Saturday, January 5, 2013

പരാന്ന ഭോജിയുടെ മാതൃത്വം


അതൊരു ബാധ്യതയാണ് .
പിന്നെയൊരു തടവറയും.
ഒരു പെണ്ണിനു നേരിടാനാവുന്ന
ഏറ്റവും വലിയ നിസ്സഹായത.

എന്നോ തന്നെ മറന്ന പ്രണയത്തെ
തിരികെ വിളിക്കാനുള്ള  വ്യഗ്രത.
നഷ്ടമായ ആശ്വാസ വാക്കുകളെ
ഓര്‍ത്തെടുക്കാനുള്ള അവസാന ശ്രമം.
അമര്‍ത്തപ്പെട്ട വിലാപങ്ങളുടെ
രാക്ഷസ തിരയൊലികള്‍.
കടത്തപ്പെട്ട  വികാരങ്ങളുടെ 
അപ്രതീക്ഷിത  മടങ്ങി വരവ്. 

ദൈവമേ നീയാണു വലിയ രക്ഷ...
എന്റെ മാലാഖയ്ക്ക് തൂവല്‍ കുപ്പായവുമായി
നീ എപ്പോഴാണ് വരിക ?
പാലിക്കപ്പെടാത്ത വാക്കുകളായി
എന്റെയീ സ്വപ്നങ്ങളെയും 
നീ തകര്‍ത്തു കളയരുതേ.. 

എന്റെ പുല്‍ക്കൂട്ടില്‍ 
അവസാന നക്ഷത്ര വിളക്കും തെളിയുമ്പോള്‍ 
നീ വന്ന് പിറക്കണേ എനിക്കുണ്ണിയായി

ഈ താഴ്വരയില്‍ വയലറ്റ് പൂക്കള്‍ വിടരുമ്പോള്‍
നീ പറയണേ,
അമ്മയ്ക്കും കാണാന്‍ കൊതിയായിരുന്നു
ഈ വസന്തമെന്ന് ...