Monday, June 10, 2013

എന്റെ കുഞ്ഞു തിരുത്തുകൾ






















പറയാനറിയാത്ത നോവുകളാൽ
നീ കവിൾത്തടം നനയ്ക്കുമ്പോൾ
എഴുതാനറിയാത്ത നൊമ്പരത്താൽ
ഞാൻ തളരുകയാണ്, തളരുകയാണ്...

എന്റെ രക്തം പാനം ചെയ്ത്,
 എന്റെ മാംസം ഭക്ഷിച്ച്‌, നീ
ഉറക്കത്തിലേക്ക് വഴുതുമ്പോൾ
നിന്റെ കണ്ണുകൾക്ക്‌ എന്റെ -
കാഴ്ച്ചകളുടെ ചായയുണ്ടെന്നും
നിന്റെ പ്രാണന് എന്റെ -
പ്രണയത്തിന്റെത്  പോലെ ഇരുണ്ട
ചുവപ്പാണെന്നും എന്റെ മനസ്
പിറുപിറുക്കും,
വീണ്ടും വിശന്നു നീ
ഉറക്കം ഞെട്ടി കരയുവോളം.

കുഞ്ഞേ , നീ എന്റെ കണ്ണുകളിൽ
തിരയുന്ന ആ ആറാമത്തെ
വൻകര ഏതെന്നറിയാൻ
എനിക്കും കൗതുകമുണ്ട്  .

പ്രാർത്ഥനയിലെന്ന പോലെ
മിഴികൾ പൂട്ടി നീ നുകരുന്ന
മുലപ്പാലിന്റെ രുചിയറിയാൻ
ഞാനെന്റെ ഓർമ്മകളെ
ഖനനം ചെയ്തു കൊണ്ടേയിരിക്കുന്നു...
ആ പ്രാർത്ഥനയിൽ പങ്കു ചേരാൻ
എന്നിലെ കുട്ടി മനസ്സ് അമ്മയെ തിരയുന്നു ..

പ്രണയം നിറഞ്ഞു തുളുമ്പുന്ന
ഒരു ചഷകമാണ് എന്റെ ഹൃദയമെന്ന്-
ഞാനൊരു പേക്കിനാവ് കണ്ടത് എന്നായിരുന്നു..?
കുഞ്ഞേ, അത് നീയെന്നിൽ ഉരുവം -
കൊള്ളും മുൻപായിരിക്കും എന്നുമാത്രം എനിക്കറിയാം.
അകവും പുറവും നീയാണ് , നീ മാത്രം .

നിന്റെ വരവ് ഒരു പ്രവാചകന്റെതു  പോലെ
ഇത് വരെ അറിയാത്ത വെളിച്ചം , നിറയെ
ആദ്യമായി കാണുന്ന ദേശം , ഞാൻ എന്നെ
നിന്റെ വിരൽപാടേറ്റ ഇടങ്ങളെങ്ങും പച്ചപ്പ്‌
വാക്കുകൾ കൊണ്ട് അശുദ്ധമാകാത്ത
നിന്റെ നാവിൽ നിന്നും , ദൈവത്തിന്റെ പൂന്തോപ്പിലെ ഉറവ-
എന്നിലേക്ക്‌...എന്നിലേക്ക്‌....

ശരീരമെന്ന അപകർഷത
എന്നിൽ നിന്നും മാഞ്ഞു പോയി,
നീ വന്നപ്പോൾ..

വസന്തം വരാതെ തന്നെ
ഞാനാകെ പൂത്തുലഞ്ഞു പോയി ,
നീ വന്നപ്പോൾ.. 

പൂക്കൾക്ക് നിന്റെ നിറം, നിന്റെ മണം
ഇലകൾക്ക് നിന്റെ കൗതുകം, നിന്റെ താളം
വേരുകൾക്ക് നിന്റെ ആർദ്രത, നിന്റെ ആഴം

നീ വന്നു വസിച്ചത് കൊണ്ട് മാത്രം
ഇതാ എന്റെ ശരീരം ഒരത്ഭുതമാവുകയാണ് ,
ഒന്നാമത്തെ ലോക മഹാത്ഭുതം
(എനിക്കും നിനക്കുമെന്നു നീ ചിരിക്കേണ്ട
എല്ലാ  അമ്മമാരും ഓരോ അത്ഭുതങ്ങളാണ്)

മാലാഖമാരുടെ ലിപിയിൽ നീയെന്റെ ഉദരത്തിലെഴുതിയതെന്തെന്നു
ഞാൻ നിന്നോട് ചോദിക്കുമ്പോഴൊക്കെയും 
എന്തിനാണ് നീയിങ്ങനെ ചിരിക്കുന്നത്?
ചിലപ്പോൾ സങ്കടപ്പെടുന്നത്?
നിറഞ്ഞ മൗനത്താൽ
എന്റെ ഉള്ളം മുറിയ്ക്കുന്നത് ?

ഏതു മുറിവിന്റെ ഓർമ്മകളിലാണ്
നീയിപ്പോഴും, പാതി മയക്കത്തിൽ തേങ്ങുന്നത്‌?
ഏതു നോവാറ്റാനാണ്
കുഞ്ഞി കൈകൾ കൊണ്ട് നീ ഉദരമുഴിയുന്നത് ?

എനിക്കും നിനക്കുമിടയിൽ അറ്റു പോകാതെ
എന്തോ ഒന്നുണ്ട് ,
അടുത്ത പ്രപഞ്ച സൃഷ്ടികാലത്തെയ്ക്കും
ദൈവം നമുക്കായി കരുതിയത്‌..

പുലരട്ടേ എന്റെയെല്ലാ ജന്മങ്ങളും
നിനക്കമ്മയാകാൻ....

7 comments:

  1. ഒരമ്മയുടെ ആത്മാവിന്റെ ആഴങ്ങളിൽ നിന്ന് അണപൊട്ടിയൊഴുകിയ വികാരവായ്പുകളാണീ കവിത. ആശംസകൾ!

    ReplyDelete
  2. എല്ലാ അമ്മമാരും അത്ഭുതമാണ്

    നല്ല രചന

    ReplyDelete
  3. അമ്മയെഴുത്തിനെ പറ്റി ഇന്ന് വായിക്കുന്ന മൂന്നാമത്തെ കവിതയാണ്.
    നന്നായി എഴുതിയിരിക്കുന്നു. ഒരിക്കലും പറഞ്ഞു തീരാത്ത സ്നേഹം അപ്പോൾ കൂടുതൽ എഴുതാനാകും

    ReplyDelete
  4. പറയാനറിയാത്ത നോവുകളാൽ
    നീ കവിൾത്തടം നനയ്ക്കുമ്പോൾ
    എഴുതാനറിയാത്ത നൊമ്പരത്താൽ
    ഞാൻ തളരുകയാണ്, തളരുകയാണ്...


    അത്ഭുതങ്ങൾ ഈ ലോകത്ത് അവസാനിക്കാതിരിക്കട്ടെ

    ReplyDelete
  5. ഏതു മുറിവിന്റെ ഓർമ്മകളിലാണ്
    നീയിപ്പോഴും, പാതി മയക്കത്തിൽ തേങ്ങുന്നത്‌?
    ഏതു നോവാറ്റാനാണ്
    കുഞ്ഞി കൈകൾ കൊണ്ട് നീ ഉദരമുഴിയുന്നത് ?

    :)

    ReplyDelete
  6. പറയാനറിയാത്ത നോവുകളാൽ
    നീ കവിൾത്തടം നനയ്ക്കുമ്പോൾ
    എഴുതാനറിയാത്ത നൊമ്പരത്താൽ
    ഞാൻ തളരുകയാണ്............
    നല്ല കവിത ,ആശംസകൾ

    ReplyDelete
  7. വളരെ നല്ല കവിത..

    നീ വന്നു വസിച്ചത് കൊണ്ട് മാത്രം
    ഇതാ എന്റെ ശരീരം ഒരത്ഭുതമാവുകയാണ് ,
    ഒന്നാമത്തെ ലോക മഹാത്ഭുതം
    (എനിക്കും നിനക്കുമെന്നു നീ ചിരിക്കേണ്ട
    എല്ലാ അമ്മമാരും ഓരോ അത്ഭുതങ്ങളാണ്)
    നല്ല നിരീക്ഷണങ്ങള്‍.

    ReplyDelete