Friday, April 29, 2011

നമ്പൂതിരിയട്ട

















ആദ്യം കണ്ടത് അമ്മയാണ്,
അടുക്കള മുറ്റത്ത്‌.
ചെരുവിരലോളം നീളമുമുണ്ട്.
കാലെണ്ണാന്‍ പോയി കണ്ണ് കഴച്ചു.
കാഴ്ചയില്ലെങ്കിലും അതിനു 
കണ്ണുകളുണ്ട്.
എപ്പോഴുമനങ്ങുന്ന രണ്ടു 
കൊമ്പുകളുമുണ്ട്.
മുറ്റത്ത്‌ കിടന്ന ചെരുപ്പെടുത്ത്‌
അമ്മയതിനെ ഞെരിച്ചു കൊന്നു.

നിരുപദ്രവകാരിയായ,
ഒന്ന് തൊട്ടാല്‍ പേടിച്ചു ചുരുളുന്ന 
ഭൂമിയുടെ അവകാശിയെ 
നിര്‍ദ്ദയം കൊന്നതിനു 
അന്ന് മുഴുവന്‍ അമ്മയോട് 
കലഹിച്ചു.

പിന്നെ കണ്ടതു  പെങ്ങന്മാരുടെ,
പഠന മുറിയില്‍..
മഴ പെയ്തു കുതിര്‍ന്ന 
ഓടിന്‍റെ തണുപ്പ് പറ്റിയുറങ്ങി
വീണതാകാം.
ധന ശാസ്ത്ര പുസ്തകത്തില്‍ 
വീണു ചുരുണ്ട പാവത്താനെ 
അമ്മ മുറ്റത്തേക്കിട്ടു 
ചെരുപ്പിട്ട കാലു കൊണ്ട് 
ചവുട്ടിയരച്ചു.

അന്നും അമ്മയോട് പിണങ്ങിയിരുന്നു 
വിശക്കും വരെ.

അന്ന് മുതല്‍,
ചോറും കറിയും വയ്ക്കുന്നത് പോലെ
മുറ്റമടിക്കുന്നത്‌ പോലെ 
കണ്ണീര്‍ പരമ്പരയ്ക്ക് മുന്നിലിരുന്നു 
ഉറക്കം തൂങ്ങുന്നത് പോലെ 
മക്കളുടെ ഭാവിയോര്‍ത്ത് വേപഥു പൂണ്ട്‌
രാവുകളെ പകലാക്കുന്നത് പോലെ
അമ്മയുടെ ദിന ചര്യയായി 
അട്ടയെ കൊല്ലല്‍.

ഇറയത്തും ഇടനാഴിയിലും 
പഠന മുറിയിലും 
ലക്കും ലഗാനുമില്ലാതെ 
എത്രയോ കുരുടന്മാര്‍
എണ്ണമറ്റ കാലുകളുമായി 
വന്നു, അമ്മയുടെ 
ചെരുപ്പിനടിയില്‍ അമര്‍ന്നിരിക്കുന്നു.

ആര്‍ക്കും സ്വീകാര്യനല്ലാത്ത 
പാവത്താന്മാരുടെ 
കൂട്ടകൊല എന്നെ 
അസ്വസ്ഥയാക്കി കൊണ്ടിരുന്നു.
അട്ടകളെ കുറിച്ച് കവിതയെഴുതാനിരുന്ന 
രാത്രിയിലാണ് ആദ്യമായി 
എന്‍റെ മുറിയിലേക്കതു വന്നത്.

ഇളം പച്ച നിറമുള്ള എന്‍റെ 
ചുമരിലിരുന്നു കാഴ്ചയില്ലാത്ത 
കണ്ണ് തുറിച്ചെന്നെ പേടിപ്പിക്കുന്നു.
ഞാന്‍ അമ്മയെ വിളിച്ചു.
കൊതുകിനെ കൊല്ലുന്ന
യന്ത്രക്കോല് കൊണ്ടമ്മ
അതിനെയും കൊന്നു..
അന്നമ്മയോട്‌ പിണങ്ങിയില്ല

എന്‍റെ സ്വപ്നങ്ങളുടെ
ഇളം പച്ച ഭിത്തിയില്‍ ,
എന്‍റെ കിടക്കയില്‍,
പുസ്ത്തകങ്ങളില്‍
തലങ്ങും വിലങ്ങും ഇഴഞ്ഞു 
നടക്കുന്ന അട്ടകള്‍ 
എന്‍റെ ഉറക്കം കെടുത്തി.

ചേതനയറ്റു ചുരുണ്ട് കിടക്കുന്ന 
അട്ടകളില്‍, ഭക്ഷണം തേടുന്ന 
ഉറുമ്പുകളെ പോലെ 
എന്‍റെ ഹൃദയം 
കണ്ണ് തുറന്നു 
കൊമ്പുകള്‍ അനക്കി 
ആറു കാലുകളില്‍ പരതി
നടന്നു തുടങ്ങി. 

Friday, April 22, 2011

യൂസുഫേ, സ്വപ്നങ്ങളുടെ കൂട്ടുകാരാ...












യൂസുഫേ*,
സ്വപ്നങ്ങളുടെ കൂട്ടുകാരാ..
കഴിയുമെങ്കില്‍ സ്വര്‍ഗ്ഗ വാസത്തിനു അവധി 
കൊടുത്തു നീ ഭൂമിയിലേക്ക്‌ വരിക.
എന്‍റെ പക്കല്‍ നൂറു നൂറു സ്വപ്‌നങ്ങള്‍ ഉണ്ട്.
മറ്റാരോടും പങ്കു വയ്ക്കാനാഗ്രഹിക്കാത്തവ.

ബാല്യത്തില്‍ നിന്‍റെ സ്വപ്നത്തിന്‍റെ നേരറിഞ്ഞു
നിന്നെ കിണറ്റില്‍ തള്ളിയ സോദരന്മാരുടെ
സ്വാര്‍ത്ഥതയല്ല എനിക്ക് ചുറ്റും..
എന്‍റെ സ്വപ്നങ്ങളെ വട്ടുകളെന്നു
പരിഹസിക്കുന്ന സ്നേഹശൂന്യമായ 
ഊഷ്ണ ഹൃദയങ്ങളാണ്...

ദൈവത്തിനേറെ പ്രിയമുള്ളവനെ, യൂസുഫേ.. 
എന്നരികില്‍ വരിക..
ഞാനെന്‍റെ സ്വപ്നങ്ങളെ കുറിച്ച് പറയട്ടെ..?
നക്ഷത്രങ്ങളെയാണ്‌ സ്ഥിരമായ്‌ കാണാറ്..
പക്ഷെ നിന്നെ വണങ്ങിയിരുന്നത് പോലെയല്ല
എന്നോടവ കുസൃതി കാട്ടുകയാണ്..
വെള്ളി ചിറകുകളുള്ള വര്‍ണ നക്ഷത്രങ്ങളെ 
സ്വപ്നങ്ങളിലോ സ്വര്‍ഗത്തിലോ നീ കണ്ടിട്ടുണ്ടോ?
എന്നിക്ക് ചുറ്റുമവ നൃത്തം ചെയ്യുകയാണ്
യൂസുഫേ, പറയൂ എന്താണീ സ്വപ്നത്തിന്‍റെ പൊരുള്‍?

നക്ഷത്രങ്ങള്‍ മങ്ങി തെളിയുന്ന ദിവസങ്ങളില്‍ 
എന്‍റെ സ്വപ്നങ്ങളില്‍ വസന്തമാണ്.
കാലില്ലാത്ത ഉറുമ്പുകള്‍ പുഴുക്കളെ 
പോലെ വന്നെന്‍റെ വസന്തത്തെയാകെ
മൂടുന്നതിന്‍റെ അര്‍ത്ഥമെന്ത്?

സുതാര്യമായ ചിറകുകളുള്ള ശലഭങ്ങള്‍ 
ഉറുമ്പുകള്‍ക്ക് മേല്‍ തപസ്സു ചെയ്യുന്നതും 
എന്‍റെ പൂന്തോട്ടത്തിലെ വിളക്കുകാലില്‍ 
ചാരിയിരുന്നു ഒരു മാലാഖ ഉറങ്ങുന്നതും
കണ്ടു എന്‍റെ ഉറക്കം ഞെട്ടുന്നു..
യൂസുഫേ, വരിക എന്‍റെ സ്വപ്‌നങ്ങള്‍ 
എടുത്തു കൊള്‍ക..

അക്ഷരങ്ങള്‍ എനിക്ക് ചിറകാകുന്നതും
അക്കങ്ങള്‍ എനിക്ക് വേരാകുന്നതും
പറക്കാനകാതെ തളിര്‍ക്കാനാകാതെ
ഞാന്‍ പകച്ചു നില്‍ക്കുന്നതും മറ്റൊരു സ്വപ്നം..

എന്‍റെ പിതാവിന്‍റെ കണ്ണുനീര്‍ തുള്ളി
പ്രളയമായി എന്‍റെ ഹൃദയത്തെ മുക്കി കളയുന്നു..
ഇനിയുമെനിക്ക് മനസിലാകാത്ത എത്രയോ സ്വപ്‌നങ്ങള്‍..

യൂസുഫേ, ദൈവത്തോടനുവാദം വാങ്ങി 
ഒരിക്കല്‍ കൂടി വരിക ഭൂമിയില്‍..

പക്ഷമൊടിഞ്ഞ എന്‍റെ സ്വപ്നങ്ങളൊക്കെയും 
ഗുരു എന്നില്‍ നിന്നും കുടിയിറക്കും മുന്‍പ്‌ നീ വരിക..
പൊരുള്‍ പറയുക എന്‍റെ സ്വപ്നങ്ങളുടെ..


*യൂസുഫ്: സ്വപ്ന വ്യാഖ്യാനം നടത്താന്‍ കഴിവുണ്ടായിരുന്ന, ഈജിപ്തില്‍ ജീവിച്ചിരുന്നു എന്ന് ബൈബിളിലും ഖുരാനിലും പറയുന്ന, സുന്ദരനായ പ്രവാചകന്‍.

Saturday, April 16, 2011

സ്(മരണ)ക്കല്ല്


















നഗരത്തിലേക്കുള്ള പാതയരിക് 
അതിരിടുന്ന ചെമ്മണ്ണു വിരിച്ച മുറ്റം,
എല്ലായ്പ്പോഴും തുറന്നു കിടക്കുന്ന 
ഉയരം കുറഞ്ഞ വാതിലും,
എപ്പോഴുമടഞ്ഞു കിടക്കുന്ന 
ജനാലകളുമുള്ള ചെറിയ വീട്.
അവിടെയാണയാളുടെ രാപ്പകലുകള്‍ 
വിടരുകയും തളിര്‍ക്കയും കൊഴിയുകയും 
ചെയ്യുന്നത്..

കല്ലറയിലേക്കിനിയും മാറ്റിയിട്ടില്ലാത്ത 
സ്മരണക്കല്ലുകളാണയാള്‍ക്ക് കൂട്ടുകാര്‍ 
അരണ്ട വെളിച്ചത്തിലിരുന്നു, താളത്തിലയാള്‍
മരിച്ചവരുടെ പേരുകള്‍ കൊത്തും 
ഉറങ്ങുമ്പോള്‍ ഒഴികെ അയാള്‍ സംസാരിച്ചു 
കൊണ്ടേയിരിക്കും, മരിച്ചവരോട്..
സ്മരണക്കല്ലുകളോട്.. 

വീടിനടുത്തുള്ള പള്ളിയില്‍ മരണ മണി 
മുഴങ്ങുമ്പോള്‍ അയാള്‍ ആഹ്ലാദിച്ചു.
എങ്കിലും, പേരും മറ്റു വിവരങ്ങളും 
കൈമാറാനെത്തുന്ന ബന്ധുക്കളെ 
നിറഞ്ഞ കണ്ണുകളോടെതിരേറ്റു.
കല്ലറയിലേക്ക് മാറ്റപ്പെടുന്ന 
സ്മരണക്കല്ലുകള്‍ അയാള്‍ക്ക്‌ നോവാണ്.
ഓരോ സുഹൃത്തിന്റെയും മരണമാണ്,
അയാള്‍ക്കത്.
എന്നാലും കല്ല്‌ കൊണ്ട് പോകാന്‍ വരുന്ന 
ഉറ്റവരെ അയാള്‍ പുഞ്ചിരിയോടെ യാത്രയാക്കും.
കാശ് വാങ്ങി യേശുവിന്‍റെ ക്രൂശിത രൂപത്തിന് 
മുന്നില്‍ വയ്ക്കും.

പേര് കൊത്താന്‍ ഏല്പിച്ചു നാളേറെയായിട്ടും
ആരുമാന്വേഷിച്ചെത്താത്ത ജോസെഫിന്‍റെ കല്ലായിരുന്നു
അയാളുടെ അടുത്ത ചങ്ങാതി.
ജോസെഫിനോടിണങ്ങിയും പിണങ്ങിയും 
പേര് കൊത്തി കടന്നു പോയ ദിനരാത്രങ്ങള്‍ 
ആയിരുന്നു അയാളേറെ ആസ്വദിച്ചവ.
'എന്‍റെയപ്പന്‍റെ കല്ല്‌ കൊത്തി കഴിഞ്ഞില്യോന്നു'
ചോദിച്ചയാള്‍ വരും വരേയും ആ സൌഹൃദം 
തുടര്‍ന്നു.
അന്നയാള്‍ കല്ല്‌ കൈമാറുമ്പോള്‍ പുഞ്ചിരിച്ചില്ല..
കാശ് വാങ്ങിയില്ല..
പേര് കൊത്താതെ, കൂട്ടുകാരോട് സംസാരിക്കാതെ
ആ രാത്രി മുഴുവന്‍ ഇരുള്‍ വീണ ഉള്‍മുറിയിലയാള്‍
ജോസെഫിനെയോര്‍ത്തു കിടന്നു..

അടുത്ത ആഴ്ച മുതല്‍ എല്ലാ  ഞായറാഴ്ചയും 
ജോസെഫിന്‍റെ കുഴിമാടത്തില്‍ വയലെറ്റു പൂക്കളും
മെഴുകുതിരിയും പ്രത്യക്ഷമായി തുടങ്ങി..
ചെമ്മണ്ണു വിരിച്ച മുറ്റമുള്ള ആ ചെറിയ 
വീട് ഓരോ മരണ മണിയ്ക്കൊപ്പവും
വിറയ്ക്കാന്‍ തുടങ്ങി..

Friday, April 8, 2011

സൂര്യനെ പ്രണയിക്കുന്ന പെണ്‍കുട്ടി
















ഇരവിന്‍റെ ദൈര്ഘ്യമറിയാതവള്‍
വിരഹത്താല്‍ ഉരുകിയുരുകി കരഞ്ഞു..

വെളുപ്പിനെയെഴുന്നേറ്റു കണ്ണ് 
തുടച്ചു, കിഴക്കോട്ടു നടന്നു...

കാടും മേടും താണ്ടി കിതപ്പിനിടയിലും 
പുഞ്ചിരിച്ചു കൊണ്ടവള്‍ കുന്നു കയറി...

വെയില് കനത്തു ,തീച്ചുംബനമേറ്റവള്‍
തളര്‍ന്നു വിയര്‍ത്തു...

ഉച്ചയായപ്പോളവള്‍ മുകളിലേക്ക് 
നോക്കി നെടുവീര്‍പ്പിട്ടു..

ചിറകു തരാത്ത ദൈവത്തെ പഴിച്ചവള്‍
കുന്നിന്‍ മുകളില്‍ തളര്‍ന്നിരുന്നു..

വെയില് താണപ്പോള്‍, കിതപ്പറ്റപ്പോള്‍ 
കുന്നിറങ്ങി പടിഞ്ഞാറോട്ട് നടന്നു..

നടന്നുമോടിയും കാല്‍ കുഴഞ്ഞവള്‍
ചക്രവാളം മാത്രം ലകഷ്യമാക്കി..

ചെന്താമര പോല്‍ സൂര്യന്‍ കടലില്‍ താഴുന്നത് 
കണ്ടവള്‍, യാത്ര തുടങ്ങിയേടത്തു തന്നെ തരിച്ചിരുന്നു..

അവള്‍ കരച്ചിലടക്കി ചോദിച്ചു,താരകളേ വാനമേ
കാണുന്നുണ്ടോയെന്റെ അര്‍ക്കനെയെങ്ങാന്‍?

ആകാശത്തിന്‍റെ നിശബ്ദത അവളെ ഭയപ്പെടുത്തി..
പിന്നെ പുലരുവോളം കരച്ചിലായ്..   

Friday, April 1, 2011

പുസ്തകം

മുത്തശ്ശി എല്ലാ ആഴ്ചയും 
മുടങ്ങാതെ കൊടുത്തിരുന്ന അഞ്ചു രൂപാ 
നാണയങ്ങള്‍ എല്ലാം ചേര്‍ത്ത് വച്ച് 
എണ്ണി തിട്ടപ്പെടുത്തി, എണ്‍പത് രൂപയുണ്ട്
നാല് മാസത്തെ കൂട്ടി വയ്പ്പ്.

അമ്മ ദിവസവും വഴി ചിലവിനു 
നല്‍കിയിരുന്നതില്‍ നിന്നും മാറ്റി വച്ച 
ഒറ്റ രൂപാ തുട്ടുകള്‍ അടക്കം ചെയ്ത 
മണ്കുടുക്ക പൊട്ടിച്ചു നോക്കി; നൂറു തികച്ചുണ്ട് 
ഇത് നാല് മാസത്തെ കരുതല്‍.

നാളിതു വരെ നടന്ന വഴികളില്‍ 
നിന്നും പെറുക്കിയെടുത്തു സൂക്ഷിച്ച 
മഞ്ചാടിക്കുരുവെല്ലാം പെങ്ങള്‍ക്ക് കൊടുത്തിട്ട് 
സ്വന്തമാക്കിയ പണപ്പെട്ടിയില്‍ മുപ്പതു രൂപ 
അവളുടെ സ്വകാര്യാഹ്ലാദത്തിന്റെ വില.
ചെരുപ്പ് വാങ്ങാന്‍ അച്ഛന്‍ കൊടുത്ത 
നൂറ്റിയന്പതു കയ്യിലുണ്ട്.
ബാക്കിയറുപതുണ്ടാകും 
ഇതില്‍ നിന്നും തൊണ്ണൂറെടുത്താലും 
പൊട്ടിയ ചെരുപ്പ് തുന്നിക്കാനത്‌ ധാരാളം.
അങ്ങനെ മുന്നൂറു തികഞ്ഞു 
ഇനി പുസ്തക ശാലയിലേക്ക് 

അവളുടെ പ്രാര്‍ഥന;
ദൈവമേ എന്‍റെ പ്രിയ കഥാകാരന്‍റെ
ആദ്യ നോവല്‍ തീര്‍ന്നു പോയിട്ടുണ്ടാകരുതേ..