Saturday, April 5, 2025

കടൽ

ദൂരേന്നു നോക്കുമ്പോ കടലുമാകാശവും തമ്മിലതിരില്ലെന്ന പോലെ ഒട്ടിപ്പിടിച്ചു കിടക്കും കടൽ മുറിച്ചു കടക്കാൻ നീ മുതിരുവോളം ആ മതിഭ്രമം നിന്നെ മത്തു പിടിപ്പിക്കും. കപ്പൽ ഛേദങ്ങളുടേയും രാക്ഷസച്ചുഴികളുടെയും രഹസ്യങ്ങളെന്നിൽ നീയെന്ന പോൽ തെളിഞ്ഞു തെളിഞ്ഞു വരും ആകാശമവളുടെ നിറമെല്ലാം നിന്റെ കണ്ണിൽ പൂത്തു വിടരും തുഴയെറിഞ്ഞു തുഴയെറിഞ്ഞു ഞാൻ ഞാൻ ഞാൻ എന്ന് നിന്നിൽ ഞാൻ വീണു പോകും അത്ര വേഗം മരിക്കാതിരിക്കാൻ നീയെന്നെ തിരകളുടെ മേൽ ഉറങ്ങാൻ വിടും വയറു നിറയെ ഉപ്പു മീൻ തരും തണുക്കാതിരിക്കാൻ അവളുടെ കണ്ണുകളിലെ പൊള്ളുന്ന വെയിലും