Sunday, December 26, 2010

ഞാനും നീയും


കേള്‍ക്കണോ മഴയുടെ അലര്‍ച്ച??

ഈ ഭൂമിയില്‍ ഞാനും നീയും മാത്രം
അവശേഷിച്ചു എന്ന് സങ്കല്പിക്കു 

ഇപ്പോള്‍ നിന്‍റെ മനസ്‌ കരയുന്നില്ലേ ??
അത്രയും ഉച്ചത്തിലാ മഴയുടെ അലര്‍ച്ച.

Friday, December 24, 2010

കടല്‍


രാവിലും ഉറങ്ങാതിരമ്പുന്ന
കടലിനെ ഞാനിത്രമേല്‍ 
പ്രണയിക്കുന്നതെന്തെന്നോ...?
രാവില്‍ ഉറങ്ങാതിരമ്പി അത് നിന്‍റെ 
ഹൃദയത്തെ ഓര്‍മിപ്പിക്കുന്നത്‌ കൊണ്ട്...    

മഴയായ് പുനര്‍ജ്ജനിക്കാം



നമുക്ക് മഴ തുള്ളികളാകാം..
ആകാശത്തിന്‍റെ ഇരുണ്ട നീലിമയില്‍ 
നിന്നടര്‍ന്നു വീഴുമ്പോള്‍ 
ഭൂമിയെയുറ്റു നോക്കാം...
മണ്ണിന്‍റെ മാറിലൂടൊഴുകുന്ന 
നീര്‍ച്ചാലില്‍ ഒന്നായ് പതിക്കാം 
ചെറു വിറയലോടെ ...
പിന്നെ  കുളിരായ് പുഴയായ് 
ആഴി തേടി ആഴങ്ങളിലൊഴുകാം 
 

Monday, November 22, 2010

ദൈവമെന്നാണോ പേര്?


പ്രപഞ്ച സത്യത്തിനു നേരെ എന്‍റെ കണ്ണുകളെ തുറന്നു വച്ച
ഗുരുവാണ് നീ..
എന്നില്‍ നിറയുന്ന ചൈതന്യം, നിന്‍റെ ഹൃദയത്തില്‍ നിന്നും
കൊളുത്തി വച്ച നന്മയാണ്..
എന്‍റെ പ്രണയ ദാഹങ്ങളെ അത്ര മേല്‍ ആഴത്തില്‍
അറിഞ്ഞ കാമുകനും നീ..
എന്നില്‍ പീലി വിടര്‍ത്തി ആടുന്ന പ്രണയം നീ..
ജീവിത പാതയില്‍ കാലിടറാതെ നടത്തുന്ന കൂടുകാരന്‍ നീ..
എന്നിലെ കുഞ്ഞിന്‍റെ ശാട്യങ്ങള്‍ ഒക്കെയും ഇഷ്ടപെടുന്ന
അമ്മ നീ..
എന്‍റെ കണ്ണ് നീര്‍ ഇത്രമേല്‍ വെറുക്കുന്ന അച്ഛനും നീ..
ലകഷ്യത്തിലേക് തുഴയുമ്പോള്‍, തോണിയുലയാതെ
കാക്കുന്ന മാലാഖ നീ..
എന്നിലെ മാതൃത്വം നുകരാനൊരുന്ണിയും നീ..
ശാസിക്കുവാനും ശിക്ഷിക്കുവാനും അധികാരമുള്ള ഏട്ടന്‍ നീ..

ഇനിയും നിര്‍വചിചിട്ടില്ലാത്ത എത്രയോ ആത്മ ബന്ധങ്ങളില്‍ ഒക്കെയും
എന്‍റെ അത്മാവിനോപ്പം കുരുങ്ങി കിടക്കാന്‍ വിധിക്കപെട്ടവനെ,
ബേപ്പൂര്‍ സുല്‍ത്താന്‍ പണ്ട് ചോദിച്ചത് ഞാനും ആവര്‍ത്തിക്കട്ടെ..?
നിനക്ക് ഇഷ്ടമാകില്ല എന്നറിയാം, എങ്കിലും ചോദിക്കുന്നു;
ദൈവമെന്നാണോ പേര്?

Wednesday, October 13, 2010

സഫലമാകാത്ത ഒരു യാത്ര


സഫലമാകാത്ത ഒരു യാത്ര
ഒരായിരം നോവുകള്‍ക്ക്‌ മേല്‍
നിന്‍റെ പ്രണയം നിറഞ്ഞു നിന്ന യാത്ര .
നുണകള്‍ കൊണ്ടൊരു കോട്ടയുണ്ടാക്കി
ഞാനെന്‍റെ പ്രണയത്തെ, അതിനുള്ളില്‍ സൂക്ഷിച്ച ദിവസം.
നഗരത്തിലെ പേരറിയാത്ത വഴികളിലൂടെ
നിന്നെ മാത്രം അന്വേഷിച്ചു നടന്ന പകല്‍..
പകല്‍ മാഞ്ഞതും തെരുവു വിളക്ക് തെളിഞ്ഞതും
അറിയാതെ നിന്നെ തേടി നടന്നു.
നിലാവുദിച്ചതും, വിളക്ക് കാലില്‍ ചാഞ്ഞിരുന്നുരങ്ങിയതും
ഓര്‍മയിലുണ്ട്..
നിയമത്തിന്‍റെ കാവല്‍ ഭടന്മാരുടെ കുളമ്പടി ഒച്ച
എന്നെ പൊതിഞ്ഞതും, നഗരത്തിന്‍റെ മാലിന്യങ്ങള്‍
തള്ളുന്നിടത് പുലരുവോളം തളര്‍ന്നുരങ്ങിയതും,

വെറും സ്വപ്നമാകം..
പക്ഷെ...
പക്ഷെ, "എന്‍റെ പ്രണയമേ നീ എനിക്ക് സമ്മാനിച്ച ഈ നല്ല രാവിനു നന്ദി"
എന്നെഴുതിയ ഈ കുറിപ്പ് സത്യമല്ലേ...?
നിന്‍റെ അക്ഷരങ്ങള്‍ എന്നെ നോക്കി ചിരിക്കുന്നതെന്ത്?
ഇന്നലെ എന്നിലേക്കൊഴുകിയ മദ്യം കലര്‍ന്ന സ്രവങ്ങളില്‍
നിന്റേതും ഉണ്ടായിരുന്നോ?

ഞാന്‍ ശലഭം


ഞാന്‍ ശലഭം
നീ പിടയ്ക്കുമെന്‍ ചിറക്
എനിക്ക് തിരികെ പോകണം
നീയാം വര്‍ണ ചിറകുകള്‍
പുതച്ചുറങ്ങിയ
ഭൂത കാലത്തിലേക്ക്

പാപി


നീ പറുദീസാ
ഞാന്‍ പാപി
മടിച്ചു മടിച്ചാണ് ഞാന്‍ നിന്‍റെ കവാടത്തില്‍ എത്തിയത്
നീ എന്നെ അകത്തേക്ക് വിളിച്ചു
നിനക്ക് അതിനെ കഴിയൂ
നീ പരുദീസയല്ലേ
ഞാന്‍ അകത്തു കടക്കുകയും ചെയ്തു
ഞാന്‍ പാപിയല്ലേ

Tuesday, October 12, 2010

വെള്ളി നക്ഷത്രം

ഒരായിരം മുനകളുള്ള
വെള്ളി നക്ഷത്രമാണ് നീ
ദൈവം ഭൂമിയില്‍ കൊളുത്തി വച്ച നക്ഷത്രം
ഞാനേതോ കാര്മുകിലില്‍
നിന്നൂര്‍ന്നു വീണ മഴ നീര്‍ തുള്ളി
ആ നക്ഷത്രത്തിന്റെ   പ്രഭയില്‍
ജ്വലിക്കുകയാണ് ഞാന്‍
അഹങ്ങരിക്കുകയാണ് നിന്‍റെ പ്രണയത്തില്‍
നാളെ വെയില്‍ കനക്കുമ്പോള്‍
മ്രിതിയെന്നെ പുല്കുമെന്നരിഞ്ഞിട്ടും

Tuesday, September 28, 2010

മൗന സാഗരം

എല്ലായ്പോഴും ഇരമ്പുന്നത്
തീരത്തോട് അടുത്ത സമുദ്രം
മാത്രം..
സാഗരത്തിന്റെ ആഴവും ചുഴിയും
അതിനുള്ളില്‍ നിറഞ്ഞ മൗനവും
ഞാന്‍ അറിയുന്നു...


എന്‍റെ ആത്മാവില്‍ ചെറു തരന്ഗങ്ങളെ സൃഷ്ടിച്ച്
എന്നെ കരയോടടുപ്പിച്ചു
എന്‍റെ മൗനത്തെ നീ കൊന്നു..


നിന്‍റെ തിരകളുടെ ഇരമ്പല്‍
ഇനിയെനിക്ക് സ്വപ്നം മാത്രം


ഇനി നിന്‍റെ മൗനത്തെ പ്രണയിച്ചു
തുടങ്ങണം..

കുചേല


സൗഹൃദത്തില്‍ പൊതിഞ്ഞ
ആത്മാവിന്‍റെ ദാരിദ്ര്യവുമായി
എത്തിയതല്ല ഞാനെന്‍റെ കണ്ണന്‍റെ മുന്നില്‍.

ഹൃദയത്തില്‍ തറഞ്ഞ
സ്വാര്തതതയുടെ  മുള്ളും ,
പ്രണയത്തിന്‍റെ ചെമ്പനീരുമായി
എത്തിയതുമല്ല

നോവുന്ന ഹൃദയത്തിന്‍റെ
ചൂരുള്ള ഉള്ളറകളില്‍
നിന്നോടുള്ള പ്രണയത്തെ
മാത്രം  ഞാന്‍ നിധി പോലെ
കാക്കുന്നു എന്നറിയിക്കാന്‍
മാത്രം വന്നതാണ്.

ഒടുവില്‍


എല്ലാ തിരക്കുകള്‍കും അസ്വസ്ഥതകല്കും
ഒടുവില്‍ നാം തമ്മില്‍ കാണും


നനഞ്ഞ മണ്ണിലെന്റെ ചേതനയറ്റ
ദേഹം വയ്കുമ്പോള്‍ നിന്റെ മിഴി നിറയുന്നത് ഞാനെന്‍റെ
അക കണ്ണ് കൊണ്ടു കാണും


എന്നെ മാത്രം സ്നേഹിക്കു എന്ന്
വിലപിക്കാന്‍ നീ ഇനി വരില്ലെയെന്നു
ചോദിച്ചു  നീ നിശബ്ദം നിന്ന് കരയും...

നീ എവിടെ?



വര്‍ഷങ്ങള്‍ക് മുന്‍പ് 
പാതിയെഴുതി അടച്ചു വച്ച 
ഓര്‍മ്മ പുസ്തകത്തിലെ 
മഷി പുരളാത്ത താളുകള്‍ 
പോലെ നിന്നെ കുറിച്ചുള്ള 
ഓര്‍മ്മകള്‍ എനിക്ക് നോവ്‌ നല്‍കുന്നു..

Thursday, September 23, 2010

ഗുരു


വിലക്കപെട്ട  കനിയാണ് ഗുരുവിന്‍റെ പ്രണയം..
നിലയ്ക്കാത്ത മഴയാനെന്റെ പ്രണയം..
കനി തിന്നു കനി തിന്നു ഞാനിന്നു നരകത്തില്‍..
മഴ കൊണ്ടു മഴ കൊണ്ടു ഗുരുവിന്നൊരു സാഗരം..

Saturday, September 4, 2010

ഉഴവു കാലം

എന്‍റെ ഏകാന്തതയുടെ കരിങ്കല്‍ ഭിത്തികളുടെ
കഴുത്തിന്‌ മേല്‍ ഞാന്‍ വായനയുടെ നുകം കെട്ടി...
ഇനിയെന്‍റെ അക്ഷരങ്ങളുടെ ഉഴവു കാലം..

Sunday, June 6, 2010

എത്ര ഋതുക്കള്‍

കിനാവിന്‍റെ ഇത്തിരി മുറ്റത്ത്
മുല്ലയായ് വിടര്‍ന്നു നീ
നിലാവായ് പടര്‍ന്നു നീ
പൂവാകയായ് ചോന്നു...
വസന്തമാണ് സഖീ
നിന്‍റെ പ്രണയം...

ആ വസന്തതിനുള്ളിലും
പേരറിയാത്തൊരായിരം ഋതുക്കള്‍

വനമാല കോര്‍ത്ത്‌ നിന്‍ മാറില്‍
ചാര്‍ത്താന്‍ നിന്‍റെ പാദങ്ങളില്‍
പൂജാ മലരായ് വീണമാരാന്‍
ഈ പൂക്കാലം തികയുമോ...?

Saturday, June 5, 2010

എന്ന് മുതല്‍ ?

എന്ന് മുതലാണ് നീ എന്‍റെ
പ്രണയ സ്വപ്നങ്ങള്‍ക്ക് മേല്‍
മഞ്ഞു മഴയായ് പെയ്യാന്‍ തുടങ്ങിയത് .... ?

എന്ന് മുതലാണ് നീ എന്‍റെ
അക്ഷരങ്ങളില്‍ പൂതിരങ്ങിയ
നക്ഷത്രങ്ങളില്‍ വര്‍ണങ്ങള്‍ കൊണ്ടു
നിന്‍റെ പേരെഴുതാന്‍ തുടങ്ങിയത് ....?

എന്ന് മുതലാണ് എന്‍റെ
പൂന്തോട്ടത്തില്‍ നിന്‍റെ മണം
പേറി കൊണ്ട് പൂക്കള്‍ വിരിയാന്‍ തുടങ്ങിയത് ...?

ഒന്ന് മാത്രമറിയാം
അന്ന് മുതലാണ്
ഈ പ്രപഞ്ചത്തിലെ
മറ്റെല്ലാം എനിക്ക് അന്യമായത്
ഞാന്‍ നിനക്ക് സ്വന്തമായത് ...

Friday, May 28, 2010

പ്രണയം


കിനാവിന്‍റെ വെള്ളി നൂലിഴകളില്‍ നിന്നും
പ്രണയമേ നിന്‍ മൃദു മന്ദഹാസങ്ങള്‍
എന്നിലേക് ഒഴുകി ഇറങ്ങുന്ന രാവുകളെ
ഞാന്‍ പ്രണയിച്ചു പോകുന്നു ...

Thursday, May 13, 2010

പ്രണയം


അനുവാദം ചോദിക്കാതെ
എന്‍റെ ഏകാന്തതയും , വിരസതയും
ഭ്രാന്തന്‍ പ്രണയവുമെല്ലാം ;
നിന്‍റെ ഒരായിരം തിരക്കുകളുടെ സാഗരത്തില്‍
വീണു പിടയുമ്പോള്‍
പ്രണയമേ നീ
എന്‍റെ ആത്മാവിന്‍റെ നഗ്നതയില്‍
തുറിച്ചു നോക്കി പല്ലിളിക്കരുതെ ..

കാത്തിരിപ്പ്


കൈ കോര്‍ത്ത് കളിച്ചു നടന്നപ്പോള്‍
വളരല്ലെയെന്നു പ്രാര്‍ഥിച്ചു ...
വസ്ത്രം ചെളിപുരലാതെ കാത്ത് ക്ലാസ് മുറിയില്‍
മിഴി കോര്ത്തിരിക്കുമ്പോള്‍ ,
കൗമാരം അവസാനിക്കല്ലെയെന്നു ആശിച്ചു ...
വേനല്‍ വഴിയില്‍ ജീവിത ഭാരം പേറി
തളര്‍ന്നിരുന്നു പോയപ്പോഴൊക്കെ ;
നീ കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന ആഗ്രഹിച്ചു ...
നീ വന്നില്ല .. തണല്‍ തന്നില്ല .

സാകഷ്യം

നീ വെളിച്ചം തന്നൂ ..
വെളിച്ചത്തിന് സാകഷ്യം പറയാന്‍
യോഹന്നാനെയും ...
നീ സ്നേഹം തന്നൂ ..
സ്നേഹത്തിനു സാകഷ്യം പറയാന്‍
ഒരാളെ തരാമായിരുന്നു .

തെളിവ്


കാല്പാടുകള്‍ തേടി നടന്നപ്പോള്‍ ,
നീ മാലഖയെന്നരിഞ്ഞു .
കൊഴിഞ്ഞ തൂവലന്വേഷിച്ചപ്പോള്‍ ,
നിന്‍റെ ചിറകുകള്‍ ദൈവത്തിന്‍റെ കരവിരുതെന്നരിഞ്ഞു ..
ഇനിയെന്ത് ചെയ്യണം ,
നീ എന്നിലെത്തിയ തെളിവ് ശേഖരിക്കാന്‍ ?

വെയില്‍

മറ്റാരും കാണാതെ വെയിലെന്നെ പുണരുമ്പോള്‍ ...
കവിളിനകള്‍ മെല്ലെ ചുംബിക്കുമ്പോള്‍ ...
എന്നില്‍ ചുടു നിശ്വസമായ് പടരുമ്പോള്‍ ...
ഒടുവില്‍ സ്വേദ കണങ്ങള്‍ അവശേഷിപ്പിച് ...
എന്‍റെ കണ്ണുകളില്‍ ഇരുട്ട് നിറച്ചു പിന്നില്‍ മറയുമ്പോള്‍ ..
ആഗ്രഹിക്കാറുണ്ട് , ഞാന്‍ വെയിലായെന്കിലെന്നു ...
എന്നെ പോലെ നീയും വെയിലിനെ പ്രണയിച് ,
കുട ചൂടാതെ ഈ നടവഴികളില്‍
ലക്ഷ്യമില്ലാതെ നടന്നെന്കിലെന്നു ......

പ്രണയം

പ്രണയം മഞ്ഞെന്നു കരുതുമ്പോള്‍ , അത് തീ മഴയായ്
ഹൃദയത്തില്‍ പതിക്കും ...
പ്രണയം ഒരു നനുത്ത തൂവലെന്നു കരുതുമ്പോള്‍
ആയിരം ചിറകുമായ് അത് പറന്നുയരും ....
പ്രണയമൊരു തെന്നലായ് ഹൃദയത്തെ തഴുകുമെന്നു കരുതുമ്പോള്‍
ഒരു കൊടുങ്കാറ്റായി അത് സ്വപ്നങ്ങളെ തകര്‍ക്കും ...
പ്രണയം പാരതന്ത്ര്യത്തിന്റെ മതില്‍ കെട്ടെന്ന് കരുതുമ്പോള്‍
അത് എല്ലാ സ്വാതന്ത്ര്യവും നല്‍കി അല്ത്ഭുതപെടുതും ...

Wednesday, May 12, 2010

മനസിന്‍റെ വാതില്‍

ഒരായിരം മുറികളുള്ള നിന്‍റെ
മനസിന്‍റെ ഇടനാഴിയില്‍
വാതിലുകലോന്നും കണ്ടെത്താനാകാതെ
ഞാന്‍ ഉഴറുന്നു ...
തേടി വരരുതായിരുന്നു എന്ന് സജലമാം മിഴികള്‍
ശാസികുന്നുന്ടെന്നാലും ,
വാതിലും ജാലകങ്ങളും മുറികളും
ഇല്ലാത്ത എന്‍റെ മനസിന്‍റെ മേല്‍ക്കൂര ചോര്‍ന്നു നീ
താഴെയെത്തിയിരിക്കുന്നു ...
ഇനി ആ മനസിന്‍റെ ഏതെങ്കിലും ഇരുണ്ട കോണില്‍
എന്നെ തലക്കെണ്ടാതുണ്ട് .

അക്ഷര മഴ

എന്നിലവശേഷിക്കുന്ന നിന്നിലേക്കുള്ള
ജാലകങ്ങളും , വാതിലുകളും
അടച്ചു കൊണ്ട് അവരെന്‍റെ
ഹൃദയത്തിനു മുറിവേല്പിക്കുന്നു ...
നിന്‍റെ അക്ഷരങ്ങള്‍ എന്‍റെ മേല്ക്കുരയില്ലാത്ത
വീടിന്‍റെ അകത്തളങ്ങളില്‍ മഴയായ് പെയ്യുന്നു ...
ഞാനെപ്പോഴും നനഞ്ഞൊട്ടിയ വസ്ത്രവുമായ് നില്കുന്നത് കണ്ടിട്ടും
ആരുമറിയുന്നില്ല ; അടച്ച ജാലകതിനിപ്പുറം നീ നിന്ന് പെയ്യുന്നു എന്ന് ..

Monday, January 4, 2010

നീ

വേനലില്‍ പെയ്ത മഴയാണ് നീ
ഞാനോ ആ മഴയില്‍ വിടര്‍ന്ന വസന്തം
കരയുവാന്‍ വയ്യ....
വേനല്‍ തപിക്കുമ്പോള്‍
കൊഴിയുവാന്‍ വയ്യ...
മഴ പെയ്തു തോരുമ്പോള്‍