Showing posts with label ഗുരു സമക്ഷം. Show all posts
Showing posts with label ഗുരു സമക്ഷം. Show all posts

Monday, August 27, 2012

തടവറ










താഴ്വരയിലേക്ക് കാറ്റിറങ്ങി വരുന്നത് 
വസന്തം കണ്ടു കൊതിച്ചല്ലായെന്നു 
എന്‍റെ പ്രണയ സ്വാര്‍ത്ഥതയെ തിരുത്തിയവനേ .. 
എന്‍റെ പ്രവാചകാ..

മഴക്കാലം പോയിട്ടും, വേനല്‍ വന്നിട്ടും 
നീ മാത്രമെന്തേ ഒരായിരം മഴവില്ലുകള്‍ 
മെയ്യിലൊളിപ്പിച്ച്  വീഴാതെ, പൊഴിയാതെ 
എന്‍റെ കണ്പീലിയിലൂറിക്കിടക്കുന്നുവെന്നു
ചോദിച്ച്‌ എന്നെ പെയ്യിച്ചവനേ...
എന്‍റെ പ്രവാചകാ..

ഏകാന്തതയില്‍ അധീരയായി 
ഒരു വാക്കിനും നോക്കിനുമായുഴറി, ഞാന്‍ -
വിശുദ്ധ മുടന്തുമായി ചെന്നായ കൂട്ടത്തിലേക്ക് നടക്കുമ്പോള്‍ 
കാതങ്ങള്‍ക്കകലെ നിന്നും 
വാക്കിന്റെയുറവയായ് 
 നോക്കിന്റെ നനവായ് 
എന്നെ ഉയിര്‍ത്തുന്നവനേ...
എന്‍റെ പ്രവാചകാ..

ഉറഞ്ഞു പോയ എന്‍റെ അക്ഷരങ്ങളെ ,
അടര്‍ന്നു പോയ എന്‍റെ ഹൃദയ ഭാഗങ്ങളെ 
നീ തിരികെ ചേര്‍ക്കുന്ന വിധമുണ്ടല്ലോ... 
ഹാ...
അതാനെനിക്കീ തടവറയെ എന്റെയവസാന ആശ്രയ(മ)മാക്കുന്നത്   
എന്‍റെ സ്വര്‍ഗമാക്കുന്നത്..

Monday, December 26, 2011

എന്നുമെന്‍റെ സ്വപ്നങ്ങള്‍ക്ക് ഊര്‍ജ്ജമൂട്ടുന്ന പ്രിയസുഹൃത്തിന്

                          പാതിയുറക്കത്തില്‍ കണ്ട, ഒന്നും മനസിലാകാതെ പോയ പ്രിയമുള്ള സ്വപ്നം.. എത്ര ചിന്തിച്ചാലും പിടിതരാത്ത പ്രഹേളിക.. എത്ര എഴുതിയാലും പൂര്‍ണമാകാത്ത, തീര്‍ന്നു പോകാത്ത ആശയം... അതൊക്കെയാണ്‌ എനിക്കീ സുഹൃത്ത്... ഈ പോസ്റ്റ്‌ അവനായി..

26/4/2011



ദയ     : എന്‍റെ ഓരോ പ്രഭാതവും മിഴി തുറക്കുന്നത് നിന്‍റെ സന്ദേശം പ്രതീക്ഷിച്ചു കൊണ്ടാണ്. 
എന്‍റെ ഓരോ രാവുകളും കനക്കുന്നത് നിന്‍റെ ഓര്‍മ്മകളില്‍, നിന്‍റെ സ്വപ്നങ്ങളില്‍ ദൈവമെന്നെയും ചേര്‍ക്കേണമേ എന്ന് പ്രാര്‍ഥിച്ചു കൊണ്ടാണ്..
















29/4/2011 




ഗസല്‍ : ഞാനിന്നു നിന്നെ രണ്ടു വട്ടം വിളിച്ചിരുന്നു.

ദയ     : അറിയാത്ത നമ്പരില്‍ നിന്നുള്ള കാള്‍ ആയതു കൊണ്ടാഎടുക്കാഞ്ഞേ..
 എന്തിനായിരുന്നു വിളിച്ചത്? എവിടെയായിരുന്നു ഇത്രയും നാള്‍? 
 എന്നെ ഈ വിധം അവഗണിക്കാന്‍ ഞാന്‍ എന്ത് തെറ്റ് ചെയ്തു?  


ദയ     :പറയൂ.. ഇനിയും പറയാതെ പോകരുത്... തമ്മിലറിയാതെ പോകരുത്.

ഗസല്‍ :ഉം ... കേള്‍ക്കുന്നുണ്ട്.

ദയ     : എന്ത് കൊണ്ടിവളെ കണ്ടില്ലെന്നു നടിക്കുന്നു? നിനക്കറിവുള്ളതല്ലേ, നീ കൂടെയില്ലെങ്കില്‍ ഞാന്‍ തളര്‍ന്നു പോകുമെന്ന്? എന്‍റെ സൌഹൃദം ഇനിയൊരിക്കലും ആവശ്യമില്ലെന്നാണോ?

ഗസല്‍ : ഞാന്‍ എന്ന ഭാവവും
             ബോധവും  
             ബലഹീനതയും 
             ഉള്ളവര്‍ക്കാണ് സൌഹൃദങ്ങളുടെ ആവശ്യം.

ദയ     :എനിക്ക് മനസിലാകാത്ത കാര്യങ്ങള്‍ പറഞ്ഞു എന്‍റെ നാവടപ്പിക്കുന്നത് നിന്‍റെ ശീലമാണല്ലോ.. എല്ലായ്പ്പോഴും അവസാന തീരുമാനം നിന്‍റെതാണല്ലോ.. ഇപ്പോഴും അത് തന്നെ നടക്കട്ടെ. കടലോളം സ്നേഹത്തിനു പകരമായി നീ ഏറെ കരുതല്‍ തന്നൂ.. തീണ്ടാപാടകലെ നിര്‍ത്തി... ഇപ്പോഴിതാ എനിക്ക് മനസിലാകാത്ത ചിലതെല്ലാം പറഞ്ഞു എങ്ങോ പോകുന്നു..


ഗസല്‍ : ഞാന്‍ വലിയവനായത് കൊണ്ടല്ല തീണ്ടാപാടകലെ നിര്‍ത്തിയത്.
             അകലങ്ങള്‍ ഗുണമേ ചെയ്തിട്ടുള്ളൂ.
             ഒരിക്കല്‍ നിനക്കതു മനസിലാകും.. 
             ഗൃഹസ്ഥാശ്രമം കഴിഞ്ഞു ഇനി പടിയിറങ്ങട്ടെ..


ദയ     : നല്ലത് മാത്രം വരട്ടെ.. പരീക്ഷണ വഴികളില്‍ കാലിടറാതിരിക്കട്ടെ..
             നിന്‍റെ ധ്യാനത്തില്‍ ചിറകറ്റ മാലാഖയുടെ നിലവിളിയുയരുമ്പോള്‍ കരളു പിടയാതിരിക്കട്ടെ. നീ എനിക്ക് കടം തന്ന കിനാക്കളൊക്കെയും എന്‍റെ ഹൃദയത്തില്‍ ഖബറടങ്ങട്ടെ..


ഗസല്‍ : മാടി വിളിക്കുന്നതൊക്കെമരുപ്പച്ചകളാണ്.മരീചികകള്‍..ആട്ടിയകറ്റുന്നവ പര്‍വതങ്ങളും സമുദ്രവും. 


ദയ     : മരീചികയാകാന്‍ ഞാനില്ല.. നിന്‍റെ വിജയം, സന്തോഷം...അത് മാത്രമേ എന്നും ആഗ്രഹിച്ചിട്ടുള്ളൂ..


ഗസല്‍ : എന്‍റെ സന്തോഷം നിന്‍റെ നല്ല ജീവിതമാണ്.. നിന്‍റെഅക്ഷരങ്ങളില്‍ മഷിയുങ്ങിയ മണം മാറാത്ത പുസ്തകങ്ങള്‍ കാണുന്നതാണ്, ഞാനിരിക്കുന്ന വേദിയില്‍ വച്ച് നീ അന്ഗീകരിക്കപ്പെടുംപോഴാണ്‌ എന്‍റെ വിജയം.. നിനക്ക് കഴിയുമോ?

ദയ     :ഞാന്‍  എഴുതി തുടങ്ങിയത് നീ കടം തന്ന സ്വപ്നങ്ങളില്‍ നിന്നും മഷി മുക്കിയല്ലേ...

ഗസല്‍ :അക്ഷരങ്ങളില്‍ പ്രതിഫലിക്കുക
            അക്ഷരങ്ങളില്‍ നിന്നും രേതസ്സൂറ്റി 
            അക്ഷരങ്ങളെ പ്രസവിക്കുക..
            അക്ഷരങ്ങളുടെ അസുഖം മൂര്‍ച്ചിച്ചു 
            അക്ഷരങ്ങളില്‍ അവസാനിക്കുക..

ദയ     : രക്ഷകന്‍റെ വരവിനായി കാക്കുന്ന പിശാചു പിടിച്ച ഭൂ പ്രദേശം പോലെ ഞാന്‍.. , ഉള്ളില്‍ മുളപൊട്ടുന്ന ഇത്തിരി വെട്ടം നിന്‍റെ നല്ലവാക്കുകളില്‍ നിന്നും കൊളുത്തിയതാണ്.. നീ കൂടെയുണ്ട് എന്ന തോന്നലില്‍ നിന്നുമുണ്ടായതാണ്...


ഗസല്‍ : ഞാന്‍ നിനക്ക് രക്ഷകനല്ല.. നിന്‍റെ അക്ഷരങ്ങളുടെ പ്രവാചകന്‍..വഴി കാട്ടാനേ ആകൂ, അങ്ങനെ ആകാവൂ.


ദയ     :നിന്‍റെ കാലടികളെ പിന്പറ്റാനെങ്കിലും അനുവദിക്കൂ..


ഗസല്‍ : പ്രവാചകന് കാലുകളില്ല. നടന്നോളൂ..നേര്‍വഴിയല്ലെങ്കില്‍ഓര്‍മ്മിപ്പിക്കാം. ഇനി വീണ്ടും യാത്ര.       


ദയ     :നടക്കാം നിന്‍റെ അദ്രിശ്യമാം വിരല്‍ തുമ്പ് പിടിച്ചു..പക്ഷെ....വല്ലപ്പോഴും ഒരു വാക്ക്, കൂടെ ഉണ്ടെന്ന  ഓര്‍മ്മപെടുത്തല്‍ ... എന്‍റെ അവല്‍ പൊതിക്ക് പകരമായ്അത്രയെങ്കിലും...

ഗസല്‍ : വല്ലപ്പോഴും മാത്രം, നിനക്ക് പിടിച്ചു നില്‍ക്കാനാകുന്നില്ല എന്ന് തോന്നുമ്പോള്‍ മാത്രം വരിക,
             മറുപടിയുണ്ടാകും... യാത്ര.