Saturday, July 30, 2011

ശിഥില ചിന്തകള്‍

2



മാലാഖയാണ് നീ..
നിന്റെ വെള്ളി ചിറകുകള്‍ക്ക് ഒരു വസന്തത്തിന്റെ സുഗന്ധമാണ്..
നിന്റെ പ്രണയത്തിനു ഒരു മഴക്കാലത്തിന്റെ ആര്‍ദ്രതയാണ്‌...
നിന്റെ പാട്ടുകള്‍ക്ക് ഒരിളം തെന്നലിന്റെ താളമാണ്..
നിന്റെ മിഴികള്‍ക്ക് ഒരു സാഗരത്തിന്റെ ശാന്തതയാണ്..

ഒരു കൊടുങ്കാറ്റിന്റെ ധൃതിയോടെ  ഞാന്‍ വരികയാണ് നിന്നിലേക്ക്‌...

Sunday, July 17, 2011

ശിഥില ചിന്തകള്‍















1
എന്റെ കണ്ണ് നിറയാതെ കാത്തു...
എന്റെ കാലിടറാതെ നോറ്റു നീ കൂടെ നടന്നു തുടങ്ങിയപ്പോള്‍
ഞാന്‍ അറിഞ്ഞിരുന്നില്ല, എന്റെ ഉള്ളില്‍ പെയ്തിറങ്ങുന്ന പുതു മഴ
പ്രണയത്തിന്റെതാണെന്നു...
ഞാന്‍ പുതച്ചുറങ്ങുന്ന നിലാവ് നിന്റെ മാത്രം വാല്‍ത്സല്ല്യമാണെന്നു...
ഇഷ്ട്ടമാണെന്നു ഒരു വാക്ക് പോലും കൈമാറാതെ തന്നെ എത്ര സമ്രുദ്ധമായിരുന്നു
നമ്മുടെ പ്രണയ കാലം..
നമുക്കിടയില്‍ കളിവാക്കുടഞ്ഞു വീണത്‌ എപ്പോഴാണ്...?
അരികിലിരിക്കുമ്പോള്‍ നിന്റെ മിഴികള്‍ എന്നിലുറക്കാതെ അലഞ്ഞു
നടന്നത് എന്തിനായിരുന്നു...?
നിന്റെ പിന്‍വിളിയുടെ വേഗമാണ് ഈ തീവണ്ടിക്കു...
ഞാന്‍ വരികയാണ് നിന്റെ പ്രിയപ്പെട്ട നഗരത്തിലേക്ക്...
ഇത് നമ്മുടെ പ്രണയത്തിന്റെ പുനര്‍ജ്ജന്മം...

Tuesday, July 5, 2011

പ്രണയ ധ്യാനം
















 ദൈവമേ, 
ധ്യാനത്തിന്‍റെ ചിറകുകള്‍ക്കുള്ളിലെ എന്‍റെ നിദ്രയ്ക്കു ഭംഗം വന്നിരിക്കുന്നു.
നിന്നിലേക്കൊഴുകിയിരുന്ന എന്‍റെ നദി ഗതി മാറി പോകുന്നു.
മണ്ണില്‍ പല വഴി പടര്‍ന്ന എന്‍റെ വല്ലരികള്‍ മുറിഞ്ഞു പോയിരിക്കുന്നു.
ഒരൊറ്റ വൃക്ഷത്തിലേക്കു ഞാന്‍ കാരണമറിയാതെ ചുറ്റി പടരുന്നു.
തിരയടങ്ങി ഞാനേതോ ഹൃദയത്തില്‍ കടലായി നിറയുന്നു.
കണ്ണീരു കൊണ്ട് ഞാനാരുടെയോ പാദങ്ങള്‍ കഴുകുന്നു.
എന്‍റെ നിശ്വാസങ്ങള്‍ ആരുടെയോ പ്രിയപ്പെട്ട ഗസലാകുന്നു.
ചുണ്ടിന്‍റെ കോണുകളില്‍ ആരോ ചുംബനം കൊണ്ട് ചിരി വരയ്ക്കുന്നു.
കല്ലും മുള്ളും വഴി മാറിയ പാതയിലേക്ക് മഞ്ഞു പെയ്തിറങ്ങുന്നു.
ആരോ എന്‍റെ പ്രഭാതങ്ങളെ പനിനീര് കുടഞ്ഞുണര്‍ത്തുന്നു.
എന്തിനു ഞാനെന്ന ചോദ്യത്തിന് മേല്‍ ഒരു ഹൃദയം മുറിപ്പെടുന്നു.
ഇരുട്ടിന്‍റെ കോട്ടകള്‍ തകര്‍ത്തൊരു സൂര്യന്‍ എന്‍റെ ഹൃദയത്തില്‍ ഉദിക്കുന്നു.
വെളിച്ചത്തിലാകെ ഭ്രമിച്ച എന്‍റെ മിഴികളെയാരോ ചുംബിച്ചടയ്ക്കുന്നു.
അനേകം ഹൃദയ തടവറകളുടെ ഒറ്റ വാതിലാരോ തകര്‍ത്തെന്‍റെ - 
ചിറകുകളെ സ്വതന്ത്രമാക്കുന്നു...

ദൈവമേ, കാത്തിരിക്കാന്‍ ക്ഷമയുള്ളവനെ...
എന്‍റെയവസാന സങ്കേതം ഞാന്‍ കണ്ടെത്തിയിരിക്കുന്നു..
നിന്റെയിഷ്ടം കൊണ്ട് എന്നെ നീയവനോട് ചേര്‍ത്തു വയ്ക്കുക..
ലോകാവസാനം വരേയ്ക്കും...