങളെ പനിനീര് കുടഞ്ഞുണര്‍ത്തുന്നു.
എന്തിനു ഞാനെന്ന ചോദ്യത്തിന് മേല്‍ ഒരു ഹൃദയം മുറിപ്പെടുന്നു.
ഇരുട്ടിന്‍റെ കോട്ടകള്‍ തകര്‍ത്തൊരു സൂര്യന്‍ എന്‍റെ ഹൃദയത്തില്‍ ഉദിക്കുന്നു.
വെളിച്ചത്തിലാകെ ഭ്രമിച്ച എന്‍റെ മിഴികളെയാരോ ചുംബിച്ചടയ്ക്കുന്നു.
അനേകം ഹൃദയ തടവറകളുടെ ഒറ്റ വാതിലാരോ തകര്‍ത്തെന്‍റെ - 
ചിറകുകളെ സ്വതന്ത്രമാക്കുന്നു...

ദൈവമേ, കാത്തിരിക്കാന്‍ ക്ഷമയുള്ളവനെ...
എന്‍റെയവസാന സങ്കേതം ഞാന്‍ കണ്ടെത്തിയിരിക്കുന്നു..
നിന്റെയിഷ്ടം കൊണ്ട് എന്നെ നീയവനോട് ചേര്‍ത്തു വയ്ക്കുക..
ലോകാവസാനം വരേയ്ക്കും...

12 comments:

  1. പ്രണയതീക്ഷ്ണം....വരികള്‍....പ്രണയത്തിന്റെ വിശുദ്ധിയും വെളിച്ചവുമുള്ള കവിത...ഹൃദയങ്ങളെ ഈ വരികള്‍ സ്നാനം ചെയ്യട്ടെ....ആശംസകള്‍......

    ReplyDelete
  2. മോഹിപ്പിക്കുന്ന വരികള്‍.. പ്രണയത്ത്തോടുള്ള അടക്കാനാവാത്ത തീഷ്ണത.. അതിമനോഹരം ഫെമിന..ആശംസകള്‍..

    ReplyDelete
  3. ഫെമിന,
    വീണ്ടും നല്ല വരികള്‍ ...പ്രണയത്തിന്‍റെ എല്ലാ ഭാവങ്ങളും നിറഞ്ഞവ....പൂക്കട്ടെ പാഴ്മരം, തളിര്‍ക്കട്ടെ...
    ഭാവുകങ്ങള്‍ ...

    ReplyDelete
  4. "എന്തിനു ഞാനെന്ന ചോദ്യത്തിന് മേല്‍ ഒരു ഹൃദയം മുറിപ്പെടുന്നു."
    ഒരിക്കലും ഉത്തരം കിട്ടാന്‍ സാധ്യതയില്ലാത്ത ചോദ്യം
    ഭക്തിയും പ്രണയവുമെല്ലാം ഉത്തരമില്ലാ ചോദ്യങ്ങള്‍
    എന്റെ മനസ്സ് കൈവിട്ടു പോകുന്നതെന്ത്‌ എന്ന് ചോദിക്കാത്തവര്‍ ആരാണ്?
    നല്ല വരികള്‍ ..........

    ReplyDelete
  5. കാത്തിരിക്കാന്‍ ക്ഷമയുള്ളവന്‍ ദൈവം മാത്രമാണല്ലേ?

    പല വരികളും ഇഷ്ടമായി. ഗദ്യമായിത്തന്നെ എഴുതിയതും ഭംഗിയായി.

    ReplyDelete
  6. "എന്തിനു ഞാനെന്ന ചോദ്യത്തിന് മേല്‍ ഒരു ഹൃദയം മുറിപ്പെടുന്നു."
    ഇഷ്ടമായി കൂട്ടുകാരി..
    ഭാവതീവ്രം.. പ്രണയലോലം.. പ്രതീക്ഷാനിര്‍ഭരം.. പ്രാര്‍ത്ഥനാപൂര്‍വം.. :)

    ReplyDelete
  7. ഒരു ജിബ്രാന്‍ ടച്
    :))

    ReplyDelete
  8. "എന്‍റെ നിശ്വാസങ്ങള്‍ ആരുടെയോ പ്രിയപ്പെട്ട ഗസലാകുന്നു."
    വായിക്കാന്‍ സുഖമുള്ള വരികള്‍ ..വായിക്കുമ്പോള്‍ ആശ്വാസം തരുന്ന വരികള്‍ ...വായനയില്‍ പ്രതീക്ഷയുണര്ത്തുന്ന വരികള്‍ ...എഴുതികരിയെ ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന വരികള്‍ ...തെളിഞ്ഞ അരുവിപോലെ വിശുദ്ധമായ വരികള്‍...ആശംസകള്‍ ഇനിയുമേറെ എഴുതാവട്ടെ ഈ എഴുത്ത്കാരിക്ക് ദൈവം തുണയായിരിക്കട്ടെ എപ്പോഴും പ്രാര്‍ത്ഥനയോടെ

    ReplyDelete
  9. പ്രത്യാശയുടെ കിരണങ്ങളും അതിജീവനത്തിന്റെ കരുത്തുമെല്ലാം കൂടി ധ്യാനം വിട്ട് സ്വതന്ത്രമായും സ്വച്ഛമായും നടന്നു കയറുകയാണല്ലോ. എന്നിണ്ട് നീണ്ടൊരു പ്രാർത്ഥനയും.....! ആത്മാവിന്റെ ആഴങ്ങളിൽ നിന്നും സടകുടഞ്ഞ് പുറത്തിറങ്ങി പടർന്നു കയറിയ പ്രണയാഗ്നി.ജീവൻ തുടിയ്ക്കുന്ന കവിത!

    എന്റെ വായന ഇപ്രകാരം അടയാളപ്പെടുത്തുന്നു!

    ReplyDelete
  10. ഈ നീലിച്ച പശ്ചാത്തലവും വെളുത്ത അക്ഷരങ്ങളും ഒന്നു മാറ്റി വെളുത്ത പശ്ചാത്തലത്തിൽ കറുത്ത അക്ഷരങ്ങൾ എന്ന നിലയിൽ ബ്ലോഗ് സെറ്റിംഗ്സ് ഒന്നു മാറ്റിയാൽ കണ്ണിനു കുറച്ചുകൂടി വായനാ സുഖം ലഭിക്കുമായിരുന്നു.പറഞ്ഞെന്നേയുള്ളൂ!

    ReplyDelete
  11. എന്‍റെ നിശ്വാസങ്ങള്‍ ആരുടെയോ പ്രിയപ്പെട്ട ഗസലാകുന്നു.
    ചുണ്ടിന്‍റെ കോണുകളില്‍ ആരോ ചുംബനം കൊണ്ട് ചിരി വരയ്ക്കുന്നു.assalaayittundtooooooooooooooo

    ReplyDelete
  12. ദൈവമേ, കാത്തിരിക്കാന്‍ ക്ഷമയുള്ളവനെ...
    എന്‍റെയവസാന സങ്കേതം ഞാന്‍ കണ്ടെത്തിയിരിക്കുന്നു..
    നിന്റെയിഷ്ടം കൊണ്ട് എന്നെ നീയവനോട് ചേര്‍ത്തു വയ്ക്കുക..
    ലോകാവസാനം വരേയ്ക്കും...

    ReplyDelete