നല്ല കുട്ടിയാവുക എന്നാല്‍ ,
നിന്റെ ഉപഗ്രഹ നിരീക്ഷണത്തിനു-
പുറത്താവുക എന്നര്‍ത്ഥം.
നിനക്കറിയില്ല,
നിന്റെ സ്നേഹമാണ്-
എന്നെ തെറ്റുകള്ക്കടിമയാക്കുന്നതെന്നു.
നിന്നെ ചൊടിപ്പിച്ച,
എന്റെ ഓരോ പ്രണയവും
എനിക്ക് നിന്നിലേക്ക് മുങ്ങി നിവരാനുള്ള -
ഗംഗാ സ്നാനമായിരുന്നു.
നീ എന്തു ചെയ്യുമ്പോഴും,
എന്തു ചിന്തിക്കുമ്പോഴും
എന്നിലേക്ക് തിരിച്ചു വച്ചിരുന്ന
നിന്റെ കരുതലിന്റെ നോട്ടത്തിനു വേണ്ടിയാണ്
ഞാന്‍ നിരന്തരം നുണകള്‍ പറഞ്ഞിരുന്നത്,
എപ്പോഴും തെറ്റുകള്‍ ചെയ്തിരുന്നത്..
നിനക്കറിയില്ലേ,
നിന്റെ നോവുകളില്‍ എനിക്കേറെയിഷ്ടം
എന്നെക്കുറിച്ചുള്ള നിന്റെ നോവുകള്‍ തന്നെയെന്നു.
പക്ഷേ, നിന്റെയീ മൗനം എന്നെ മടുപ്പിക്കുന്നു.
ശരികളിലേക്ക് ഞാന്‍ അധീരയകുന്നു.
നിന്റെ നിയന്ത്രണരേഖയുടെ കോട്ടവട്ടങ്ങളിലേക്ക്-
ഞാന്‍ സനാഥയാകുന്നു.
നിന്നെ നഷ്ടമായോയെന്നു കണ്ണുകളില്‍ പുഴയൊഴുകുന്നു.
നിന്റെ ഉപഗ്രഹങ്ങളുടെ അദൃശ്യ സാന്നിധ്യമെന്നു-
വിദൂരതയിലേക്ക് വെറുതേ കണ്ണു കൂര്‍പ്പിക്കുന്നു.
അക്ഷരമാല മായിച്ച് എകാകിയെന്നു തിരകലമ്പുന്നു..
നിന്റെ പുതിയ പ്രണയം ...
നിന്റെ മുഖച്ഛായയില്ലാത്ത എന്റെ ഗസല്‍ ..
ഒക്കെയും ഭാവിയിലെ അസ്വസ്ഥതകളായി -
എന്നെ വിഴുങ്ങുന്നു..
പ്രിയനേ മതി നിന് മൗനം,
വരിക തരിക;
നിന് നോവിന്റെ കണ്ണുകള്‍
നേരിന്റെ വാക്കുകള്‍
പിന്നെ,
വംശം നശിക്കാന്‍ തുടങ്ങുന്ന
നമ്മുടെ പ്രണയത്തിന്റെ
ഒരു കോടി നക്ഷത്ര കുഞ്ഞുങ്ങള്‍ ..